ശരിയായ സംരക്ഷണവും ശരിയായ പരിചരണവും ഇല്ലാത്തതിനാൽ നവജാതശിശുക്കൾ വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം മൂലം ഇന്ത്യയിൽ ശിശുമരണ നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതുകൊണ്ട് തന്നെ നവജാത ശിശുക്കളെ ശരിയായ രീതിയിൽ പരിപാലിക്കാൻ ജനങ്ങളെ ബോധവാൻമാരാക്കേണ്ടതുണ്ട്.
നവജാതശിശുക്കളുടെ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യതോടെ എല്ലാവർഷവും നവംബർ 7 ആം തിയതി ശിശു സംരക്ഷണ ദിനമായി ആചരിച്ചുവരുന്നു.
ഓമനത്തമുള്ള കുഞ്ഞ് എല്ലാ അമ്മമാരുടെയും സ്വപ്നമാണത്. അതിന്നാൽ കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ മിക്കവരും ഈ സ്വപ്നസാക്ഷാത്കാരത്തിനായുള്ള ശ്രമം തുടങ്ങും. മുലപ്പാലു കഴിച്ചിട്ടൊന്നും കുഞ്ഞിനു പ്രതീക്ഷിച്ച പോലെ വണ്ണം വയ്ക്കുന്നില്ല. അതിനാല്‍ കുഞ്ഞിന് മൂന്നുമാസം ആകുമ്പോഴേക്കും കുപ്പിപ്പാല്‍, വിപണിയില്‍ കിട്ടുന്ന ടിന്‍ഫുഡുകള്‍, ബിസ്ക്കറ്റുകളും മറ്റും കൊടുത്തു തുടങ്ങും. ഇതെല്ലാം കഴിച്ച് കുഞ്ഞ് ഒരു തടിയന്‍ ആകുകയും ചെയ്യും.
പിന്നെ കുഞ്ഞിനെപ്പോഴും പനി, കഫക്കെട്ട്, ശ്വാസംമുട്ടല്‍, ചെവിവേദന തുടങ്ങി എന്നും ഓരോരോ അസുഖങ്ങള്‍ വന്നുതുടങ്ങും. ഇത് പലപ്പോഴും മാരകരോഗങ്ങളില്‍ വരെ എത്തിച്ചേരാം. അപ്പോഴും ഇതിനു കാരണം കുഞ്ഞിനെ ശീലിപ്പിച്ച തെറ്റായ ആഹാരരീതിയാണെന്ന് അമ്മമാര്‍ തിരിച്ചറിഞ്ഞെന്നുവരില്ല.
കുഞ്ഞോമനയുടെ ആരോഗ്യത്തിനു പ്രകൃതി പകര്‍ന്നു നല്‍കിയ അമൃതാണു മുലപ്പാല്‍. ഇതു വേണ്ടവിധം ലഭിക്കാതിരുന്നാല്‍ കുഞ്ഞിനു പലതരം അസുഖങ്ങളുണ്ടാക്കും. കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനകം കുഞ്ഞിനു മുലപ്പാല്‍ നല്‍കണം.
നവജാതശിശുവിനു തേനും വയമ്പും ഇളംചൂടുവെള്ളവും സ്വര്‍ണം ഉരച്ചതും മറ്റും നല്‍കുന്ന രീതി പലരും അനുവര്‍ത്തിക്കാറുണ്ട്. ഇത് ശിശുവിനു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.
ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങളില്‍ കുഞ്ഞിനു കുറച്ചു പാല്‍ മതിയാകും. ഇൌ സമയത്ത് മുലപ്പാലിനു പകരമായി പൊടിപ്പാലോ പശുവിന്‍പാലോ കൊടുക്കരുത്. ആരോഗ്യവതിയായ അമ്മയുടെ ശരീരത്തില്‍ കുഞ്ഞിന് ആവശ്യമുള്ളതിലധികം മുലപ്പാല്‍ സാധാരണഗതിയില്‍ ഉത്പാദിപ്പിക്കപ്പെടും. മാത്രമല്ല കുഞ്ഞു കുടിക്കുന്തോറും പാല്‍ ഏറിവരികയും ചെയ്യും.
കുഞ്ഞിന് ആറുമാസമാകും വരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ആ സമയത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ഘടകങ്ങളും മുലപ്പാലില്‍ ഉണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, ഫാറ്റി ആസിഡ്സ് എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്.
ആറു മാസം വരെ മുലപ്പാല്‍ മാത്രം കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്കു തലച്ചോറിന്റെ വളര്‍ച്ചയും വികസനവും അതു വഴി, ബുദ്ധിവികാസവും ആശയഗ്രഹണശക്തിയും കൂടുതലായിരിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ചു രോഗപ്രതി രോധശക്തിയും കൂടുതലാണ്. ഇവര്‍ക്കു ന്യൂമോണിയ, വയറിളക്കം, ചെവിപഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത കുറവാണ്.
