അച്ഛൻ വൈകുന്നേരം ആറ് ആകുമ്പോൾ ഷോപ്പടച്ച് വരും. വന്ന് കുളിച്ച് കള്ള് കുടിക്കാൻ പോകും.
ഇന്ന് പോകാതിരിക്കണേ പോകാതിരിക്കണേന്ന് ഞാനും അമ്മയും അനിയനും ഉള്ളിൽ നെലോളിക്കും.
അച്ഛൻ തിരിച്ച് വരുമ്പോഴേക്കും ഞാൻ പഠിക്കാനുള്ളതൊക്കെ തീർത്ത് വെക്കും.
ബാഗും ബുക്കുകളും ഒക്കെ എടുത്ത് വെക്കും.
അനിയൻ അവന്റെ കളിക്കോപ്പൊക്കെ മാറ്റി വെക്കും.
അമ്മ അടുക്കളയിലെ പണിയൊക്കെ തീർത്ത്,
ഞങ്ങളെ കൊണ്ട് വേഗം കഴിപ്പിക്കും.. അമ്മ കഴിക്കില്ല. നേരത്തെ കഴിച്ചാൽ
പിന്നെ അത് പറഞ്ഞാകും തല്ല്.
അയൽപ്പക്കക്കാരെ തെറിവിളിക്കണ ശബ്ദം കേൾക്കാൻ തുടങ്ങുമ്പോൾ അമ്മ ടിവി ഓഫ് ചെയ്യും.
അലേലും, ടിവി കാണുന്നുണ്ടേലും
അമ്മയുടെ കാത് പുറത്തേക്ക് ആകും.
അവൻ ആദ്യമൊക്കെ അച്ഛൻ വരുന്നതിന് മുന്നെ ഉറങ്ങാൻ ശ്രമിച്ചിരുന്നു.
പക്ഷെ എല്ലാ ദിവസോം ഒച്ചപ്പാടിൽ അവൻ
ഉണരുന്നത് കൊണ്ട് ആ പതിവ് മാറ്റി.
അഞ്ച് വയസിലേ അവൻ
പൊരുത്തപ്പെടാൻ തുടങ്ങി ജീവിതത്തോട്.
അമ്മ ഇടക്കിടക്ക് അത് പറയാറുണ്ട്,
പതിനാറ് വയസിന് ഇളയതാണേലും,
സംസാരോം പ്രവർത്തീം,
അവനാണ് നിന്റെ ചേട്ടനെന്ന് തോന്നുമെന്ന്.
അച്ഛൻ ഈ കണക്കിന് പോയാൽ
പെട്ടെന്ന് ചാവുമെന്നും,
സൈക്കിൾ ഷോപ്പ് പിന്നെ അവൻ നോക്കിക്കൊള്ളാമെന്നും,
പഠിക്കാൻ വിടണ്ട,
അവൻ പകല് അച്ഛന്റൊപ്പം പോയി പണി പഠിച്ചോളാമെന്നും ഇടക്കിടക്ക് പറയും.
ഞാനും അമ്മേം ചിരിക്കും.
അമ്മക്ക് അച്ഛൻ മരിക്കണമെന്നുണ്ടോന്ന്
ഞാൻ ചോദിക്കുമ്പോൾ അമ്മ എണീറ്റ് പോകും.
അടുക്കള ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കും.
ഞാൻ പുറകിൽ നിന്ന് കെട്ടിപ്പിടിച്ച് നിൽക്കും.
നിനക്കുണ്ടോന്ന് ചോദിക്കുമ്പോൾ ഞാനും മിണ്ടാതെ നിൽക്കും.
അവൻ മാത്രം എനിക്ക് ഉണ്ടെന്ന് തുറന്ന് പറയും.
അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം രാത്രി
ഷാപ്പിൽ നിന്ന് വരുമ്പോൾ അച്ഛന് ആക്സിഡന്റ് ആയി.
ഷാപ്പിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ രണ്ട് വളവ് കഴിഞ്ഞാൽ പിന്നെ വലിയ ഇറക്കമാണ്.
കാറിൽ കൊണ്ട് ഇടിക്കായിരുന്നു സൈക്കിൾ.
അച്ഛൻ കിടപ്പിലായി.
അങ്ങിനെ അതിന് ശേഷം രാത്രിയും അവന്റെ കളി തുടർന്നു.
അവന്റെ കളിക്കോപ്പൊക്കെ ഹാളിലും
ടേബിളിലും പകലും രാത്രിയും കിടന്നു.
ഞാൻ പഠിപ്പൊക്കെ സാവധാനമാക്കി.
അമ്മക്കൊപ്പം ടിവി കാണാൻ
ഇരിക്കും.
