ദേവി കണ്ണീർ തുടച്ചു.
“നമ്മൾ വൈകും അനൂ ,നിന്റെ പ്രണവ് നിന്നെ കാണാതെ വഴക്കുണ്ടാക്കും,നമുക്ക് പെട്ടെന്ന് പോകാം.”
ദേവി കാർ സ്റ്റാർട്ടാക്കാൻ തുടങ്ങി.അനുപമ അവളുടെ കയ്യിൽ പിടിച്ചു.
“ദേവീ,എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.”
“എന്താണ് പെണ്ണേ.”
“പ്രണവിന്റെ കാര്യമാണ്.ഞങ്ങളുടെ ഇടയിൽ ചില പ്രശ്നങ്ങൾ ..”
“ഓ ആ പുതുമുഖ നടിയെക്കുറിച്ചാണോ? നിനക്ക് വേറെ പണിയൊന്നുമില്ലേ ഇതൊക്കെ വിശ്വസിക്കാൻ ,ആ സിനിമ മാഗസിൻകാർ കൂടുതൽ വിറ്റഴിക്കാൻ വേണ്ടി മസാലക്കഥകൾ എഴുതി വിടും.പ്രണവിനെ സംബന്ധിച്ച് നല്ല പോപ്പുലാരിറ്റിയുള്ള നടൻ,നല്ല അഭിനയം,ചെറുപ്പം,സുന്ദരൻ.അപ്പോൾ അയാളുടെ കഥകൾക്ക് മാർക്കറ്റ് കൂടും.നിനക്കവനെ പതിനാറ് വർഷമായി അറിയുന്നതല്ലേ.രണ്ട് പേരും എത്ര വർഷം പ്രണയിച്ചു നടന്നതാണ്.എന്നിട്ടും നിനക്കവനെ സംശയമാണോ അനൂ.? അഭിനയമാണ് മോളെ അവന്റെ തൊഴിൽ.”
“നീ വിചാരിക്കുന്നത് പോലെയല്ല ദേവീ…എനിക്കറിയാം,അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു.അല്ല ഇങ്ങോട്ട് ഉണ്ടോയെന്ന്,അതെനിക്കുറപ്പില്ല,പക്ഷെ പ്രണവിന് അവളോട് പ്രണയമായിരുന്നു.സാധാരണ പ്രണവ് രണ്ട് ഫോൺ ഉപയോഗിക്കാറുണ്ട്.ഒന്ന് പ്രൈവറ്റ് ആവശ്യത്തിനും മറ്റൊന്ന് തൊഴിലാവശ്യത്തിനും,കൂടാതെ അവൻ്റെ മാനേജരുടെ കയ്യിലുമുണ്ട് രണ്ട് ഫോണുകൾ.
ഞാൻ എന്റെ ഇരട്ടക്കുഞ്ഞുങ്ങളെ ഗർഭിണിയായിരുന്ന സമയത്ത്, രാത്രിയിൽ എനിക്ക് ഉറക്കം തീരെ കുറവായിരുന്നു എന്നറിയാമല്ലോ.അവസാന മാസങ്ങളിൽ കിടക്കാനേ പറ്റില്ല എന്ന അവസ്ഥ,കിടന്നാൽ ശ്വാസം മുട്ടൽ ഉണ്ടാകും.ഞാൻ ഈസി ചെയറിൽ ഇരുന്നാണ് മയങ്ങിയിരുന്നത്.ആയിടെ പ്രണവിന്റെ കയ്യിലൊരു പുതിയ ഐ ഫോൺ കണ്ടിരുന്നു ,പ്രവാസിയായ ഒരു ആരാധകൻ സമ്മാനിച്ചതാണെന്നു പറഞ്ഞു അവൻ എന്നെ കാണിച്ചിരുന്നു. എന്റെ കണ്ണ് വെട്ടിച്ചു പ്രണവ് എപ്പോഴും ആ ഫോണിലായിരുന്നു.ഞാൻ ഉറങ്ങുമ്പോൾ ആരുമായോ ചാറ്റിങ്ങും വീഡിയോ കോളും കൊഞ്ചലും .ആദ്യമൊന്നും എനിക്ക് സംശയം തോന്നിയിരുന്നില്ല.. പിന്നെ… പിന്നെ എനിക്ക് സംശയം തോന്നി.”
