മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്- ഒരു പാട്ടുമത്സരത്തിന് എനിക്കൊരു സമ്മാനം കിട്ടി. കൊതിപ്പിക്കുന്ന നിറക്കൂട്ടിൽ ഒരു കുഞ്ഞ് സ്കാർഫ്.. മഴവില്ലഴകിൽ ഒരു വർണ്ണ വിസ്മയം. സമ്മാനങ്ങൾ ഇന്നത്തെതുപോലെ അത്ര സുലഭമായിരുന്നില്ലല്ലോ അന്ന്. അതുകൊണ്ടുതന്നെ ആ സമ്മാനം എന്നെ ഏഴാം സ്വർഗ്ഗത്തിലെത്തിച്ചു. ആകെ കിളി പോയ അവസ്ഥ! സ്കാർഫും പൊക്കിപ്പിടിച്ച് ഞാൻ അയൽ വീടുകളിലെല്ലാം ഓടി നടന്നു.
സ്റ്റേജിൽ കയറി ഞാൻ പാട്ടുപാടിയെന്നും ജഡ്ജസിനെ എല്ലാം ഞെട്ടിച്ചു കളഞ്ഞു എന്നും ‘ഒന്നാം സമ്മാനം ഇവൾക്ക് തന്നെ’യെന്ന് അവർ ഒന്നടങ്കം കൂട്ടത്തോടെ ആർത്തുപറഞ്ഞെന്നും ഒക്കെ തട്ടിവിട്ട് അയൽ വീട്ടിലെ സമപ്രായക്കാരെയെല്ലാം ഞാൻ കുശുമ്പിന്റെ കുന്നേൽ കയറ്റി. എന്നിട്ടും മതിയാഞ്ഞ് പറമ്പ് മുഴുവൻ ഓടിനടന്ന് മുക്കിലും മൂലയിലും എല്ലാം മുട്ടുകുത്തി സ്കാർഫ് തലവഴിയിട്ട് ആകാശം നോക്കി പ്രാർത്ഥിക്കുന്നതായി ഭാവിച്ചു.. ഉറക്കെയുറക്കെ പാട്ടുപാടി. നിലംപറ്റെവീണ് ആശീർവാദം സ്വീകരിച്ചു. എല്ലാം കഴിഞ്ഞ് സംഭവം തലയിൽ നിന്നൂരി കൊതിയോടെ വീണ്ടും നോക്കുമ്പോൾ ഒരു ചിന്ന സംശയം… അവിടവിടെ മണ്ണു പറ്റി ആകെ മുഷിഞ്ഞില്ലേ ! എങ്കിൽപ്പിന്നെ കഴുകുക തന്നെ.
എന്നും കുളിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇതുപോലുള്ള ചില പ്രത്യേക അവസരങ്ങളിൽ എന്നിലെ വൃത്തി ബോധം സട കുടഞ്ഞെഴുന്നേൽക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെയുംവീട്ടിൽ നിന്നും നൂറടി മാറി ആർക്കും പെട്ടെന്ന് കണ്ണെത്തില്ലാത്തൊരിടത്ത് ഞങ്ങൾക്കുണ്ടായിരുന്ന ഓലിയ്‌ക്കരികെ ഞാൻ ഓടിയെത്തും. ചെറിയൊരു പാറ ഇടുക്കും, കഷ്ടിച്ച് ഒരടി ഒന്നരയടി ആഴമുള്ള ഒരു കുഴിയും പിന്നെ അത് കവിഞ്ഞ് ഒഴുകുന്ന വെള്ളം തീർക്കുന്ന ഒരു ചാലും. വർഷത്തിൽ ആറുമാസം അവിടെ തണുത്ത തെളിനീർ ഉണ്ടാവും.. ഒരു പ്രത്യേക രുചിയായിരുന്നു ആ വെള്ളത്തിന്…എന്റെ ബാല്യത്തിന്റെ ക്യാൻവാസിൽ ഒരു സ്ഥിരം കഥാപാത്രമായിരുന്നു ആ ഓലി. ആരുമത്ര പെട്ടെന്ന് എത്താത്ത ഒളി സങ്കേതം! സ്വന്തമായി ഞങ്ങൾക്കൊരു കിണർ ഇല്ലാതിരുന്നതിനാൽ ജൂൺ മുതൽ ഡിസംബർ വരെ ഈ ഓലിയായിരുന്നു ഞങ്ങളുടെ വീടിന്റെ കുളിയുടെയും കുടിയുടെയും നനയുടെയും ഒക്കെ കേന്ദ്രം.
