“കല്യാണം കഴിഞ്ഞു നമ്മൾ ആദ്യം എങ്ങോട്ടാ യാത്ര പോകുക..? ചില വിദേശരാജ്യങ്ങളുടെ പേരുകൾ മനസിലോർത്തു കൊണ്ട് അവൾ ചോദിച്ചു.
“അതിനിപ്പോ ഒരുപാട് സ്‌ഥലങ്ങളുണ്ടല്ലോ?
ഊട്ടി, മൂന്നാർ, കൊടൈക്കനാൽ. എവിടെയെങ്കിലും പോകാം “, അയാൾ വലിയ താല്പര്യമില്ലാതെ പറഞ്ഞു.
“ഇവിടെത്തന്നെയല്ലേ എല്ലാവരും പോകുന്നത്? ആകെ ഇത് മാത്രമേ അറിയുള്ളു.” അവൾ.
“പിന്നെവിടെയാ… ആരും പോകാത്ത സ്ഥലം..?” അയാൾ പരിഹസിച്ചു..
“ആരും പോകാത്ത സ്ഥലമെന്നല്ല… ഇതൊക്കെ സ്കൂൾ, കോളേജ്ൽ വച്ചൊക്കെ പോയതല്ലേ, വീട്ടിൽ നിന്നും തന്നെ എത്ര തവണ..? നമ്മൾ ഇതുവരെ പോയിട്ടില്ലാത്ത എവിടേലും നോക്കാം എന്നാ പറഞ്ഞത്…”
“ഇവിടെയൊക്കെ നീയാ ഒരുപാട് തവണ പോയത്.. ഞാൻ അല്ല.” അയാളുടെ ശബ്ദത്തിൽ നീരസം ഉണ്ടായിരുന്നു.
“അതെന്താ, ഇത്രയും വയസ്സിനുള്ളിൽ ഇവിടെപ്പോലും പോയിട്ടില്ല.? രണ്ടു long ട്രിപ്പെങ്കിലും പോകാൻ പറ്റിയില്ലെങ്കിൽ ഒരു വർഷം വേസ്റ്റ് ആണെന്നാണ് എന്റെ ഒരു വിശ്വാസം”. അവൾ പറഞ്ഞു.
“അപ്പോൾ എന്റെ ഇത്രയും കാലത്തെ ജീവിതം തന്നെ വേസ്റ്റ് ആണെന്നു നിനക്ക് തോന്നുന്നുണ്ടാവുമല്ലോ.”
” നീ പറഞ്ഞ ഈ വർഷങ്ങൾ മുഴുവൻ കഷ്ടപ്പെട്ട് പഠിച്ചും അതിന്റെയൊപ്പം ജോലിചെയ്തും ആണ് ഞാൻ ഈ പൊസിഷനിൽ എത്തിയത്.” നമ്മൾ തമ്മിൽ വലിയ പ്രായ വ്യത്യാസം ഒന്നുമില്ലല്ലോ.”
താൻ തമാശയായി പറഞ്ഞത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് അവൾക്ക് മനസ്സിലായി. “അല്ല അത് ഞാൻ എന്റെ കാര്യം പറഞ്ഞതാണ് “.
“എന്തായാലും നീ എന്റെ കാര്യങ്ങളും അറിഞ്ഞു വെച്ചോളൂ അതിനു വേണ്ടിയാ പറഞ്ഞത്”. അയാൾ താക്കീതുപോലെ പറഞ്ഞു.
“നിങ്ങൾക്ക് കൂടെ താല്പര്യമുണ്ടെങ്കിൽ പോയാൽ മതി ഞാൻ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. ”
അവൾക്ക് മടുത്തു തുടങ്ങി.
“അതല്ലെങ്കിലും അങ്ങനെ തന്നെയാണ് അല്ലാതെ നിന്റെ മാത്രം ഇഷ്ടത്തിന് അല്ലല്ലോ കാര്യങ്ങൾ തീരുമാനിക്കുന്നത്” അയാളുടെ ശബ്ദത്തിൽ ദേഷ്യം ഉണ്ടായിരുന്നോ.
അവൾക്കാകെ ഒരു വല്ലായ്ക തോന്നി.
“എന്താ ഒന്നും പറയാത്തത് നിന്റെ അഭിപ്രായം എല്ലാം പറഞ്ഞു കഴിഞ്ഞോ. ” മറുതലയ്ക്കൽ നിന്ന് മറുപടി കേൾക്കാതെ ആയപ്പോൾ അയാളുടെ ശബ്ദം കുറച്ചു ഉയർന്നു.
