എത്രവട്ടം…. എത്രവട്ടം അവളോട് പറഞ്ഞതാണ്- ആ നരകത്തിന് ഒരു അറുതി വരുത്താൻ! അപ്പോഴൊക്കെയും ഒറ്റയ്ക്കായി പോകുന്നതിന്റെ ഭയപ്പാടായിരുന്നു, അവളുടെ കണ്ണിൽ.
പറക്കമുറ്റാത്ത കുഞ്ഞുങ്ങളും രോഗിയായ അമ്മായിയമ്മയും. നിസ്സഹായത തളം കെട്ടിയ ആറു കണ്ണുകൾ അവളെ ചകിതയാക്കി. അവളുടെ ചെറിയ ജോലിയിൽ നിന്നു കിട്ടുന്ന നിസ്സാരമായ വരുമാനം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കില്ലെന്ന് അവൾക്കറിയാമായിരുന്നു. അതിനാൽത്തന്നെ ഔദാര്യം എന്നോണം വല്ലപ്പോഴുമാണെങ്കിലും അയാൾ അവൾക്കു നേരെ വലിച്ചെറിഞ്ഞ നോട്ടുകൾ തന്റെ മാനത്തിന്റെ വിലയാണെന്ന് അറിഞ്ഞിട്ടും അവൾ നിരസിച്ചില്ല. ഏതോ ഒരുവളുമായുള്ള അയാളുടെ ലീലാവിലാസങ്ങൾ അറിഞ്ഞില്ല കണ്ടില്ല എന്നു നടിച്ചു.
നെല്ലിപ്പലകയോളം താഴാം; അതിനുമപ്പുറമായാലോ? ഒരു തിരിച്ചു നടത്തത്തിനേ അവിടെ സാധ്യതയുള്ളൂ. ആ നെല്ലിപ്പലകയിൽ ചവിട്ടിനിന്നാണ് അവളിപ്പോൾ പറയുന്നത്- ‘എനിക്കു മതി. ഇനി വേണ്ട.’
ഞാൻ അനുകമ്പയോടെ, അതിലേറെ ആഹ്ലാദത്തോടെ അവളെ നോക്കി. എന്നിട്ട് മെല്ലെ തിരിഞ്ഞ് അടുക്കളയിലേക്ക് പോയി. അടുപ്പത്ത് ചൂടു ബിരിയാണി… ഞങ്ങളുടെ വിവാഹ വാർഷിക സ്പെഷ്യൽ. മൂടി തുറന്നു ഒരു casserol നിറയെ പകർന്നെടുത്തു. സാലഡിനോടൊപ്പം അവൾക്കത് കൈമാറുമ്പോൾ ഞങ്ങളുടെ കണ്ണുകൾ പറയാതെ പറഞ്ഞു…
വിവാഹ വാർഷികം പോലെ തന്നെ ആഘോഷിക്കപ്പെടേണ്ടതാണ് ചില വേർപിരിയലുകളും.


6 Comments
Abusive / cheating ബന്ധങ്ങൾ തുടർന്നു കൊണ്ടുപോകുന്നതിനു എന്തു ന്യായം പറഞ്ഞാലും അംഗീകരിക്കാനാവില്ല.
സിൽവി നന്നായി എഴുതി.
ഇഷ്ടമായി സിൽവി. ആറ്റിക്കുറിക്കി ഒരു കഥ പറച്ചിൽ👌❤️🥰
കഥ പറയുന്ന ആൾക്ക് അല്പം കൂടി പ്രാധാന്യം കൊടുക്കാമായിരുന്നു എന്ന് തോന്നുന്നു. കഥയുടെ പേരും ഒന്ന് മാറ്റിച്ചിന്തിക്കാം എന്നൊരു അഭിപ്രായം. നല്ല ഭാഷ.
ഇഷ്ടായി❤️👌🌷
അതേ, ശക്തമായ തീരുമാനങ്ങൾ ആഘോഷിക്കപ്പെടുക തന്നെ വേണം.
❤️👍🏻