രാവണൻ – ക്ലൈമാക്സ് സീനിലെ ചില ഭാവാർത്ഥങ്ങൾ (Metaphors)
2010 ൽ ഇറങ്ങിയ മണിരത്‌നം ചിത്രമാണ് രാവണൻ. രാമായണത്തിലെ കഥയും കഥാപാത്രങ്ങളെയും ബേസ് ചെയ്‌ത ഈ ചിത്രത്തിൽ സൂക്ഷ്മമായ ഭാവാർത്ഥങ്ങൾ ഏറെയുണ്ട് (ദളപതിയിൽ കർണ്ണന്റെ ഭാവാർത്ഥങ്ങൾ കുറച്ചുകൂടി subtle ആയിരുന്നു എന്നതും ഓർക്കുക) ലൈറ്റിംഗ്, സിനിമാറ്റോഗ്രഫി, ക്യാമറ, കളർ സ്കീം, കോസ്റ്യൂം എന്നിങ്ങനെ പലതിലൂടെയും ഇവ കാണാനാകും. അവസാന 15 മിനിറ്റിൽ രാഗിണിയുടെ കാഴ്ച്ചപ്പാടിൽ ഞാൻ കണ്ട ചിലത് കുറിക്കട്ടെ?
1. ട്രെയിൻ കമ്പാർട്ട്മെന്റിന്റെ ഇടുങ്ങിയ ഇടനാഴിയിലൂടെ, രാഗിണി ദേവിനടുത്തേക്ക് നടന്നു വരുന്നു. ദേവ് പോളിഗ്രാഫ് ടെസ്റ്റ് എടുക്കാൻ പറയുമ്പോഴാണ് അവൾ ആ സത്യം മനസ്സിലാക്കുന്നത് – ബാലൻസ് ചെയ്യാനാകാതെ, ആടിയുലഞ്ഞ്, തുരങ്കത്തിലേക്ക് പോകുന്നത് ട്രെയിൻ മാത്രമല്ല, അവളുടെ ജീവിതം കൂടിയാണെന്ന സത്യം. സംശയവും വിശ്വാസമില്ലായ്‌മയും അനിശ്ചിതത്വവും നിറഞ്ഞ ഇരുണ്ട തുരങ്കം; അതായത് ദേവിന്റെ മനസ്സ് !
2. അങ്ങനെ രാഗിണി, ഞെരുക്കുന്ന ആ ഇടനാഴിയിൽ നിന്നും പടിയിറങ്ങുന്നു… തുറസ്സായ വിശാലമായ ആകാശത്തിനു കീഴെ, സ്വതന്ത്രയായി… കാലടിയിൽ നിന്ന് ഊർന്നു പോവില്ല എന്നുറപ്പുള്ള ഭൂമിയിൽ അവൾ കാൽ കുത്തുന്നു; വീരയുടെ മണ്ണിൽ… അവന്റെ കുറുവമ്മയായി.

3. സന്തോഷാധിക്യം കൊണ്ട് വികാരാധീനനായി വാചാലനാകുന്ന വീരയോട് രാഗിണി “ബ ബ്ബ ബ്ബ ബ്ബ …” എന്ന് കണ്ണീരോടെ പറയുന്ന സീൻ. ഒരു ഏറ്റുപറച്ചിൽ ആയിരുന്നില്ലേ അത്? അവളുടെ പ്രണയത്തിന്റെ ആഴം പ്രകടിപ്പിക്കാൻ ഈ വാക്കുകൾ മതിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ! (മുൻപൊരിക്കൽ വീര പറഞ്ഞ വാക്കുകളാണവ എന്നോർക്കുക)
4. സമ്മതമില്ലാതെ ഒരു സ്ത്രീയെ തൊട്ടാൽ മരണം സംഭവിക്കും എന്നതാണ് രാവണന് കിട്ടിയ ശാപം. ദേവ് വീരയ്ക്ക് നേരെ തോക്കു ചൂണ്ടുമ്പോൾ, അവരുടെ ഇടയിലേക്ക് കയറി നിൽക്കുന്ന രാഗിണി. ഒരുപക്ഷേ ആ നിമിഷം വീരയ്ക്ക് മനസ്സിലായിക്കാണുമോ രാഗിണിയുടെ സ്നേഹം സത്യമാണെന്ന്? ആദ്യമായി രാഗിണിയെ അവൻ സ്പർശിക്കുന്നതും അപ്പോഴാണ് – അവളുടെ തലയിൽ കൈവച്ച്, തള്ളി മാറ്റുന്നു.

അടുത്ത ക്ഷണം വെടിയേറ്റ് കൊക്കയിലേക്ക് വീഴുന്ന വീരയെയാണ് നമ്മൾ കാണുന്നത്. രാവണന്റെ ശാപം ഫലിച്ചപോലെ ! “നാൻ മീണ്ടും വരുവേൻ” എന്ന പ്രതീക്ഷ നൽകിക്കൊണ്ട് ….

ഇനിയും ഒരുപാടുണ്ട്, ഒളിഞ്ഞിരിക്കുന്ന ആഴമുള്ള അർത്ഥങ്ങൾ. വീണ്ടും വീണ്ടും കാണുമ്പോൾ തെളിയുന്ന layers ഉള്ള ഒരു ചിത്രമാണ് രാവണൻ. നിങ്ങൾക്ക് ഓർമ്മയുള്ളവ പങ്കുവയ്ക്കാമോ?
– ദീപ പെരുമാൾ


2 Comments
👌👌
Thank you…