സമയസൂചി
പിന്നോട്ട് തിരിച്ച്
ഒന്ന് കൂടി സ്കൂളിൽ
പോകണം.
ജീവതമെന്നാൽ
സുഖ സുതാര്യ വെളുപ്പും
ദുഃഖത്തിന്റെ കടുപ്പവുമാണെ
ന്നോർത്തുകൊണ്ട്
യൂണിഫോമിടണം.
പെണ്ണായതു കൊണ്ട്
ഇഷ്ടമില്ലായ്മയെ
വരിഞ്ഞു മുറുക്കി
കെട്ടി പിങ്ക് റിബ്ബൻ
കൊണ്ടലങ്കരിക്കണം.
ആത്മ വിശ്വാസത്തിന്റെ
ആദ്യ പാഠം
പഠിപ്പിച്ച
സിസിടി
യാത്രക്കാരിയാകണം.
വെളുത്ത് തേഞ്ഞൊരു
പത്ത്പൈസത്തുട്ട്.
ഉത്തരവാദിത്വ
ബോധത്തിന്റെ
ആദ്യ കൈയ്യൊപ്പ്.
കണക്കിന്റെ കടുപ്പ
പട്ടാണി തുപ്പിക്കളഞ്ഞു
മലയാളപദ്യത്തിന്റെ
അല്ലിനാരങ്ങാ
നുകരണം.
പുഴുങ്ങിയ
ചെറുപയർ മണമുള്ള
ഉച്ചനേരങ്ങളിൽ
എന്റെ രഹസ്യനെല്ലിക്കാചമ്മന്തി
അവൾക്ക് കൊടുത്തിട്ട്
അവളിൽ നിന്ന്
എന്തെങ്കിലും
അടർത്തിയെടുക്കണം.
ഗോവണി താഴെ
നിന്ന് ഒരു നോട്ടത്തിന്റെ
പാരിസ് മിടായി
വാങ്ങണം.
ഇതിനോളം മധുരമുള്ളതൊന്നും
ജീവിതത്തിൽ ഉണ്ടായിട്ടിട്ടല്ല
എന്നു അവനോട് കുറ്റസമ്മതം നടത്തണം.
ഭൂതത്തിന്റെ പേടിയില്ലാതെ
ഭാവിയുടെ ആകുലതകളില്ലാതെ
വർത്തമാനത്തിലലിയണം.
എന്നിട്ടെന്നിട്ടെന്നിട്ട്,
അത്രമേൽ
മധുരമുള്ളയെന്നേ
അതിലേറെ മണമുള്ളൊരേന്നെ
അവിടെ മറന്നുവെച്ചുതിരിഞ്ഞു നടക്കണം.
തിരിച്ചാരും
വിളിക്കില്ലായെന്നറിയാമെങ്കിലും
തിരികെ
നടക്കാനാവില്ലെന്നറിയാമെങ്കിലും
ഇടയ്ക്കിടെ ഇതൊക്കെയോർത്ത്
ഒരു കൊതി പായസമുണ്ടാക്കണം.
… ❤Sreeja❤…..


4 Comments
സ്കൂളിലേക്ക് പോയ് വന്നു.
മനോഹരം.👍
ഒരുവട്ടം കൂടിയ പഴയ വിദ്യാലയത്തിരുമുറ്റത്തു എത്തിച്ചു നിങ്ങൾ…. ❤️❤️
Nostu വരികള്‍ 👌👌😍😍
വീണ്ടുമൊന്നു സ്ക്കൂളിലേക്കു പോയതുപോലെ. പച്ചപ്പാവാടയും ബ്ലൗസുമിട്ട് പച്ച റിബണുംമുടിയിൽ കെട്ടി അസംബ്ലിയിൽ നിൽക്കണം❤️❤️
വളരെ ഇഷ്ടമായി.അഭിനന്ദനങ്ങൾ👌🌷❤️