ഏതായാലും മേൽപ്പറഞ്ഞ സ്കാർഫിന് കുളിക്കാൻ മുട്ടിയപ്പോൾ ഓലിയിൽ വെള്ളമുണ്ടായിരുന്നു. വീണ്ടും പറയട്ടെ- വൃത്തിയുടെ കാര്യത്തിൽ ഞാൻ spic and span.. spotless ആയിരുന്നു ഇങ്ങനെയുള്ള ചില ചില വിശേഷാവസരങ്ങളിൽ! സ്കാർഫെടുത്ത് ഓലിയിൽ നിന്ന് ഒഴുകുന്ന ചാലിൽ മുക്കി അടുത്തിരുന്ന വാരസോപ്പുമിട്ട് (ബാർ സോപ്പ്) ഞാൻ കിടുക്കാച്ചി ഒരലക്കങ്ങലക്കി. അമ്മച്ചിയും ചേച്ചിമാരും ഒക്കെ വീട്ടിലെ കൈക്കലത്തുണി മുതൽ ബെഡ്ഷീറ്റ് വരെ അറഞ്ചം പുറഞ്ചം ഇട്ടലക്കുന്നത് നമ്മള് നിത്യവും കണ്ടുകൊണ്ടിരിക്കുന്നതല്ലേ… അതിൽ കൂടുതൽ എക്സ്പീരിയൻസ് എന്തുവേണം?
എന്റെ expertise മുഴുവൻ പുറത്തെടുത്ത് ഞാനങ്ങോട്ടലക്കി… അലക്കാൻ അറിയില്ലെന്ന് ഇനി ഒരാളും നാവെടുത്തു പറയാൻ ഇടവരരുത്.. അമ്മാതിരി അലക്ക്! അലക്കിന്റെ ആവേശത്തിൽ തുണിയുടെ ഗുണം എന്താ മണമെന്താ എന്നൊന്നും നോക്കാൻ പോയില്ല. പക്ഷേ ഇടയിലെപ്പോഴോ അറിയാതെ ഞാൻ താഴേക്ക് ഒന്ന് നോക്കിപ്പോയി. അപ്പോളുണ്ട്- വെള്ളത്തിന് ആകെ ഒരു വശപ്പിശക്… ഒരു മഴവിൽ കളർ! ഞെട്ടി…. ഞാൻ മാത്രമല്ല, ഓലിയും ചാലും വെള്ളവും ചുറ്റുമുള്ള കുന്നും മരങ്ങളും എല്ലാം എല്ലാം!!! ഞെട്ടി എന്നു പറഞ്ഞാൽ രാഷ്ട്രീയക്കാരെ തോൽപ്പിക്കുന്ന ഞെട്ടൽ.എന്താ കാര്യം?? കയ്യിലിരുന്ന സ്കാർഫ് കാണാനില്ല… പകരം നിറമോ മണമോ ഗുണമോ ഒന്നുമില്ലാത്ത ഒരു കീറ് വലക്കഷണം മാത്രം!!!!
ഓടിനടന്ന് ഞാൻ അവിടെല്ലാം എന്റെ പ്രിയപ്പെട്ട സ്കാർഫിനെ തിരഞ്ഞു. ങേഹെ! ഫലം നാസ്തി.. ഓലിയിലില്ല, ചാലിലില്ല. മഴവിൽ വെള്ളത്തിലും ഇല്ല! ഒരു നടുക്കത്തോടെ ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു- കുറച്ചുനേരത്തേക്കാണെങ്കിലും എന്നെ അഭിമാനത്തിന്റെ, അഹങ്കാരത്തിന്റെ കൊടുമുടിയിൽ എത്തിച്ച ആ നിറക്കൂട്ട്എന്നെന്നേക്കുമായി എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നു!!
