പ്രിയനേ…
എന്നെ ഒഴിവാക്കാൻ എന്താണ് കാരണം എന്നു നീ നമ്മൾ തമ്മിലുള്ള ഈ അവസാന നാളുകളിൽ എങ്കിലും എനിക്ക് മനസിലാക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ കുറിപ്പ്.
ഇത്രനാളും ഞാൻ നിന്റെ ഹൃദയത്തോട് അടുത്തായിരുന്നില്ലേ?
എത്ര രാത്രികളിൽ ഞാൻ ഉറങ്ങാതെ നിനക്ക് വേണ്ടി എന്റെ സമയവും ജീവിതവും കളഞ്ഞു.
ഞാൻ വിശ്രമിക്കാൻ പോയാലും എന്നെ അനുവദിക്കാതെ നീ എന്നെ ഉപയോഗിച്ചില്ലേ?
നിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഞാൻ നിനക്ക് കൂട്ടായിരുന്നില്ലേ?
നീ എവിടെ പോയിരുന്നാലും ഞാൻ നിന്നോടൊപ്പം ആയിരുന്നു.
നിനക്ക് വിശക്കുമ്പോൾ നീ ഭക്ഷണം കഴിക്കും, അപ്പോഴും ഞാൻ നിന്റെ കൂടെ ഉണ്ടാകണം എന്ന വാശി ആയിരുന്നില്ലേ നിനക്ക്. പക്ഷെ എന്റെ വിശപ്പോ ക്ഷീണമോ നിന്നെ വിഷമിപ്പിച്ചിരുന്നില്ല.
നീ ക്ഷീണിച്ച് ഉറങ്ങാൻ നേരം മാത്രമല്ലേ നീ എനിക്ക് ഭക്ഷണവും വിശ്രമവും അനുവദിച്ചിരുന്നുള്ളൂ.
അതിനൊന്നും ഇന്ന് വരെ ഞാൻ ഒരു പരാതി പോലും നിന്നോട് പറഞ്ഞിരുന്നില്ല.
എനിക്ക് എത്ര വയ്യാതായാലും നീ എന്നെ ചികിൽസിപ്പിക്കാൻ എത്ര മാത്രം വൈകിക്കുമായിരുന്നു.
അവസാനം എനിക്ക് എഴുന്നേൽക്കാൻ കഴിയില്ല എന്ന് വന്നാൽ മാത്രേ എന്നെ ചികിൽസിപ്പിക്കാൻ കൊണ്ടുപോയിരുന്നുള്ളൂ. കൊണ്ടു പോയാലും ചികിൽസിപ്പിച്ച് തിരിച്ച് കൊണ്ടുവരാൻ എത്ര തിടുക്കം ആയിരുന്നു നിനക്ക്. അത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഞാൻ വെറുതെ വിശ്വസിച്ചു.
എന്നെ പ്രതി നിനക്ക് എത്രമാത്രം വഴക്ക് നീ വീട്ടുകാരിൽ നിന്ന് കേട്ടിട്ടുണ്ടെങ്കിലും നീ എന്നെ പിരിഞ്ഞിരുന്നില്ല.
കൂട്ടുകാരുമായി ഉള്ള ഒത്തുകൂടലുകളിൽ പോലും എന്നെ നിനക്ക് മാറ്റി നിർത്താൻ കഴിഞ്ഞിരുന്നില്ല.
നിന്റെ സങ്കടത്തിലും സന്തോഷത്തിലും ഞാൻ മാത്രമേ നിന്റെ കൂടെ ആയിരുന്നില്ലേ?
ആരൊക്കെ നിന്നെ മാറ്റി നിർത്തിയാലും ഞാൻ നിന്നോടൊപ്പം ഉണ്ടായിരുന്നില്ലേ.
പലപ്പോഴും ജീവിത്തിലെ ഒറ്റപെടലുകളിൽ നിനക്ക് ഞാൻ കൂട്ടായിരുന്നില്ലേ?
