സ്ത്രീജന്മം പുണ്യജന്മം എന്നേറ്റ് ചൊല്ലിയ മലയാളികളേ, അപ്പോൾ പുരുഷജന്മമോ? അവരുടെ പുണ്യജന്മമാണോ അതോ ശപിക്കപ്പെട്ട ജന്മമോ?
അതിനെക്കുറിച്ച് നമുക്കൊന്ന് സംസാരിക്കാം. നമ്മുടെ നാട്ടിൽ ഒരു പുരുഷൻ ജനിക്കുന്നതോടെ അവന്റെ തൊഴിൽ, വിദ്യാഭ്യാസം, ജീവിതം ഇത്യാദി കാര്യങ്ങൾ ആദ്യത്തെ കുറച്ചു മണിക്കൂറിനുള്ളിൽ തീരുമാനം ആകും അല്ലെങ്കിൽ ആക്കും. അതിനാണല്ലോ ബന്ധുക്കൾ. ഇനി അവൻ വളർന്നു വലുതായി ഇഷ്ടമുള്ള എന്തെങ്കിലും പഠിക്കണമെന്ന് പറഞ്ഞാലോ? അതിന് ജോലി സാധ്യതയില്ലെന്ന് പറഞ്ഞു മുടക്കാനും കാണും ബന്ധുമിത്രാദികളും പിന്നെ വീട്ടിലെ ജന്മശത്രുക്കളായ അച്ഛനുമമ്മയും. അച്ഛനുമമ്മയുമൊക്കെ അപ്പോളേക്കും ശത്രുപക്ഷത്തായി കാണുമല്ലോ?
ഇനി ഈ പ്രസ്തുതപുരുഷജന്മമെങ്ങാനും പഠിക്കണ്ട,എനിക്ക് വല്ല സ്വയം തൊഴിൽ ചെയ്താൽ മതിയെന്നെങ്ങാനും പറഞ്ഞാ കഴിഞ്ഞു കഥ. ആരുടെ? അവന്റെ? അവന്റെ ഫാവി, വർത്തമാനം, പിന്നെ അവന്റെ വീട്ടിലെ പെങ്ങന്മാരുടെ ഫാവി, പിന്നെ അപ്പുറത്തെ വീട്ടിലെ നന്നായി പഠിച്ചു പ്ലെസ്‌മെന്റ് നേടിയ അവന്റെ പഴയ കളിക്കൂട്ടുകാരന്റെ വീരഗാഥകൾ എല്ലാം അപ്പോളേക്കും വാഴയെന്ന് ചെല്ലപ്പേര് വീണ അവന്റെ കാതുകളെ കുളിരണിയിപ്പിക്കും.അവന്റെ സ്വപ്‌നങ്ങൾ വാഴക്ക് വളമായി കുഴിച്ചു മൂടുകയും ചെയ്യും.

ബാല്യവും കൗമാരവും അങ്ങനെ തീർന്ന് വിവാഹപ്രായത്തിന്റെ വക്കിലെത്തി നിൽക്കുമ്പോളാണ് കമ്പോളത്തിൽ തന്റെ “മൂല്യം” എന്താണെന്ന് ഒരു യുവാവ് മനസ്സിലാക്കുന്നത്. സർക്കാർ ജോലി അല്ലെങ്കിൽ വിദേശജോലി ഇല്ലെങ്കിൽ പിന്നെ മുപ്പതും നാൽപതുമായാലും കെട്ട് നടക്കുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. ഇനിയെങ്ങാനും പ്രേമിച്ചു വല്ല പെണ്ണിനേയും കെട്ടിയാലോ? നാട്ടുകാരുടെയും വീട്ടുകാരുടെയും ഒപ്പം അവളുടെ കുറ്റപ്പെടുത്തലുകൾ കൂടി കേൾക്കണം. നാട്ടിലെ പ്രശ്നങ്ങളിൽ ഇടപെട്ടാൽ വീട്ട്കാര്യം നോക്കാത്തവനും ഒന്നിലും ഇടപെടാതെ ജീവിച്ചാൽ പഴങ്കഞ്ഞിയും ആയി മറ്റുള്ളവരുടെ മനസ്സിൽ രൂപാന്തരം പ്രാപിക്കുന്ന പുരുഷജന്മം.
ഒടുവിൽ സ്വന്തം മക്കളുടെ സൂപ്പർ ഹീറോയായി ഹ്രസ്വകാലം. കുഞ്ഞുങ്ങൾക്ക് പത്തു പതിനഞ്ചു വയസ്സാകുമ്പോളേക്കും അവർക്ക് വീട്ടിലെ ഫർണിചർ ആയികഴിഞ്ഞിട്ടുണ്ടാവും അച്ഛന്മാർ. എന്നും ഒരേ സ്ഥാനത്തിരിക്കുന്ന ഒരു ശബ്ദം പോലും പുറപ്പെടുവിക്കാത്ത ഒരു ജീവി. നര വീണു തുടങ്ങുമ്പോളേക്കും വീടിന്റെ കാവൽകാരനായി ജീവിക്കുന്ന പുരുഷജന്മങ്ങളെ കാണാതെ പോകരുതേ. അവർ പുണ്യജന്മങ്ങൾ ഏതായാലുമല്ല. പിന്നെ…?
വാൽകഷ്ണം : ഇത് എല്ലാ പുരുഷന്മാരെയും ജീവിതമല്ല. ഇതിനിടയിൽ ഇഷ്ടമുള്ള വഴി തിരഞ്ഞുപിടിച്ചു സ്വന്തം സന്തോഷങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ചുരുക്കം ചിലരുമുണ്ട്.
ഷിജു


6 Comments
കാര്യം ശരിയാണ് എന്നാലും ഞങ്ങളുടെ ബാല്യ കൗമാര യൗവന കാലഘട്ടങ്ങളിൽ പുരുഷജന്മങ്ങൾക്കായിരുന്നു എവിടെയും Preference.
@Suma Jayamohan ഇന്നും നമ്മുടെ അച്ഛന്മാരുടെ ജനറേഷൻ വരെയൊക്കെ അങ്ങനെ തന്നെ. പക്ഷെ ഇന്നത്തെ ചെറുപ്പക്കാർ കുറെയൊക്കെ അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്.
Hmm.
പുരുഷന്മാരിലും എല്ലാ തരക്കാരുമുണ്ട്.
@joyce അതു ശരിയാ
good narrative 🥰
@jauhara thank you 🙏🏽