മറവിയേക്കുറിച്ചുള്ള ബ്ലോഗുകൾ നാം വായിച്ചു കഴിഞ്ഞു. ഓർമ്മയേക്കുറിച്ചും വളരെയേറെ കാര്യങ്ങൾ ജോയ്സിൻ്റെ ‘ഫ്ളാഷ് ബൾബ് ‘എന്ന ബ്ലോഗിൽ നിന്നും മനസ്സിലാക്കി. എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങൾ നിങ്ങൾക്കായി പങ്കുവെയ്ക്കുകയാണ്.
മനുഷ്യജീവിതത്തെ ഏറ്റവും സുന്ദരമാക്കുന്നതെന്താണെന്നു ചോദിച്ചാൽ നിസ്സംശയം പറയാം നമ്മുടെ ഓർമ്മകളാണെന്ന്. നമ്മുടെ ശരീരത്തിലെ ഒരത്ഭുത പ്രപഞ്ചമായ തലച്ചോറിൻ്റെ ഒട്ടനവധി ശേഷികളിൽ ഒന്നാണ് ഓർമ്മ. ഓർമ്മയുടെ രൂപപ്പെടൽ വളരെ സങ്കീർണ്ണവും തലച്ചോറിൻ്റെ ഒട്ടുമിക്ക പ്രധാന ഭാഗങ്ങളും ഉൾപ്പെടുന്നതുമാണ്. ഇത് എൻകോഡിംഗ്, കൺസോളിഡേഷൻ, റീട്രീവൽ എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് പൂർത്തീകരിക്കുന്നത്
ഓർമ്മയെ രജിസ്റ്റർ ചെയ്യുന്നതാണ് എൻകോഡിംഗ് (Encoding). ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവിനെ തലച്ചോറിനു സൂക്ഷിക്കാൻ പററുന്ന രീതിയിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. ചിത്ര രൂപത്തിലും ശബ്ദരൂപത്തിലും അറിവിൻ്റെ രൂപത്തിലുമാണ് മാറ്റപ്പെടുന്നത്.
എൻകോഡ് ചെയ്ത അറിവുകൾ ദീർഘകാല പ്രവർത്തനമായി മാറ്റുന്നതാണ് കൺസോളിഡേഷൻ (Consolidation) അഥവാ കരുതിവെയ്ക്കൽ
കൺസോളിഡേറ്റു ചെയ്ത അറിവുകളെ ആവശ്യമുള്ള സമയത്ത് വീണ്ടെടുക്കുന്നതിനെയാണ് റിട്രീവൽ (Retrieval ) എന്നു പറയുന്നത്.
ഈ മൂന്നു ഘട്ടങ്ങളിൽ എവിടെയെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോഴാണ് നാം മറവി എന്നു പറയുന്നത്.
ഓർമ്മകളെ പ്രധാനമായും മൂന്നായി തരംതിരിക്കാം
1)സെൻസറി മെമ്മറി :
നമ്മുടെ ചുറ്റുമുള്ള ധാരാളം അറിവുകൾ അല്പ സമയത്തേക്കു (സാധാരണ ഒരു സെക്കൻ്റിൽ താഴെ) നിലനിർത്തുന്നതാണിത്.
2)വർക്കിംഗ് മെമ്മറി:
നമ്മൾ ചെയ്യുന്നതോ ചിന്തിക്കുന്നതോ ആയ കാര്യങ്ങളേക്കുറിച്ചുള്ള ഓർമ്മശകലങ്ങൾ തലച്ചോറിൽ അല്പസമയം പ്രവർത്തനക്ഷമമായി നിർത്തുന്നതാണിത്
3) ലോംഗ് ടേം മെമ്മറി:
ദീർഘകാല ഓർമ്മ രണ്ടു തരത്തിലുണ്ട്.
a)നമ്മൾ അനുഭവങ്ങളിലൂടെ നേടിയെടുത്തതും ബോധപൂർവ്വം ഉപയോഗിക്കുന്നതുമായ ഡിക്ലറേറ്റീവ് മെമ്മറി
b) ബോധപൂർവ്വമല്ലാതെ ഉപയോഗിക്കുന്ന നോൺഡിക്ലറേറ്റീവ് മെമ്മറി
ഓർമ്മശക്തിയെ കുറയ്ക്കുന്ന ഒരുപാടു പ്രശ്നങ്ങളുണ്ട്. ചിലത് തലച്ചോറിൻ്റെ രോഗങ്ങളാവും . മറ്റുചിലത് നമ്മുടെ ജീവിതവും ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങളാവും. ഇവയെല്ലാം ഓർമ്മയുടെ നിലനിൽപ്പിനെ ബാധിക്കും. അവയേക്കുറിച്ചൊക്കെ നാം വായിച്ചറിഞ്ഞു കഴിഞ്ഞു.
ഓർമ്മ എങ്ങനെ പരിരക്ഷിക്കാം എന്നതിലേക്കു കടക്കട്ടെ. മറക്കാതിരിക്കാൻ മരുന്നുണ്ടോ? ഓർമ്മ കൂട്ടുവാൻ കുറുക്കുവഴികളുണ്ടോ? മറക്കാൻ കൊതിക്കുന്ന കാര്യങ്ങൾ മനസ്സിൽ നിൽക്കുമ്പോൾ ഓർത്തിരിക്കേണ്ടത് മറന്നുപോകുന്നതെന്തുകൊണ്ട്? ഇതൊക്കെ പലരുടെയും ചോദ്യങ്ങളാണ്. ഓർമ്മശക്തി മെച്ചപ്പെടുത്താൻ പൊതുവായി ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം
1) പഠിക്കുക, പഠിച്ചു കൊണ്ടേയിരിക്കുക:
പുതിയ കാര്യങ്ങൾ പഠിച്ച് എന്നും തലച്ചോറിനു വ്യായാമം കൊടുക്കുന്നതു മറവിയ്ക്കെതിരെ ഒരു കവചമാണ്.
