എൻ പ്രണയമേ,
ഒന്ന് കാണണം, മിണ്ടണം എന്ന തീവ്രമായ ആഗ്രഹമാണ് ഈ കത്ത് എഴുതാൻ പ്രേരണയായത്. ഞൊടിയിടയിൽ സന്ദേശങ്ങൾ കൈ മാറുന്ന ഈ പുതിയ കാലത്തിൽ ആരും കത്തെഴുതാറില്ല.. എന്നാൽ എനിക്ക് നിന്നോട് പറയാനുള്ളത് എഴുതി അറിയിക്കാനാണ് ഇഷ്ടം..
നിദ്ര പിണങ്ങി നിന്ന രാവിൽ ജനാലയിൽ മിന്നി തിളങ്ങുന്ന മിന്നാമിന്നി.. ചിരി നിറയുന്ന നിന്റെ കണ്ണിലെ നക്ഷത്ര തിളക്കമാണ് ഓർമ വന്നത്… ആ മിഴിയിണകളിലെ ആഴ കടലിൽ നോക്കിയിരിക്കാൻ മോഹം.. നീ അരികിൽ ഉണ്ടെങ്കിൽ എന്ന് ആശിക്കാത്ത ദിനങ്ങൾ അപൂർവം. എന്തെല്ലാം കഥകളാണ് എനിക്ക് നിന്നോട് പറയാനുള്ളത്?
ഒരിക്കൽ നീ ചോദിച്ചു നമ്മൾ ഒന്നാവുന്ന സുന്ദര നിമിഷങ്ങളിൽ എന്റെ ആഗ്രഹം എന്തെന്ന് തുറന്നു പറയു എന്ന്..
നീ എനിക്ക് ആരാണ്, എന്താണ്.. എന്ന് പറയാൻ കഴിയില്ല… തിരിച്ചു നിന്നിൽ നിന്നും ഒന്നും നേടാനല്ല ഈ ഇഷ്ടം. നാം രണ്ടു വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കുന്നവർ.. എവിടെ ആയിരുന്നാലും നീ സുഖമായും സന്തോഷമായും ജീവിക്കണം.
സ്വന്തം ആക്കുന്നത് മാത്രമല്ല സ്നേഹം. നിന്നെ സ്വന്തന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നതും സ്നേഹം തന്നെയാണ്.
പലവിധ പ്രശ്നങ്ങളിൽ വ്യാകുലയായി നിന്ന എനിക്ക്, ഇന്ന്… ഈ നിമിഷം… അതാണ് പ്രധാനം എന്ന് നീ പറഞ്ഞു. ഭൂതകാലവും ഭാവികാലവും നമ്മുടെ ഈ നിമിഷത്തിന്റെ ആനന്ദം അപഹരിക്കാൻ ഇടയാക്കരുത് എന്ന് പറഞ്ഞു തന്നു. പകയും വെറുപ്പും കൊണ്ട് മനസ്സ് മലിനമാക്കാൻ പാടില്ലെന്നും, നമ്മെ വേദനിപ്പിച്ചവരോട് പോലും പൊറുക്കാൻ കഴിയണം എന്നും നീ ഉപദേശിച്ചു. പ്രായത്തിൽ ചെറുതെങ്കിലും നീ ജീവിതത്തെ നോക്കി കാണുന്ന രീതി എന്നെ അതിശയിപ്പിച്ചു. പട്ടം പോലെ പാറി കളിക്കുന്ന എന്റെ മനസ്സിനെ നീ എന്തു മായാജാലം കൊണ്ടാണ് നിയന്ത്രിക്കുന്നത്?
നന്ദിയുണ്ട്, എന്നോട് കാണിക്കുന്ന സ്നേഹത്തിനും കാരുണ്യത്തിനും.