” എന്തിനാ നിസ്സാര കാര്യങ്ങൾക്ക് ഇങ്ങനെ ദേഷ്യപ്പെടുന്നത് ” അവൾക്ക് സങ്കടം വന്നു തുടങ്ങി.,
വിവാഹമുറപ്പിച്ച് ഒരാഴ്ച ആകുന്നേയുള്ളു. നിശ്ചയ ശേഷമാണ് ഫോണിലൂടെ സംസാരിക്കാൻ തുടങ്ങിയത്. വിവാഹത്തിനു മുൻപേ ഇങ്ങനെയാണെങ്കിൽ..?
“ഞാൻ ദേഷ്യപ്പെടുന്ന മാത്രമാണോ പ്രശ്നം, നീ എന്തിനാ നിസ്സാര കാര്യങ്ങൾക്ക് ഇത്രയും വാശി പിടിക്കുന്നത്?”
“നീ ഇപ്പോഴും നിന്റെ വീട്ടിൽ ഒരു ചെറിയ കുട്ടിയെ പോലെയാണ്, നിന്റെ എല്ലാ വാശികൾക്കും എല്ലാം എല്ലാവരും സാധിച്ചു തരുന്നുണ്ട് എന്നൊക്കെ നിന്റെ അച്ഛനും അമ്മയും പറഞ്ഞിരുന്നു”
“അതൊക്കെ ശരി, നിന്റെ വീട്ടിൽ നീ കൊച്ചു കുട്ടി ആയിരിക്കാം. പക്ഷേ നീ വിവാഹം കഴിച്ചു വരുന്നിടത്തും അതുപോലെതന്നെ ആയിരിക്കണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല. അവിടെ നീ ഒരു ഭാര്യയും മരുമകളും ഏട്ടത്തിയമ്മയും ഒക്കെയാണ്”
“അവിടെ നീ ഒരുപാട് ഉത്തരവാദിത്തങ്ങൾ എല്ലാം ഉള്ള മുതിർന്ന ഒരു സ്ത്രീ തന്നെയാണ് അത് ഓർമ്മയുണ്ടാകണം. പലയിടത്തും തോറ്റു കൊടുക്കേണ്ടതായും കോംപ്രമൈസ് ചെയ്യേണ്ടതായും വരും അതൊക്കെ തന്നെയാണ് ജീവിതം. ഇതൊക്കെ മനസ്സിലാക്കാനുള്ള പ്രായമായില്ലേ നിനക്ക് ”
അയാൾ വളരെ ഗൗരവത്തിൽ പറഞ്ഞു നിർത്തി.
” എന്നുവച്ചാൽ കല്യാണം കഴിഞ്ഞാൽ പിന്നെ എന്റെ ഇഷ്ടങ്ങളെല്ലാം വേണ്ടെന്നു വയ്ക്കണോ?” അവൾക് ചോദിക്കാതിരിക്കാൻ ആയില്ല.
“പിന്നല്ലാതെ, ഒന്നുമില്ലെങ്കിലും വയസ്സ് ഇത്രയൊക്കെ ആയില്ലേ? ഇത്രയും കാലം വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടി യാത്ര പോയി സിനിമ കണ്ടു ചുറ്റിക്കറങ്ങി അടിച്ച് നടന്നതല്ലേ? ഇനി കുറച്ച് ഉത്തരവാദിത്തമൊക്കെയാവാം. വിവാഹം കഴിക്കാൻ പോകുകയല്ലേ”, അയാൾ ചിരിച്ചു.
“എന്നുവെച്ചാൽ ഞാനൊരു ഉത്തരവാദമില്ലാത്ത ആളാണെന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്? ” അവൾക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.
” പഠിക്കാൻ വിട്ടിട്ട് കോഴ്സ് കംപ്ലീറ്റ് ചെയ്തില്ല, ഒരു ജോലി ശരിയാക്കിത്തന്നിട്ട് അത് റിസൈൻ ചെയ്തു കൂട്ടുകാരോടൊപ്പം ഷോപ്പിംഗും ട്രിപ്പും ആയിട്ട് കറങ്ങി നടക്കുന്നു.”
“ഭക്ഷണം ഉണ്ടാക്കാനും വീട്ടുജോലി കൾ ചെയ്യാനും അറിയില്ല. ഒരു ഡിഗ്രി പോലും സ്വന്തമായിട്ടില്ല. ഇതൊക്കെ വേണം എന്ന് ആഗ്രഹവുമില്ല.”
” ഒന്നു നിർത്തുന്നുണ്ടോ?” അവൾ ഫോണിലൂടെ അലറി.
“എനിക്ക് വേണ്ടി പണം ചെലവാക്കുന്നത് എന്റെ അച്ഛനാണ്. എന്റെ കാര്യങ്ങൾ ചെയ്തു തരുന്നതെന്റെ അമ്മയാണ്. യാത്രകൾ ഉൾപ്പെടെ എന്റെ ഇഷ്ടങ്ങളെല്ലാം അവർ പൂർണ മനസ്സോടെയാണ് നടത്തിത്തരുന്നത്”
“ഞാൻ പഠിക്കാനോ ജോലിക്കൊ പോകാത്തതിന് എന്റെ വീട്ടുകാർക്ക് ഇല്ലാത്ത വിഷമം എന്തിനാണ് നിങ്ങൾക്”.