നിന്റെ പഴയ കാമുകിയെ ഒഴിവാക്കാൻ പറഞ്ഞ നുണകളിൽ നിനക്ക് കൂട്ടായി നിന്ന എന്നെ നീ അതിലും എളുപ്പം ഒഴിവാക്കും എന്ന് ഞാൻ കരുതിയില്ല.
പുതിയ ഒരാൾ നിന്റെ ജീവിതത്തിലേക്ക് വരുന്നു എന്ന് ഞാൻ മുഖാന്തിരം തന്നെ അല്ലെ നീ അറിഞ്ഞത്. അപ്പോഴും ഞാൻ നിന്നോട് പിണങ്ങിയില്ല.
എന്നു മുതൽ ആണ് ഞാൻ നിനക്ക് വെറുക്കപ്പെട്ടത് ആയത്.
എന്നെ ഒഴിവാക്കാൻ നിനക്ക് എന്തായിരുന്നു കാരണം.
പഴയതിലും നല്ല പെണ്ണിനെ കിട്ടിയപ്പോൾ പഴയ കാമുകിയെ ഒഴിവാക്കിയ പോലെ എന്നെക്കാളും നല്ല ഗുണങ്ങൾ ഉള്ളയാളെ കിട്ടിയപ്പോൾ നീ എന്നെയും ഒഴിവാക്കി അല്ലെ.
ഇനി ഞാൻ നിന്റെ ഓർമകളിൽ പോലും ഉണ്ടാകുമോ. കുറച്ചു നാൾ കൂടി നീ എനിക്കൊപ്പം ഉണ്ടാകും. കാരണം എന്നിൽ നീ നിക്ഷേപിച്ച നിന്റെ സാധനങ്ങൾ നിനക്ക് തിരിച്ച് എടുക്കാൻ വേണ്ടി മാത്രം. അതും കഴിഞ്ഞാൽ നീ എന്നെ ആർക്കെങ്കിലും വിൽക്കും ഇല്ലെങ്കിൽ നിന്റെ വീടിന്റെ ഏതെങ്കിലും മൂലയിൽ കിടന്ന് ഞാൻ ചാകും.
അതും കഴിഞ്ഞ് കുറച്ചുനാൾ കൂടി നിനക്ക് പ്രിയപ്പെട്ടവരോട് നീ എന്നെ പറ്റി കുറ്റം പറയുമായിരിക്കും. പുതിയ ബന്ധത്തിൽ നിനക്ക് കിട്ടിയ പുതിയ ഗുണങ്ങൾ, അതൊന്നും എന്നിൽ ഉണ്ടായിരുന്നില്ല എന്ന്.
നിന്റെ പുതിയ ബന്ധത്തിൽ എന്തെങ്കിലും വിള്ളൽ വന്നാൽ നീ എന്നെ ഇനിയും തേടി വരും. കുറച്ച് മണിക്കൂറുകൾക്കോ അല്ലെങ്കിൽ ദിവസങ്ങൾക്കോ മാത്രം ആയിരിക്കും എന്നറിയാം. അങ്ങിനെ ഉപയോഗിക്കാൻ വേണ്ടി എങ്കിലും നീ എന്നെ ആർക്കും വിൽക്കരുതെ. ഓർമവെച്ച കാലം മുതൽ ഞാൻ നിന്നോടൊപ്പം ആണ്. നിന്നെ വിട്ട് പുതിയ ഒരു ബന്ധം എനിക്ക് ആലോചിക്കാൻ പോലും എനിക്ക് കഴിയുന്നില്ല.
ഞാൻ ജീവിച്ചോളാം, നിന്റെ വീടിന്റെ ഏതെങ്കിലും ഒരു മൂലയിൽ. ആർക്കും ശല്യമാകാതെ. എന്റെ അവസാന ശ്വാസം വരെ നിന്നെയും പ്രതീക്ഷിച്ച്…
എന്ന് നീ ഒഴിവാക്കാൻ പോകുന്ന നിന്റെ പഴയ മൊബൈൽ…
മുറു.


1 Comment
. അടിപൊളി😃😃😃😃