നമ്മളെ കുറിച്ചുള്ള എന്റെ കിനാവുകൾ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാടിന്റെ വന്യ സൗന്ദര്യം ക്യാമറ കണ്ണിലൂടെ ആസ്വദിച്ചു നിശ്ചല ചിത്രം എടുക്കുന്ന നിനക്കു പിന്നിൽ നിഴലായി ഞാൻ ഉണ്ട്. പുഴയും കാടും മലയും കടന്നു ഉയരങ്ങൾ താണ്ടി നീ മുന്നോട്ടു പോകുമ്പോൾ എനിക്കും അനുയാത്ര ചെയ്യണം. കൂറ്റൻ വൃക്ഷങ്ങൾ നിറഞ്ഞ വനത്തിൽ നിന്റെ കൂടെ എനിക്കു ആകാശം കാണണം. താഴെക്കിറങ്ങാൻ മടിക്കുന്ന സൂര്യ രശ്മികളെ ഇലകൾക്കിടയിൽ തേടണം. നിന്നോട് ചേർന്നിരുന്നു കാടിന്റെ നിശബ്ദതയിൽ അലിഞ്ഞു ചേരണം. നിന്റെ ഉടലിന്റെ ഗന്ധമോ, കാടിന്റെ മുഗ്ദസൗന്ദര്യമോ…
ഏതാവും എന്നിൽ ലഹരി നിറക്കുക?
നിന്റെ ചുണ്ടിൽ മൂളി പറക്കുന്ന പാട്ടിൻ ശകലങ്ങൾക്കായി ചെവിയോർക്കണം. നീ കൂടെയുണ്ടെങ്കിൽ എന്റെ ജീവിതം മഴവില്ലിൻ വർണങ്ങൾ പോലെ തിളങ്ങും. ഒന്നിച്ചൊരു മഴ നനയാനും ഒരു പുതപ്പിനടിയിൽ പനിച്ചു കിടക്കാനും രാവേറെ ചെല്ലും വരെ കഥ പറയാനും നിന്റെ മടിയിൽ തല വെച്ചു കിടന്നു സംഗീതം കേൾക്കാനും മതിയാകുവോളം പ്രണയം പങ്കു വെക്കാനും എനിക്ക് നീ വേണം..
ഒരിക്കൽ ഞാനൊരു സ്വപ്നം കണ്ടു. നമ്മൾ ജിപ്സികളെ പോലെ യാത്ര ചെയ്യുന്നത്… ലോറിയിലും ബസിനു മുകളിലും ഏതോ ഉൾ ഗ്രാമങ്ങളിലും മറ്റും.. ഈ ഭൂമിയിലെ സുന്ദരമായ എല്ലാ മനോഹര ദൃശ്യങ്ങളും നമുക്കൊരുമിച്ചു കാണണം. നിലാവിന്റെ വെള്ളി വെളിച്ചം ഓളം വെട്ടുന്ന തിരമാലകൾ കണ്ടു രാവേറെ ചെല്ലുവോളം കടൽ കണ്ടിരിക്കണം. ചക്രവാളത്തിൽ മിഴിയൂന്നി സൂര്യന്റെ പൊൻകതിർ മേഘങ്ങൾക്ക് നിറം പകരുന്നത് കാണണം. ഇതൊക്കെയാണ് എന്റെ മോഹങ്ങൾ..
സ്വപ്നങ്ങൾക്കാണ് ഏഴഴക്… യാഥാർഥ്യം പലപ്പോഴും ഇത്ര ആനന്ദം പകരില്ല.
എന്റെ കിനാവുകൾക്ക് നിറം പകർന്ന പ്രിയനേ… നിനക്കു നന്ദി.. ഈ ജന്മം നീ എനിക്ക് തരുന്ന സ്നേഹം, കരുതൽ…
കൂടുതൽ എന്താണ് പറയേണ്ടത്??
നിന്നോളം ഒരാളും എന്നെ മോഹിപ്പിച്ചിട്ടില്ല.
ഒരു വാക്ക് കൊണ്ട്, അല്ലെങ്കിൽ ഒരു നോട്ടം കൊണ്ട് പോലും എന്നെ ഉന്മാദി ആക്കാൻ നിനക്കു മാത്രമേ കഴിഞ്ഞിട്ടുള്ളു. എന്റെ ഹൃദയത്തിൽ നീ കൊളുത്തിയ പ്രണയത്തിന്റെ തീനാളം അണയാതെ ഇരിക്കണേ എന്ന പ്രാർത്ഥന മാത്രം.
സ്നേഹം… എന്നും
11- 11 – 2024
#എന്റെരചന
പ്രണയലേഖനം
Koottaksharangal

