ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ് വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ് വർക്കിനെയും അവ നൽകുന്ന വിവിധ സൗകര്യങ്ങളെയുമാണ് പൊതുവായി ഇന്റർനെറ്റ് എന്നുവിളിക്കുന്നത്.
പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവര സാങ്കേതിക വിദ്യയാണ് ഇന്റർനെറ്റ് എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നത്.
വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേൾഡ് വൈഡ് വെബ്, പിയർ-റ്റു-പിയർ നെറ്റ് വർക്ക്, ചാറ്റ്‍, ഇലക്ട്രോണിക്-മെയിൽ, ഓൺലൈൻ ഗെയിമിങ്, വാർത്താ സെർവീസുകൾ എന്നീ സേവനങ്ങൾ നൽകിപ്പോരുന്ന ഇന്റർനെറ്റിനെ പൊതുവെ നെറ്റ് എന്നും വിശേഷിപ്പിക്കുന്നു.
പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ഇന്റർനെറ്റും വേൾഡ് വൈഡ് വെബും (WWW) പര്യായപദങ്ങൾ അല്ലെന്നുള്ളത്. ഇന്റർനെറ്റ് എന്നു സൂചിപ്പിക്കുന്നതു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ഇന്റർനെറ്റ് എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്-ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു.
റഷ്യൻ വാർത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കൻ ഐക്യനാടിന് ഒരു വെല്ലുവിളിയായി തീരുകയും അവരുടെ പ്രതിരോധാവശ്യങ്ങൾ നടത്തുന്ന ഗവേഷണസ്ഥാപനമായ അർപ്പ (ARPA)-അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (advanced Research Project Agency) 1969 ഏപ്രിൽ 7 ആം തിയതി അർപനെറ്റ് (ARPANET) എന്ന നെറ്റ് വർക്കിന് രൂപം കൊടുത്തു.
ഇതിന്റെ ഉദ്ദേശ്യം യഥാർത്ഥത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങൾ ആയിരുന്നു. ഒരു കുടിയേറ്റ വാണിജ്യരാജ്യമായ അമേരിക്ക അവരുടെ വാണിജ്യപരമായ നേട്ടങ്ങൾക്ക് അർപനെറ്റിനെ ഉപയോഗിക്കുവാൻ തുടങ്ങി.
തൻമൂലം 1983 ൽ അർപനെറ്റ് (ARPANET)/ മിൽനെറ്റ് (MILNET)/അർപനെറ്റ് (ARPANET) എന്നിങ്ങനെ രണ്ടായി മാറി. മിൽനെറ്റിനെ മിലിട്ടറി നെറ്റ്വർക്ക് എന്നു വിളിക്കാറുണ്ട്. അതുപോലെ തന്നെ അർപനെറ്റിന് ഡാർപ (DARPA) എന്ന തരം തിരിവ് ഉണ്ട്.
ഡാർപ (DARPA) എന്നു വെച്ചാൽ ഡിഫൻസ് അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (Defence Advanced Research Project Agency) ആകുന്നു. അർപ്പാനെറ്റിനെ 1972 മാർച്ച് 23 ൽ ഡാർപ്പാനെറ്റ് ആക്കുകയും വീണ്ടും 1993 ഫെബ്രുവരി 22 ൽ അർപ ആക്കുകയും വീണ്ടും തിരിച്ച് 1996 മാർച്ച് 11 ൽ ഡാർപാനെറ്റ് ആക്കുകയും ചെയ്തു.
ഡാർപ്പനെറ്റിന്റെ വാണിജ്യവൽക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ വാണിജ്യവൽക്കരിക്കപ്പെടുകയും കൂടുതൽ പ്രയോഗത്തിൽവരുകയും മറ്റുള്ള രാജ്യങ്ങളിൽ പ്രാബല്യത്തിൽ വരുകയും ചെയ്തു.
തുടർന്ന് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതൽ സാങ്കേതിക വിദ്യകൾ കണ്ടു പിടിക്കുകയും ചെയ്തു. ഇത് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന നെറ്റ് വർക്കിന് കാരണമാവുകയും ഇൻറർനെറ്റിന് വഴിതെളിക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്നുകാണുന്ന ഇൻറർനെറ്റ് ഉണ്ടായത്.
2005 ഒക്ടോബര്‍ 29 മുതലാണ് ഇന്ന് നമ്മൾ ആഘോഷിക്കുന്ന ഈ ഇന്റര്‍നെറ്റ് ദിനം ആചരിച്ചു തുടങ്ങുന്നത്. തുടർന്ന് അതേ വർഷം നവംബറില്‍ ടുണീഷ്യയില്‍ ചേര്‍ന്ന വിവരവിജ്ഞാനസമിതിയുടെ യോഗം ഒക്ടോബര്‍ 29 വിവരവിജ്ഞാന സമിതിയുടെ ആഗോളവ്യാപകദിനമായി ആചരിക്കാൻ തീരുമാനിച്ചു.
വിവരസാങ്കേതിക വിദ്യയുടെ ആധുനിക സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ അവഗാഹം ഉണ്ടാക്കുന്നതിനും ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.
-ശുഭം-