“അപ്പോൾ വിവാഹം കഴിഞ്ഞാൽ ഇതൊക്കെ ആരു ചെയ്തു തരുമെന്നാണ് നീ പ്രതീക്ഷിക്കുന്നത്.”
“വയസ്സായ നിന്റെ അച്ഛനമ്മമാരോ?”
ആ ചോദ്യത്തിൽ അവൾ ഒന്നു പതറി, എങ്കിലും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
“അത് ആലോചിച്ചു നിങ്ങൾ വിഷമിക്കേണ്ട. എന്റെ കാര്യങ്ങൾ എല്ലാം സ്വന്തമായി നോക്കാൻ എനിക്കറിയാം . നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി”.
” അങ്ങനെ കറങ്ങി നടക്കാൻ ആണെങ്കിൽ നീ നിന്റെ വീട്ടിൽ തന്നെ നിൽക്കുന്നതായിരിക്കും നല്ലത്”.
” അതിന് നിങ്ങളുടെ ഉപദേശം ആവശ്യമില്ല. ഞാൻ എനിക്കിഷ്ടമുള്ളിടത്ത് ജീവിക്കും “.
അവൾ ഫോൺ കട്ട് ചെയ്തു.
ഹണിമൂൺ പ്ലാൻ ചെയ്ത സ്ഥലത്തേക് സോളോ ട്രിപ്പ് പോകാമെന്നവളും, കല്യാണം കഴിയാത്തതുകൊണ്ട് ഹണിമൂൺ യാത്ര വേണ്ട എന്ന് അയാളും തീരുമാനിച്ചു.


25 Comments
കല്യാണത്തിനു മുൻപ് കക്ഷിയുടെ സ്വഭാവം മനസ്സിലായത് നന്നായി……. രക്ഷപെട്ടല്ലോ……. നന്നായെഴുതി👍❤️
നന്നായിട്ടുണ്ട് ഗ്രീഷ്മ.. 👌🏻😍👍🏻congrats. കല്യാണത്തിന് മുൻപ് ഇങ്ങനെ എങ്കിൽ പരീക്ഷണാർത്ഥം അയാളെ കുറച്ച് നാൾ തേനിൽ ഇട്ട് വയ്ക്കേണ്ടിവരും. അല്ലെങ്കിൽ മൂൺ മാത്രമല്ല കാണുക, നക്ഷത്രം വരെ എണ്ണിക്കും.എന്നാലും സംശയമാണ്. സോളോ തന്നെ നല്ലത് 😀
😆, seriously
നന്നായിട്ടെഴുതി ❤️❤️
👌👌വ്യത്യസ്തം
Thank u
🙏
എഴുതുന്നതിൽ തുടക്കമാണോ…
ഇനിയും നന്നായി എഴുതാം
🙏
Thank you
പലരും ഇത്തരം ത്രെഡ് എഴുതിയിട്ടുണ്ടെങ്കിൽതം.. ഹണിമൂൺ എന്ന വിഷയത്തിന് ഈ ത്രെഡ് തിരഞ്ഞെടുത്തിന് ഒരു കയ്യടി 👏
Thank u
❤️👍🏻
Thank u
ഒരു കുരുക്കിൽ വീഴും മുൻപ് രക്ഷപ്പെട്ടല്ലോ..
ഗ്രീഷ്മ അടിപൊളി 👏🏻👏🏻👏🏻പൊളിച്ചല്ലോ… നന്നായി എഴുതി…എല്ലാവിധ പിന്തുണയും എഴുത് തുടരട്ടെ ✌🏻✌🏻✌🏻
കല്ലുകടി തുടങ്ങിയപ്പോൾ തന്നെ വേറെ വഴി നോക്കിയത് നല്ല message.
🙏
അടിപൊളി👌 അങ്ങനെ തന്നെ വേണം. കഥയിലാണെങ്കിലും തൻ്റെ ജീവിതം അടിമത്തത്തിലേക്കു വലിച്ചിടാതെ അവൾ രക്ഷപെട്ടുവല്ലോ. സ്വാതന്ത്ര്യം തന്നെയമൃതം❤️❤️🌷
👍
❤️നന്നായിട്ടുണ്ട്. ഒരുപാട് വായിക്കുക നല്ല എഴുത്തുകാരി ആകുക.
🙏
നന്നായി എഴുതി 👍
എന്റെ കൂട്ടുകാരിക്ക് എല്ലാ വിധ ആശംസകളും
🙏