നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായതും,നമ്മുടെ പാരമ്പര്യവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതുമാണ് പ്രസവത്തിന് ശേഷമുള്ള രക്ഷ. വൈദ്യശാസ്ത്രം അത്രയൊന്നും നിഷ്കർഷിക്കാത്ത കുറെയേറെ കാര്യങ്ങൾ ഇതിനോട് ബന്ധപ്പെട്ടുണ്ട്. എന്നാൽ പലപ്പോഴും കൃത്യമായ ഒരു ‘വേണ്ടാ’ പറച്ചിൽ ആരിൽ നിന്നും ഉണ്ടാവാറില്ല. ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രസവാനന്തര രക്ഷയ്ക്ക് ഒരു സുഖ ചികിത്സ എന്നതിൽ കൂടുതൽ പ്രാധാന്യമില്ല. എന്നിരുന്നാലും, ഇത്തരം കാര്യങ്ങൾ വിലക്കുന്നതിനേക്കാൾ എളുപ്പം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ രക്ഷ ചെയ്യരുത് എന്ന് പറയുന്നതാവും. പ്രസവിച്ചുകിടക്കുന്ന സ്ത്രീകളുടെ മാനസികാരോഗ്യവുമായി കൃത്യമായി ഈ കാര്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതിനാൽ
ഇതിനോട് ചേർന്നുള്ള കുറച്ച് പ്രധാന കാര്യങ്ങൾ താഴെ ചേർക്കുന്നു.
1. വയറ് ചാടും എന്ന് കരുതി വെള്ളം കൊടുക്കുന്നത് വിലക്കുന്നത്…
ഒരു കാലത്ത് വളരെ നിഷ്കർഷതയോടെ ചെയ്തുകൊണ്ടിരുന്നതും അബദ്ധമാണെന്ന് ഇപ്പോൾ ആളുകൾക്ക് മനസിലായതുമായ കാര്യമാണ് മുകളിൽ പറഞ്ഞത്. എന്നാലും ചുരുക്കം ചിലരെങ്കിലും ഇപ്പോഴും ഇതു പിന്തുടരുന്നുണ്ട്. പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾക്ക് വിശപ്പും ദാഹവും കൂടുതൽ ഉണ്ടാവാം. മുലപ്പാലിൽ 80% ജലാംശമാണ്. അതുകൊണ്ടുതന്നെ പാൽ നന്നായി ഉണ്ടാവാനും അമ്മമാരിലെ നിർജ്ജലീകരണം കുറയ്ക്കുവാനും മുലയൂട്ടുന്ന അമ്മമാർക്ക് 3 മുതൽ 4 ലിറ്റർ വെള്ളം നിർബന്ധമായി കൊടുക്കേണ്ടതാണ്.
2. പ്രസവരക്ഷയിലെ മരുന്നുകൾ ക്രമം തെറ്റാതെ കൃത്യമായി കഴിക്കണം എന്ന നിഷ്കർഷ…
പ്രസവ രക്ഷാ മരുന്നുകൾക്ക് ഒരുപാട് ഗുണങ്ങൾ ആയുർവേദം പറയുന്നുണ്ട്. ഒന്നിനെയും തള്ളുന്നില്ല. പ്രസവരക്ഷയുടെ പ്രഥമലക്ഷ്യമെന്നത് അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുക എന്നത് തന്നെയാണ്. എന്നാൽ ഗുണത്തെ കരുതി ചെയ്യുന്നത് അവർക്ക് ദോഷമായി ഫലിച്ചുകൂടാ. ഇവിടെ ചെയ്യുവാൻ കഴിയുന്നത് അമ്മമാരുടെ ഇഷ്ടങ്ങൾകൂടി അറിഞ്ഞുകൊണ്ടുള്ള ശുശ്രൂഷകൾ ആവണം നമ്മൾ ചെയ്യേണ്ടത്. തയ്യാറാക്കേണ്ട ഏതെങ്കിലും ഔഷധങ്ങളിൽ അവർക്ക് കഴിക്കാൻ താല്പര്യമില്ലാത്തത് ഉണ്ടെങ്കിൽ ദയവ് ചെയ്ത് നിർബന്ധിപ്പിച്ചു വഴക്കുണ്ടാക്കി കഴിപ്പിക്കാതെ ഇരിക്കുക. സാധാരണയിൽ തന്നെ ക്ഷീണിച്ചും ഹോർമോൺ മാറ്റങ്ങൾ മൂലം കുറച്ചൊരു വൈകാരിക തലത്തിലും നിൽക്കുന്ന പുതിയ അമ്മമാരെ ഇത്തരം നിഷ്ക്കർഷകൾ കൂടുതൽ ബുദ്ധിമുട്ടുകളിലേയ്ക്ക് എത്തിക്കുന്നു.
കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ അമ്മമാർ കഴിക്കുന്നത് ഒഴിവാക്കുക. അതായത് പ്രസവരക്ഷയിലെ ചില മരുന്നുകൾ കഴിക്കുമ്പോൾ ചില കുഞ്ഞുങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതായി കാണപ്പെടാറുണ്ട്. കുഞ്ഞുങ്ങൾക്ക് വയറിൽ വായു കെട്ടുക, വയറുവേദന, വയറിളക്കം, വയറ്റിൽ നിന്ന് പോവാൻ ബുദ്ധിമുട്ട് ഇങ്ങനെയൊക്കെ. ഇവയിലേതെങ്കിലും കുഞ്ഞിനു കാണപ്പെട്ടാൽ ആ കഴിച്ച മരുന്ന് അമ്മമാർ ദയവു ചെയ്ത് നിർത്തുക. ഓർക്കുക, കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷയും മറ്റെന്തിനേയുംകാൾ വലുതാണ്.
3. വയറുകുറയാൻ പ്രസവിച്ച സ്ത്രീകളുടെ വയറിൽ വലിച്ചുമുറുക്കി തുണികെട്ടുന്ന ശീലം…
ഇതും ഒഴിവാക്കേണ്ടതാണ്. മുറുക്കി തുണി കെട്ടിയതുകൊണ്ട് വയറ് കുറയില്ല. സ്ത്രീകൾക്ക് അസ്വസ്ഥത മാത്രമേ ഉണ്ടാകൂ. എന്നാൽ ശരിയായ വലുപ്പത്തിലുള്ള ‘abdominal binders’ സ്ത്രീകളുടെ പേശികൾക്ക് ഒരു പിന്താങ്ങ് കൊടുക്കുന്നതും നടുവിന് ശക്തിയും ദൃഢതയും പ്രസവത്തിന് ശേഷമുള്ള ആദ്യനാളുകളിൽ നൽകുന്നതിന് സഹായിക്കുന്നതുമാണ്.
മിലു സൂസൻ തോമസ്
സൈക്കോളജിസ്റ്റ്,
മദർ ഹോസ്പിറ്റൽ, തൃശ്ശൂർ


3 Comments
വിജ്ഞാനപ്രദം
നല്ല അറിവുകൾ ….. പങ്കുവച്ചതിൽ നന്ദി🙏👍
Very informative 👌