അമ്മ പ്രോഗ്രാമിനിടക്ക് പരസ്യം വരുമ്പോൾ മാത്രം അടുക്കളേൽ പോകും.
വിശക്കുമ്പോൾ മാത്രം കഴിക്കും ഞങ്ങൾ.
ഉറക്കം വരുമ്പോൾ മാത്രം പോയിക്കിടക്കും.
മാസം മൂന്ന് കഴിഞ്ഞു.
ഇപ്പഴും അച്ഛന് എണീറ്റിരിക്കാൻ ഒരാളുടെ സഹായം വേണം.
ഒരു ദിവസം എന്റെ ഹെഡ്സെറ്റ് കാണാനില്ല.
അനിയന് ഒരു സ്വഭാവമുണ്ട്.
അവനെ ചീത്ത പറഞ്ഞാലോ
അടിച്ചാലോ,
നമ്മുടെ എന്തേലൊക്കെ ഒളിപ്പിച്ച് വെക്കും.
അന്ന് അവന് എന്റേന്ന് അടികിട്ടിയിരുന്നു.
അതോണ്ട് തന്നെ ഞാൻ ആദ്യമേ അവന്റെ
സങ്കേതത്തിൽ കേറിത്തപ്പി.
ഹെഡ്സെറ്റ് കിട്ടി.
ഒപ്പം മറ്റൊന്നും.
സൈക്കിളിന്റെ ബ്രേക്ക് കട്ടകൾ !!!
കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല എനിക്ക്.
ഞാൻ അത് അമ്മക്ക് കൊണ്ട് കൊടുത്തു.
അമ്മ അവനെ വിളിച്ച് ചോദിച്ചു.
ആക്സിഡന്റ് നടക്കുന്ന അന്ന്, ഷാപ്പിൽ പോണേന് മുന്നെ അച്ഛൻ കുളിക്കാൻ കേറിയപ്പോൾ അവൻ ഊരിയെടുത്തതാണ്.
അമ്മ അത് ചോറ് വേവുന്ന അടുപ്പിലിട്ടു.
അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
ഞാൻ വൈകുന്നേരം അവനേം കൊണ്ട്
കൊള്ളീം ബോട്ടീം കഴിക്കാൻ പോയി.
അവന് ഭയങ്കര ഇഷ്ടാണ് തട്ട് കടയിൽ പോയി കഴിക്കാൻ.
അതിന്റെ രണ്ടിന്റെ അന്ന്,
അമ്മ മുണ്ട് മാറ്റിക്കൊടുക്കുമ്പോൾ അച്ഛൻ അമ്മയോട് ചോദിച്ചു.
ഒന്ന് കൊന്ന് തരോ എന്ന്.
അവനത് കേട്ടിരുന്നു.
രാത്രി അവൻ അച്ഛന്റെ അടുത്ത് ചെന്നിരുന്നു.
രണ്ട് കാലും തടവിക്കൊടുത്തു.
“അച്ഛൻ ഇപ്പോ അനുഭവിക്കുന്നതിനേക്കാൾ വേദന അമ്മ എന്നും അനുഭവിച്ചിരുന്നു.
അത്ര ഇലേല്ലും ചേട്ടനും ഞാനും അനുഭവിച്ചിരുന്നു.
അച്ഛൻ ക്ഷമിക്കണം അന്ന് ഞാൻ അമ്മയോട് നുണ പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി, അച്ഛൻ്റെ പിന്നാലെ വന്നിരുന്നു.
അച്ഛൻ ഷാപ്പിൽ ഇരുന്ന് കുടിക്കുമ്പോൾ ഞാൻ സൈക്കിളിന്റെ ബ്രക്ക് കട്ടകൾ ഊരി മാറ്റിയിരുന്നു. “
അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല.
കുറെ കരഞ്ഞു.
പിന്നെ അമ്മയെ വിളിച്ച് മാപ്പ് പറഞ്ഞു.
പിറ്റേന്ന് കാലത്ത് അച്ഛൻ ആരുടേം സഹായമില്ലാതെ എണീറ്റിരുന്നു.
കാല് നിലത്ത് കുത്തി എണീറ്റ് നിന്നു.
Vineeth Valsala Vijayan


5 Comments
നന്നായി എഴുതി 👍
ഹൃദയം തൊടുന്ന എഴുത്ത്👍❤️
തിരിച്ചറിവുകൾ.. നന്നായി എഴുതി
നന്നായിരിക്കുന്നു. ഇഷ്ട്ടമായിട്ടോ❤️💐👌
നന്നായി എഴുതി. മനസ്സിൽ തട്ടി. 👏👌