കുപ്പിപ്പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന്റെ വയറ്റില്‍ കൂടുതല്‍ വായു കടക്കാന്‍ സാധ്യതയുണ്ട്. കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് മലബന്ധം ഉണ്ടാകുകയും ഗ്യാസ് കുടലില്‍ ഉരുണ്ടുകയറുകയും ചെയ്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വയറുവേദന ഉണ്ടാകുകയും ചിലപ്പോള്‍ കുഞ്ഞ് ഛര്‍ദിക്കുകയും ചെയ്യും. ഇത്തരം അസ്വസ്ഥതകള്‍ ഒഴിവാക്കാനും മുലപ്പാല്‍ മാത്രം കുടിപ്പിക്കുന്നതാണു നല്ലത്.
കുഞ്ഞിന്റെ ശുചിത്വ കാര്യത്തില്‍ അമ്മമാര്‍ ക്കെപ്പോഴും ആധിയാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ തെല്ലും പേടി വേണ്ട.പിറന്നു വീഴുമ്പോള്‍ മുതല്‍ കുഞ്ഞിന്റെ ശുചിത്വത്തിന്റെ കാര്യ ത്തില്‍ പ്രത്യേക കരുതല്‍ വേണം. ജനനസമയത്ത് കുഞ്ഞിന്റെ ശരീര ത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അമ്നിയോട്ടിക് ദ്രവം പറ്റിപ്പി ടിച്ചിട്ടുണ്ടാവും.
24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ കുളിപ്പിച്ച് ഈ ദ്രവത്തിന്റെ അംശങ്ങളെല്ലാം നീക്കം ചെയ്യണം. അല്ലെങ്കില്‍ ചര്‍മത്തിന്റെ മടക്കുകളില്‍ ഈ ദ്രവത്തിന്റെ അംശങ്ങളിരുന്ന് അവിടെ ബാക്ടീരിയ വളര്‍ന്ന് അണുബാധയുണ്ടാകും. സാധാരണ ആശുപ ത്രികളില്‍ കുഞ്ഞിനെ കുളിപ്പിച്ചിട്ടാണു വീട്ടുകാരുടെ കയ്യില്‍ കൊടുക്കുക. എന്നാല്‍, ചിലയിടങ്ങളില്‍ ദേഹം തുടയ്ക്കുക മാത്രമേ ചെയ്യാറുള്ളൂ. അങ്ങനെയാണെങ്കില്‍ കുഞ്ഞിനെ വൈകാതെ തന്നെ കുളിപ്പിച്ചു വൃത്തിയാക്കണം.
കുഞ്ഞിനെ നിത്യവും കുളിപ്പിക്കുന്നതാണു നല്ലത്. കുളിപ്പിക്കാന്‍ ബേബി സോപ്പ് ഉപയോഗിക്കാം. നവജാത ശിശുവിനെ കുളിപ്പിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നതാണു സുരക്ഷിതം. പെട്ടെന്നു കുളിപ്പിച്ചു തുവര്‍ത്തി യെടുക്കണം. ഒരുപാടു നേരം ദേഹത്തിനു തണുപ്പടിക്കരുത്. മുഖം, പിന്‍ഭാഗം, നാപ്പി കെട്ടുന്ന ഭാഗം, കഴുത്ത്, ചര്‍മത്തിന്റെ മടക്കുകള്‍ ഈ ഭാഗങ്ങളിലാണ് അഴുക്കുണ്ടാകുന്നത്. കുളിപ്പിച്ച് തുവ ര്‍ത്തിയെടുത്തശേഷം, ബേബി മോയ്സ്ചറൈസര്‍, ബേബി ലോഷന്‍, ബേബി ഓയില്‍ ഇവയിലേതെങ്കിലുമൊന്നു ദേഹത്തു പുരട്ടുക.
പെണ്‍ കുഞ്ഞുങ്ങളില്‍ മൂത്രമൊഴിക്കുന്ന ഭാഗത്തുനിന്നു പുറകിലേക്കു വേണം വൃത്തിയാക്കാന്‍. അല്ലെങ്കില്‍ വിസര്‍ജ്യത്തിന്റെ അംശങ്ങളും അവയിലെ അണുക്കളും മൂത്രനാളിയിലേക്കു കടന്ന് അണുബാധയുണ്ടാകാനിടയുണ്ട്. ആണ്‍കുഞ്ഞുങ്ങള്‍ മൂത്രമൊഴിക്കുന്ന ഭാഗത്തെ ചര്‍മം പുറകോട്ടാക്കി കുളിപ്പിക്കുന്ന സമയത്തു വൃത്തിയാക്കണം.
ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ചെയ്യുകയാണെങ്കിൽ നമ്മുടെ കുഞ്ഞിനെ ആരോഗ്യത്തോടെ വളർത്താം.