മരടിലെ ഫ്ലാറ്റ് സമുച്ചയം പോലെ…
അമേരിക്കയിലെ ട്വിൻ ടവർ പോലെ…
ഒരു നിമിഷം കൊണ്ട് തിങ്ങി വീർത്തു നിന്നിരുന്ന എന്റെ പിഞ്ചു ഹൃദയം തകർന്നു തരിപ്പണമായി. അന്നുതൊട്ട് പിന്നീട് എവിടെപ്പോയാലും ആ അഴകിനായി ഞാൻ തിരഞ്ഞു. പഠനാർത്ഥം നാടുകടന്നപ്പോഴും ജോലിസംബന്ധമായി നഗരങ്ങളിൽ ചേക്കേറിയപ്പോഴും, പിന്നെ, ഏഴാം കടലിനക്കരെ അറബിക്കഥകളുടെ മായികലോകത്തെത്തിയപ്പോഴും,അതിനും ശേഷം, പല വർണ്ണങ്ങളിൽ വാക്കുകൾ പൂക്കുന്ന ഐറിഷ് തെരുവുകൾ നടന്നളന്നപ്പോഴും ഒക്കെ എന്റെ കണ്ണുകൾ അതിനെ,അതിനെ മാത്രം തിരഞ്ഞു…. എന്നിട്ടും തുണിത്തുണ്ടിലൊളിച്ച ആ അഴക് എനിക്ക് നഷ്ടബോധം മാത്രം സമ്മാനിച്ച് കാണാമറയത്ത് നിന്നു!! ഇടയ്ക്കിടെ കിനിയുന്ന നോവിന്റെ കീറായി എന്നിലത് കുടി പാർത്തു…
അങ്ങനെ ഇരിക്കുമ്പോഴാണ് ഈയിടെ അപ്രതീക്ഷിതമായി സംഭവം എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്…
വെറുമൊരു നോക്കുകുത്തിയായി വീട്ടിലിരുന്ന ടിവി പിള്ളേരുടെ ശല്യപ്പെടുത്തൽ സഹിക്കവയ്യാതെ ഈ അടുത്തനാളിൽ ഞങ്ങൾ റീചാർജ് ചെയ്തു. കാർട്ടൂണും സ്പോർട്സും മാത്രം മാറിമാറി അതിൽ കളിച്ചു. ഇടയ്ക്ക് എപ്പോഴോ അവർ ചാനൽ മാറ്റി കളിക്കുന്നതിനിടയിലാണ് പിന്നിമടക്കി ഒരു പൂവഴകിൽ ആ സൗന്ദര്യത്തെല്ല് എന്റെ കണ്ണിലുടക്കിയത്! ചാടി വീണ ഞാൻ റിമോട്ട് കൈക്കലാക്കി. പൈതങ്ങൾ വിരണ്ടു പോയി! അമ്മയ്ക്ക് ഏതോ ബാധകേറി എന്നാണ് അവരുകരുതിയത്! ഞെക്കിയും തിരിച്ചും വീണ്ടും ഞെക്കിയും ഓടിയൊളിച്ച ആ ചാനലിനെ ഞാൻ തിരികെ വിളിച്ച് കളത്തിലിരുത്തി. അതാ! ആ ചാനലിന്റെ കോണിൽ ഇരുന്ന് എന്റെ പുന്നാര സ്കാർഫ് എന്നെ നോക്കി പല്ലിളിക്കുന്നു! അതിനടിയിലെ എഴുത്ത് ഞാൻ ആർത്തിയോടെ വായിച്ചു… ഫ്ലവേഴ്സ് ടിവി!!!!

ഞാൻ ഗുരുതരമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം… അടിമുടി ഞാൻ വിറച്ചു. S K N… അതെ സാക്ഷാൽ ശ്രീകണ്ഠൻ നായർ ആയിരുന്നു എന്റെ സ്കാർഫ് അന്ന് മോഷ്ടിച്ചത്.. അതും പതിറ്റാണ്ടുകൾക്കിപ്പുറത്ത് ആരംഭിക്കപ്പെടുവാൻ നിയോഗമുണ്ടായിരുന്ന ഒരു ചാനലിന് വേണ്ടി!

