മൂന്ന് വയസുകാരിയെ അച്ഛന്റെ അനിയൻ ലൈംഗികമായി പീഡിപ്പിച്ചെന്ന്. കേരളത്തിൽ തന്നെയാണ് സംഭവം. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കേട്ട മാത്രയിൽ മണ്ണെണ്ണ ഒഴിച്ച് അയാളെ കത്തിച്ചു കളയാൻ മാത്രമാണ് തോന്നിയത്.
അല്പനേരത്തേക്ക് തോന്നുന്ന ലൈംഗിക ആസക്തിയോ അതല്ലെങ്കിൽ മാനസിക വൈകല്യമോ മൂലം ഉണ്ടാകുന്ന പെരുമാറ്റപ്പിഴവിന് കൊടുക്കേണ്ടുന്ന വില എന്തെന്ന് അറിയുമോ.
എതിർഭാഗം നിൽക്കുന്ന ആളുടെ ജീവിതം.
കുഞ്ഞല്ലേ, അതിന് എന്ത് അറിയാം, വലുതാകുമ്പോൾ ഓർമ പോലും കാണില്ല എന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഒരിക്കലും അങ്ങനെ ആവരുത്. കാരണം എന്തെന്നാൽ കുഞ്ഞുന്നാളിൽ എന്നോ നേരിടേണ്ടി വന്ന ഒരു സ്പർശം കാരണം അവിടുന്ന് തൊട്ട് ഇന്നോളം ആൾക്കാരെ ഭയന്ന് ജീവിക്കുന്ന ഒരു മുപ്പത്തുകാരിയെ എനിക്ക് അറിയാം.
വീട്ടിനകത്തു നിന്ന് നേരിട്ട അനുഭവത്താൽ വ്യക്തിത്വം വികൃതമാക്കപ്പെട്ട മറ്റൊരു യുവതിയെ എനിക്ക് അറിയാം.
കാണുമ്പോൾ ഒക്കെയും മാറിൽ വന്ന് ചേരുന്ന കൈകളാൽ ബാല്യം ഭയത്തിന്റെ നിഴല് കൊണ്ടു കറുത്ത് പോയ പെൺകുഞ്ഞ്, അവളിന്ന് ഒറ്റപെട്ട് ജീവിക്കുന്നു. അവളുടെ ജീവിതവും എനിക്കറിയാം.
പ്രായത്തെക്കാൾ കൂടുതൽ ശരീര വളർച്ച വന്ന പെൺകുഞ്ഞിനെ നോക്കി അശ്ലീലം പറഞ്ഞു കൊണ്ടേയിരുന്നു ആൺകൂട്ടത്തെ എനിക്കറിയാം.
സാനിറ്ററിപാഡ് വാങ്ങാൻ കടയിലേക്ക് പോയി വരുന്ന പെൺകുട്ടിക്ക് നേരെയും അശ്ലീലം പകർത്തിയ കമന്റ് പറഞ്ഞ അവളുടെ ആൺസുഹൃത്തിനെയും അറിയും. അന്നവൾ അവിടെ അവസാനിപ്പിച്ചു അവനുമായുള്ള സൗഹൃദം.
പുറത്തേക്ക് പറയാതെ മനസ്സിൽ ഒളിപ്പിച്ചു വെച്ച ഇത് പോലെ ഓരോ കഥകൾ പേറി നടക്കുന്ന ഒരുപാട് പെൺകുട്ടികളെയും അറിയാം. ഒരുപക്ഷെ ഓരോ പെണ്ണിനും ഉണ്ടാകും അരക്ഷിതമായ ഓരോ ഓർമ്മകൾ.
എത്ര ശ്രമിച്ചാലും സ്വയം ഒരുക്കി വെച്ച കൂട്ടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം ജീവിതം ഒരു കുഞ്ഞു വൃത്തത്തിനുള്ളിൽ ഒതുക്കി വെക്കേണ്ടി വരുന്നവർ. അവർക്ക് ആരെയും വിശ്വാസം കാണില്ല. ഒറ്റപെട്ടു പോകുന്നിടത്തെ ഇരുട്ടും പരിചയമില്ലാത്തവരുടെ ചിരിയും എന്തിനധികം വീട്ടിനകത്തുള്ളവരുടെ സ്നേഹസ്പർശം പോലും ഭയപ്പാടോടെ മാത്രം സമീപിക്കുന്നവർ.
പീഡിപ്പിക്കുന്നവർ ആരാണ്. അടക്കവും ഒതുക്കവും പറഞ്ഞു കൊടുത്ത് അമ്മയും വീട്ടുകാരും വളർത്തിയ പെണ്ണ് ജനിച്ച അതേ വയറ്റിൽ ജനിച്ചവൻ – ആണ്. അധ്യാപകനാൽ, അയൽവാസിയാൽ, ബന്ധുക്കളാൽ, സഹപ്രവർത്തകനാൽ, സുഹൃത്തുക്കളാൽ…
നിങ്ങളാൽ…
നിങ്ങളുടേത് പോലെ തന്നെ അമൂല്യമേറിയതാണ് അവരുടെ ജീവിതവും എന്നൊന്ന് ഓർത്തു നോക്കൂ. നിങ്ങളുടേത് പോലെ അത്രമേൽ പ്രിയപ്പെട്ടതാണ് അവരുടെ ആഗ്രഹങ്ങളും സ്വപനങ്ങളും എന്നൊന്ന് ഓർത്തു നോക്കൂ.
എല്ലാവരും ജീവിക്കട്ടെ, മറ്റൊരാളുടെ ജീവിതം ഇരുട്ടിലേക്ക് നീട്ടി എറിഞ്ഞിട്ട് എന്ത് നേടാൻ ആണ്.


3 Comments
👍
സത്യം…… നന്നായെഴുതി👍👍
True, well penned. 👌