“പിന്നെന്താടീ ഉണ്ടായത്…”
“അവളുടെ നഗ്നമായ ചിത്രം ഞാൻ ആ ഫോണിൽ കണ്ടതാണ്,അവൻ ഫോൺ ലോക്ക് ചെയ്യാൻ മറന്ന് പോയി.അവരുടെ ഇടയിൽ എന്തോ ഉണ്ട്,അതെനിക്കറിയാം.ഈയിടെയായി അവരുടെ ബന്ധം തകർന്ന പോലെ തോന്നാറുണ്ട്.പുറമെ ഒന്നും ഞാൻ പ്രകടിപ്പിച്ചിരുന്നില്ലായെങ്കിലും രഹസ്യമായി പ്രണവിനെ നിരീക്ഷിച്ചിരുന്നു..”
“ഇപ്പോൾ അങ്ങനെയൊന്നുമില്ലല്ലോ പിന്നെന്താ അനൂ,ഒരു അബദ്ധമായി കരുതി അവനോട് ക്ഷമിക്കു,ഞാൻ നിന്നെ ഒന്നിനും നിർബന്ധിക്കില്ല, നിന്റെ ജീവിതമാണ്,നിനക്കവനോട് ക്ഷമിക്കാൻ കഴിയുമെങ്കിൽ….നിന്റെ കുട്ടികൾക്ക് അവരുടെ അച്ഛനെ ആവശ്യമുണ്ട്.നല്ല പോലെ ആലോചിച്ചു മാത്രമേ ഒരു തീരുമാനമെടുക്കാൻ പാടുള്ളു.എടുത്തുചാട്ടം വേണ്ട.”
“അതല്ല ഞാൻ പറഞ്ഞു വന്നത്,ഞാൻ പ്രണവിനോട് അതിനെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല.ഒരിക്കൽ സിനിമ മാഗസിനിലെ ഒരു ഫോട്ടോ ഞാനവനെ കാണിച്ചു കൊടുത്തു.അവൻ്റെയൊരു ലിപ് ലോക്ക് സീനായിരുന്നു അത്.അന്ന് പ്രണവ് അത് ചിരിച്ചു തള്ളി,എന്നിട്ട് എന്നോടിങ്ങനെ പറഞ്ഞു,ഇതൊക്കെ സിനിമയിൽ അല്ലേ ,അഭിനയമല്ലേ എല്ലാം.നിനക്കറിയില്ലേ ഈ ഫീൽഡിൽ ഗോസിപ്പുകൾ കൂടുതലാണെന്ന് ,അത് കൊണ്ട് സിനിമയിൽ ഇത്തരം ചിത്രങ്ങളൊന്നും ആരും ഗൗനിക്കാറില്ല,എന്താ നിനക്കെന്നെ സംശയമാണോ അനൂ ?”
“എന്നിട്ടു നീ എങ്ങനെ പ്രതികരിച്ചു? നിനക്കൊന്നും അങ്ങനെ ഉള്ളിൽ ഒതുക്കാൻ കഴിയില്ലല്ലോ .”
“ഞാൻ അത് ചിരിച്ചു തള്ളി,മറുപടി ഒന്നും നൽകിയില്ല.എന്റെ കുട്ടികൾക്ക് അവരുടെ അച്ഛനെ ആവശ്യമാണ്,എനിക്ക് ഒരു ഭർത്താവിനെയല്ല ആവശ്യം.”
“അപ്പോൾ നിനക്കു പ്രശ്നമൊന്നുമില്ല അല്ലേ.അല്ലെങ്കിലും തെറ്റ് ചെയ്യാത്തവർ ആരുമില്ല അനൂ,നിന്റെ ഈ നല്ല മനസ്സ് പ്രണവ് തിരിച്ചറിയും.”
“എന്റെ ഇപ്പോഴത്തെ പ്രശ്നം അതല്ല ദേവി.പക്ഷെ അത് ശരിയാണോയെന്ന് എനിക്കറിയില്ല. നിന്നോട് അത് പറയാനുള്ള ധൈര്യവുമില്ലായെനിക്ക് .”