ഇനി നിങ്ങൾ പറ… ബൗദ്ധിക/ സർഗാത്മക അവകാശത്തിനു വേണ്ടി ഏത് കോടതിയെയാണ് ഞാൻ സമീപിക്കേണ്ടത്??? അതോ സൃഷ്ടിയിലേ വഞ്ചിക്കപ്പെട്ട എനിക്ക് ഇതും സൃഷ്ടിയുടെ തന്നെ മറ്റൊരു വഞ്ചനയാണെന്ന് വരുമോ!


20 Comments
ഇതോടെ നർമ്മം ഞാനങ്ങു നിർത്തി🤣 എന്തൊരൊഴുക്കിലാണ് നർമ്മം മഴവില്ലഴകിൽ ഇളകി വരുന്നത്. ഗംഭീരം സിൽവി SKN നെ വിടരുത്. എന്തൊരു ചതിയാണ് അതിയാൻ ചെയ്തത്.👌👌❤️❤️❤️
സ്കാർഫ് കഥ കൊള്ളാം സിൽവി അല്ലെങ്കിലുo SKN ആളു ശരിയല്ല.😄
എന്നാലും ആ SKN എന്തൊരു ചതിയാണു ചെയ്തത് അല്ലേ സിൽവീ😂
നിഷ്ക്കുവായ ഒരു മൂന്നാം ക്ലാസുകാരിയുടെ സ്ക്കാർഫെടുത്ത് ഒളിച്ചു വെച്ച് …….ഓ…..
കേസ് കൊടുത്തേ പറ്റൂ.സാക്ഷി പറയാൻ വരണോ?
പണ്ടു കോടതിയിൽക്കയറി മുട്ടിടിച്ച അനുഭവമുണ്ട്😀😀
വായിച്ചു രസിച്ചു❤️❤️❤️
കലക്കി , എന്നാലും ഇങ്ങനെ പറ്റിക്കണ്ടാർന്നു ആ പാവം കൊച്ചി നേ 😃😃😃💕💕💕
എഴുത്ത് വായിക്കാൻ രസമുണ്ട് സാഹിതും ഇത്തിരി കൂടി ആകാം സ്കൂളിൽ പഠിച്ച twins ൽ ഒരാളാണ് Navya 8 Remya ഓർമ്മയുണ്ടെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു
പിന്നേ… ഓർമയുണ്ട്. രണ്ടുപേരും ഇപ്പോൾ എന്തുചെയ്യുന്നു?
😆
നല്ല നർമ്മബോധ5ത്തോടെയുള്ള എഴുത്ത്…. ഇഷ്ടമായി.
കേസ് കൊടുക്കണം പിള്ളേച്ചാ… കൂട്ടത്തിൽ എന്റെ കാണാതായത് എന്തേലും കിട്ടിയാലോ… 😅
തീർച്ചയായും കേസ് കൊടുക്കണം…… ഓലിയും മാനവും കാറ്റുമൊക്കെ സാക്ഷികളായുണ്ടല്ലോ…… നന്നായെഴുതി👍❤️
Thank you… സാക്ഷികൾ ഉണ്ട്പ.ക്ഷേ ഒത്തൊരു വക്കീലിനെ കിട്ടണ്ടേ🤣🤣🤣
നല്ല എഴുത്ത്! ഇനിയും നല്ലതാക്കാൻ ആശംസകൾ
താങ്ക്യൂ ഡിയർ ❤️
🤣🤣🤣🤣🤣🤣🤣🤣
🤣🤣🤣
SKN ഇത് വല്ലതും അറിയുന്നുണ്ടോ ആവോ
അറിഞ്ഞാൽ മതിയായിരുന്നു🤣🤣🤣🤣
സ്കാർഫ് കഥ കൊള്ളാം സിൽവി അല്ലെങ്കിലുo SKN ആളു ശരിയല്ല.😄
ചേച്ചി.. നിങ്ങളൊരു രക്ഷേം ഇല്ലാട്ടോ.. എന്നിട്ട് കേസ് കൊടുത്തോ ചാനലിനെതിരെ? അതോ skn നെതിരെയൊ? 😃😃
വക്കീലിനോട് സംസാരിച്ചുകൊണ്ടിരിക്കുവാ 🤣🤣🤣
രസകരം
താങ്ക്യൂ ജോയിസ് ❤️