മനുഷ്യശക്തിയുടെ പൂർണ്ണമായ ഉപയോഗം നടന്നിരുന്ന കാലത്തുനിന്നും പടിപടിയായി മാറ്റങ്ങളിലൂടെ ഇന്നത്തെകാലത്തു വന്നു നിൽക്കുമ്പോൾ ഒരു തിരിഞ്ഞുനോട്ടമാവാമല്ലേ.
നാൽക്കാലികളിൽ നിന്നും ഇരുകാലികളിലേക്കുള്ള പരിണാമം. അതിനപ്പുറം സുപ്രധാനമാറ്റമായിരുന്നു അഗ്നിയുടെ കണ്ടുപിടുത്തം. അതു മാറ്റങ്ങളുടെ വലിയൊരു പാത തന്നെ വെട്ടിത്തുറന്നു. വേട്ടയാടാനായി കല്ലും മരങ്ങളും വിവിധരൂപങ്ങളിലേക്കു പരിണമിച്ചു ആയുധങ്ങളായി. ദേഹം മറയ്ക്കാനുള്ള വസ്ത്രങ്ങളായി ഇലകളും മരത്തൊലികളും മൃഗത്തോലുകളും പരിണമിച്ചു. കൃഷിയുടെ ആരംഭം ഗോത്രരൂപീകരണത്തിനു വഴിമാറി. പ്രവൃത്തികൾ ആയാസരഹിതമാക്കാൻ പുതിയ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് മനുഷ്യർ എത്തിച്ചേർന്നു. ജലയാനങ്ങൾ ദൂരങ്ങളെയകറ്റി പുതിയ സംസ്കൃതികൾക്ക് പ്രാരംഭമേകി. മൃഗങ്ങൾ മനുഷ്യയാത്രയുടെ യന്ത്രങ്ങളായി. അപ്പോഴും മനുഷ്യശക്തി എല്ലാത്തിന്റേയും ആധാരമായി നിലകൊണ്ടു.
കാലം കടന്നു പോകവേ ആവി യന്ത്രങ്ങളുടെ വരവിൽ പുരോഗതിയുടെ വൻകുതിച്ചുചാട്ടമാണ് നടന്നത്. സുപ്രധാനമായ മറ്റൊരു കണ്ടുപിടുത്തമായിരുന്നു വൈദ്യുതി. ലോകത്തിന്റെ മുഖച്ഛായതന്നെ മാറ്റാൻ കെൽപ്പുള്ളതായി ആ കണ്ടുപിടുത്തം. മനുഷ്യശക്തി ഉപകരണങ്ങളിലേക്ക് പരിണമിക്കുന്നതിനു ആ കണ്ടുപിടുത്തം നിദാനമായി. ടെലിഫോണിന്റെ കണ്ടുപിടുത്തം , ‘ഹലോ’യിലൂടെ ലോകത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാക്കി. യാത്രാ വിമാനങ്ങളുടെ വരവോടെ കൂടി ലോകത്തിന്റെ ദൂരങ്ങൾ കുറഞ്ഞു. ബഹിരാകാശത്തും മനുഷ്യ സാന്നിധ്യമറിഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ വരവോടെ എല്ലാ മേഖലകളിലും മാറ്റങ്ങളുടെ ഒഴുക്കായിരുന്നു. വിരൽത്തുമ്പിൽ വിവരങ്ങൾ കറങ്ങിയപ്പോൾ നിത്യോപയോഗസാമഗ്രികൾ മുതൽ വലിയയന്ത്രങ്ങൾ വരെ പുതുമോടിയണിഞ്ഞു സ്മാർട്ടായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ മനുഷ്യശക്തിയുടെ ഉപയോഗം പലകാര്യങ്ങൾക്കും ആവശ്യമില്ലാതായി. ദിനംപ്രതി പുതിയ മാറ്റങ്ങൾ കടന്നുവരുന്നു. ഒരേസമയം ഉപകാരപ്രദവും അപകടകരവുമായ മാറ്റങ്ങൾ, ഇരുതല മൂർച്ചയുള്ള വാളു പോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നു. ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ് അഭികാമ്യം.
സുഖലോലുപതയിൽ അഭിരമിക്കും തോറും അതിലേറെ രോഗാതുരതയും അനുഭവിക്കേണ്ടിവരുന്നുവെന്നത് നമ്മൾ വിസ്മരിച്ചു പോവുന്ന കാര്യമാണ്. മണ്ണിനെ അടുത്തറിഞ്ഞ കാലത്തിൽ നിന്നും ആധുനികതയുടെ മണിമന്ദിരങ്ങളിൽ വിരാജിക്കുമ്പോൾ, എന്തിനും ഏതിനും ഉപകരണങ്ങളുടെ എളുപ്പവഴി തിരയുമ്പോൾ, ഏറിവരുന്ന അസുഖങ്ങളുടെ, ജീവിതശൈലി രോഗങ്ങളുടെ ആധിക്യം അറിയാതെ പോവുന്നു. എത്രയേറെ എളുപ്പവഴികൾ തിരഞ്ഞിട്ടും തികയാത്ത സമയത്തിന്റെ പിറകേ വീണ്ടും ഓടിത്തളരുന്നു നമ്മൾ.
#ഉപകരണം
★★★നിഷിബ എം നിഷി★★★

