സ്ട്രോക്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അതിന്റെ അപകട സാധ്യതകളെ കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. എല്ലാവർഷവും ഒക്ടോബർ 29 ആം തിയതിയാണ് ഈ ദിനം ആഘോഷിക്കുന്നത്.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്‌സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോൾ ആണ് ഒരു വ്യക്തിക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നത്. രക്തക്കുഴലുകൾ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ സ്ട്രോക്ക് സംഭവിക്കാം. ഇതുവഴി തലച്ചോറിലേക്ക് ഓക്സിജൻ എത്താതിരിക്കുകയും തലച്ചോറിലെ കോശങ്ങൾക്കു നാശം സംഭവിക്കുകയും ചെയ്യും. മുഖത്തോ കൈയിലോ കാലിലോ തളർച്ച, സംസാരത്തിൽ കുഴച്ചിൽ എന്നിവ കണ്ടാൽ ഒരാൾക്ക് സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം.
ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾക്ക് വീതം സ്ട്രോക്ക് വരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിവർഷം 12.2 ദശലക്ഷം സ്ട്രോക്ക് കേസുകളാണ് രേഖപ്പെടുത്തുന്നത്. 25 വയസ്സിന് മുകളിലുള്ള നാലിൽ ഒരാൾക്ക് സ്ട്രോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
-ശുഭം-