“എന്തായാലും നീ പറയൂ.”
“നിങ്ങളുടെ വിവാഹത്തിന് മുൻപ് ,നിധിനെ ഞങ്ങളുടെ വീട്ടിൽ ഒളിപ്പിച്ച സമയത്ത് ,ഒരു രാത്രിയിൽ പ്രണവ് ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങി വന്നത് ഓർമ്മയില്ലേ,അന്ന് നിധിനെ സെറ്റിലെ മേക്കപ്പ് വാനിൽ ഒരു അജ്ഞാത കേന്ദ്രത്തിൽ ഒളിപ്പിക്കാമെന്ന് പ്രണവ് പറഞ്ഞിരുന്നില്ലേ,ആ ദിവസം പ്രണവ് ആരെയോ ഫോണിൽ വിളിച്ചിരുന്നു.അന്ന് ഞാൻ അതിന് വലിയ പ്രാധാന്യം കൊടുത്തില്ല.മേക്കപ്പ് അസിസ്റ്റന്റ് രാജ എന്നൊരാളുടെ പേര് പറഞ്ഞത് ഞാൻ ഓർക്കുന്നു.ആ പേര് പിന്നീട് പലതവണ ഞാൻ കേട്ടിരുന്നു.ഷൂട്ടിംഗ് സെറ്റിലെ ഒരാളെ അന്ന് രാത്രി പ്രണവ് വിളിച്ചതെന്തിനാണ്,അയാളോട് നിധിനെക്കുറിച്ചു പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്.അന്നെനിക്ക് സംശയം ഒന്നും തോന്നിയില്ല.പക്ഷെ ഇപ്പോൾ പ്രണവിന് പുതിയ ഐ ഫോൺ സമ്മാനിച്ചത് രാജ ആണെന്നറിഞ്ഞപ്പോൾ,അയാൾ ഏഴെട്ട് മാസമായി ഗൾഫിലുണ്ട് എന്നറിഞ്ഞപ്പോൾ എനിക്കെന്തോ ഒരു സംശയം.നിധിന്റെ തിരോധാനത്തിൽ പ്രണവിന് പങ്കുണ്ടാകുമോ? അങ്ങനെ ഉണ്ടെങ്കിൽ..എനിക്കുറപ്പില്ല,വെറും സംശയം മാത്രമാണ്.നിന്നോട് അത് പങ്ക് വയ്ക്കാതിരിക്കാൻ എനിക്കാവുന്നില്ല.”
“ഏയ് അങ്ങനെ ഒന്നും ഉണ്ടാകില്ലടീ.ഇനി അങ്ങനെ ഉണ്ടെങ്കിൽ …അനൂ നീ പ്രണവിനെ എന്നന്നേക്കുമായി മറക്കേണ്ടി വരും.”
ദേവി കൈകൾ കൂട്ടി തിരുമ്മി.
“പ്രണവിനെ ജീവനോടെ എനിക്ക് തിരികെ തരണേ ,എന്റെ കുട്ടികൾക്ക് അച്ഛനെ വേണം.”
ദേവി കാർ സ്റ്റാർട്ടാക്കി.
ദേവിയുടെ നിശബ്ദത അനുപമയെ ഭയപ്പെടുത്തി.
“ദേവി എന്റെ കയ്യിൽ തെളിവൊന്നുമില്ല.പക്ഷെ അങ്ങനെ ഒരു തെറ്റ് പ്രണവ് ചെയ്തിട്ടുണ്ടെകിൽ ഞാൻ നിന്റെ ഒപ്പം നിൽക്കും,എന്നെ ചതിച്ചവനെ ജീവച്ഛവമായിട്ടെങ്കിലും തിരികെ..”
ദേവി സമനില തെറ്റിയവളെ പോലെ വളരെ വേഗതയിൽ വണ്ടിയോടിച്ചു കൊണ്ടിരുന്നു.അനുപമ എന്തൊക്കെ ചോദിച്ചിട്ടും ദേവി പിന്നീട് പ്രതികരിച്ചില്ല.അനുപമയുടെ വീടിനു മുന്നിൽ കാർ നിർത്തുമ്പോൾ ദേവിയുടെ മുഖം ചുവന്നു തുടുത്തിരുന്നു.അനുപമ ദേവിയുടെ കയ്യിൽ പിടിച്ചു യാത്ര ചോദിച്ചു.ഗൗരവം വിടാതെ ദേവി ഇങ്ങനെ മറുപടി പറഞ്ഞു.
“ആലോചിച്ചപ്പോൾ എനിക്കും സംശയമുണ്ട്,ഞങ്ങളുടെ വിവാഹരാത്രിയിൽ ഞങ്ങൾ കഴിഞ്ഞ വീട് എവിടെയാണെന്ന് നിനക്ക് പോലും അറിയില്ലായിരുന്നു. ഞാൻ ,നിധിൻ,രാഹുൽ പിന്നെ പ്രണവ് ,നാലു പേർക്ക് മാത്രമേ രാഹുലിന്റെ സുഹൃത്തിന്റെ ആ വീടിനെ കുറിച്ച് അറിയാമായിരുന്നുള്ളൂ.പക്ഷെ ഞങ്ങളുടെ കാറിനെ പിന്തുടർന്നവർക്കെങ്ങനെ ആ ലൊക്കേഷൻ കണ്ടു പിടിയ്ക്കാൻ കഴിഞ്ഞുവെന്ന്.സംശയമുണ്ട്?എന്തായാലും നീ ഇതിനെക്കുറിച്ചു കൂടുതൽ ചിന്തിക്കേണ്ട.”
“ഇല്ലടീ .”
“നിനക്കെന്നോടുള്ള സ്നേഹം ആത്മാർത്ഥമാണേൽ അനൂ,”
“എന്താ ദേവി, നിന്നോട് സ്നേഹവും നന്ദിയും ഉണ്ട്.അതല്ലേ ഞാൻ നിന്നോട് എന്റെ സംശയം തുറന്നു പറഞ്ഞത്.”
“നീ ഇനിയും പ്രണവിനെ സംരക്ഷിച്ച് കൊണ്ട് നിരീക്ഷിക്കണം,ഒരു പക്ഷെ എന്തെങ്കിലും ക്ലൂ കിട്ടിയാൽ എനിക്കെന്റെ നിധിനെ മടക്കി കൊണ്ട് വരാൻ കഴിഞ്ഞാലോ ,എന്തെങ്കിലും ഒരു സൂചന കിട്ടിയാലോ .”
അനുപമയോട് യാത്ര പറഞ്ഞു ദേവി നേരെ പോയത് രാഹുലിനെ കാണാനാണ് .അവധി ദിവസമായതിനാൽ രാഹുൽ വീട്ടിൽ തന്നെ ഉണ്ടായിരുന്നു .തുണി അലക്കി കൊണ്ടിരുന്ന രാഹുൽ കൈ കഴുകി മുണ്ടിൽ തുടച്ച്,ഒരു ഷർട്ട് എടുത്തിട്ട് ഉമ്മറത്തേക്ക് വന്നു.
“ചേച്ചിയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ..വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വന്നേനെയല്ലോ.”
ദേവി രാഹുലിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു ,പരാജയപെട്ടു.
“നമ്മുടെ ആതിര വക്കീലിനെ ഇങ്ങോട്ടു വിളിച്ചു കൊണ്ട് വരാൻ സമയമായില്ലേ.ചെക്കൻ ഒറ്റയ്ക്ക് തുണിയൊക്കെ അലക്കി തളർന്നല്ലേ.”
ചിരിക്കുന്ന മുഖത്തിന്റെ പിന്നിൽ അവൾ ഒളിപ്പിച്ചു വച്ച സങ്കടങ്ങൾ രാഹുലിന് മനസിലായി.
“എന്താ ചേച്ചി ഒരു വിഷമം.”
രാഹുൽ എപ്പോഴും അങ്ങനെയാണ്.ദേവിയെ അവൻ സ്വന്തം സഹോദരിയെ പോലെ സ്നേഹിക്കുന്നു.
“രാഹുൽ ,നിധിന്റെ തിരോധാനം, അന്വേഷിക്കണം ,പിന്നിട്ട വഴികളിലൂടെ നമുക്ക് ഒന്നും കൂടെ സഞ്ചരിക്കണം,ആരാണ് നമ്മുടെ കൂടെ നിന്ന് ചതിച്ചത് എന്ന് കണ്ടു പിടിക്കണം.”
“ചേച്ചിയ്ക്ക് ആരെയെങ്കിലും സംശയമുണ്ടോ?”
ഉണ്ടെന്നു ദേവി തലയാട്ടി.
“നമ്മൾ മൂന്നുപേരുമല്ലാതെ നമ്മുടെ എല്ലാ പ്ലാനുകളും അറിയാമായിരുന്ന ഏക വ്യക്തി പ്രണവ് ആയിരുന്നല്ലോ ,ഇനി അയാളെങ്ങാനും..”
“പക്ഷെ നിധിനെ കാണാതായത് ഗൾഫിൽ വച്ചല്ലേ.ആ യാത്രയൊന്നും പ്രണവിന് അറിവുണ്ടായിരുന്നില്ലല്ലോ ,മാത്രമല്ല പ്രണവിന് നിധിനോട് യാതൊരു ശത്രുതയുമില്ല.അപ്പോൾ പിന്നെ നമ്മൾ എന്തിനാണ് പ്രണവിനെ സംശയിക്കുന്നത്? അപ്പോൾ അജ്മലിനേയും അൻവറിനേയും നമ്മൾ സംശയിക്കേണ്ടി വരില്ലേ ചേച്ചി.”
“അതല്ല രാഹുൽ ,നീ നിന്റെയാ രഹസ്യ സുഹൃത്തിനെ ഒന്ന് വിളിക്കു,നിന്റെ രഹസ്യചാരനായ ആ പയ്യനെ വിളിക്കു,നിന്റെ ന്യൂസ് പേപ്പർ ബോയിയെ വിളിക്കൂ.ഒരു കാര്യം പറയണം,പ്രണവിനെ ഒന്ന് നിരീക്ഷിക്കാൻ,എത്ര തുക വേണേലും നമുക്ക് കൊടുക്കാം.ആ പഴയ പ്രൈവറ്റ് ഡിറ്റക്റ്റീവ് ചെയ്ത പോലെ കുറച്ചു വീഡിയോസ് അയച്ചു തന്നു കാശും വാങ്ങി പോകില്ലല്ലോ.എനിക്ക് ക്ലിയർ എവിഡൻസ് വേണം.”
“അയാളെ അത്ര പെട്ടെന്നൊന്നും കിട്ടില്ലല്ലോ ചേച്ചി.എന്തായാലും ഞാൻ ശ്രമിക്കാം “
രാഹുലിനോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ദേവിക്ക് ആശ്വാസം തോന്നി.എല്ലാ കാര്യങ്ങളും രാഹുലിനറിയാം.ഒരു കൊല നടന്നത് രാഹുലിൽ നിന്നും മറച്ചിരുന്നു.അന്ന് നിധിൻ ചെയ്ത ആ വിൽഫ്രഡിൻ്റെ കൊലപാതകം അശോകദാസിനും ദേവിയ്ക്കും മാത്രമേ അറിയൂ.
ദേവിയെ കാത്ത് സഞ്ജീവിൻ്റെ വാട്ട്സാപ്പ് സന്ദേശങ്ങൾ കാത്തിരുന്നു.
“ഒരായുധവുമില്ലാതെ പ്രേമത്താൽ നീ എന്നെ എത്ര വേഗം കീഴ്പ്പെടുത്തി കളഞ്ഞു.ഞാനിപ്പോൾ നമുക്കായി ജീവിയ്ക്കാൻ തുടങ്ങിയിരിക്കുന്നു.”
ദേവിയ്ക്ക് നിരാശ തോന്നി.ഇയാളിത് എന്തിനുള്ള പുറപ്പാടാണ്.താൻ കാണിച്ച മണ്ടത്തരത്തിന് വലിയ വില നൽകേണ്ടി വരുമോ.തൻ്റെ ലക്ഷ്യത്തിന് മുന്നിൽ ഇയാളൊരു തടസ്സമായാൽ…
(തുടരും…..)
✍️✍️നിഷ പിള്ള


2 Comments
👌👍
നല്ല കഥ. അഭിനന്ദനങ്ങൾ