2) ശാരീരികവ്യായാമം :
ചിട്ടയായ വ്യായാമം ശരീരത്തെ മാത്രമല്ല തലച്ചോറിനേയും സംരക്ഷിക്കുന്നു.
3) വിനോദം:
വിനോദ പ്രവൃത്തികളിൽ (ചിത്രം വരയ്ക്കുക, വാദ്യോപകരണങ്ങൾ വായിക്കുക, നൃത്തം പഠിക്കുക ……..) ഏർപ്പെടുന്നതു വഴി ഓർമ്മയും മാറി ചിന്തിക്കാനുള്ള കഴിവും വർദ്ധിക്കുന്നു.
4) നല്ല ഉറക്കം:
നമ്മുടെ ഓർമ്മകൾ തലച്ചോറിൽ ഉറയ്ക്കുന്നത് നിദ്രയിലാണ്. അതിനാൽ ഉറക്കം അനിവാര്യമാണ്.
5) നല്ല ഭക്ഷണം:
ഓർമ്മ വളർത്താൻ പോഷകങ്ങളുള്ള ഭക്ഷണം ശീലമാക്കുക
6) സുഹൃദ് വലയം:
സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള ഊഷ്മളമായ ബന്ധങ്ങൾ ഓർമ്മകളെ വളർത്തുന്നു.
7) ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണം:
ദിനചര്യകൾ പരിഷ്ക്കരിക്കുകയും മരുന്നുകൾ കൃത്യമായി ഉപയോഗിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
8) ധ്യാനം:
ഓർമ്മയുടെ ഞരമ്പുകൾക്ക് ഊർജ്ജമേകാൻ ധ്യാനം(meditation) സഹായിക്കുന്നു .
ഓർമ്മകളെ ബൂസ്റ്റു ചെയ്യാനുള്ള ഏറ്റവും ശാസ്ത്രീയമായ രീതി അവയെ ബന്ധിപ്പിച്ച് സംഭരിക്കുക എന്നതാണ്. ഒരേ കാര്യം തന്നെ പല രീതിയിൽ വിശകലനം ചെയ്ത് ഓർമ്മകളായി സൂക്ഷിക്കണം. നൂതനമായ ഈ പ്രതിഭാസത്തെ ഓർമ്മകളുടെ ഗവേഷണത്തിൽ സിനാപ്റ്റിക് ടാഗിങ് ആൻഡ് കാപ്ചർ ( Synaptic tagging and capture) എന്നാണറിയപ്പെടുന്നത്.
ഓർത്തിരിക്കാൻ ഈ വഴികൾ:-
നമ്മുടെ ഓർമ്മകളെ തേച്ചുമിനുക്കി തിളക്കത്തോടെ കാത്തു സൂക്ഷിക്കേണ്ടേ? ഇവയൊക്കെ ഒന്നു പരീക്ഷിച്ചു നോക്കൂ:
1)ഇമോഷണൽ ടാഗിങ്
ഒരു സംഭവത്തെക്കുറിച്ചുള്ള ഓർമ്മ തലച്ചോറിൽ രേഖപ്പെടുത്തുമ്പോൾ അതുമായി ബന്ധപ്പെട്ട വൈകാരാനുഭവങ്ങളും കൂട്ടിച്ചേർത്തു സൂക്ഷിച്ചാൽ അവ മാഞ്ഞു പോവുക പ്രയാസമാണ്. ഉദാഹരണമായി നമ്മെ ഒരു പാട് സന്തോഷിപ്പിച്ചതോ ദുഃഖിപ്പിച്ചതോ മുറിപ്പെടുത്തിയതോ ആയ കാര്യങ്ങൾ ഒരിയ്ക്കലും ഓർമ്മയിൽ നിന്നു മാഞ്ഞു പോവില്ല.
2) സെൽഫ് റഫറൻസിങ്
ഓർമ്മയിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ അവനവനുമായി ബന്ധപ്പെടുത്തി സൂക്ഷിച്ചാൽ ഓർത്തെടുക്കാൻ എളുപ്പമാകും. ഉദാഹരണമായി ഡേറ്റുകൾ നമ്മുടെ ഫോൺ നമ്പറുമായോ ജനനത്തീയതിയുമായോ ഒക്കെ ബന്ധിപ്പിക്കുക.
3) സ്റ്റോറിടെല്ലിംഗ്
കഥകൾ ഓർത്തു വെയ്ക്കാൻ എളുപ്പമാണ്. പല കാര്യങ്ങൾ ഒരു ചരടിൽ കോർത്ത പോലെ ബന്ധിപ്പിച്ച് ഓർക്കുന്നതാണ് തലച്ചോറിന് എളുപ്പം. തന്മാത്ര സിനിമയിലെ ഒരു രംഗംഓർക്കുന്നില്ലേ?
4) ചെറുശകലങ്ങളാക്കുക
ഓരോ വിവരത്തേയും ചെറിയ ഭാഗങ്ങളാക്കി വിഭജിച്ചാൽ ഓർത്തെടുക്കാൻ എളുപ്പമായിരിക്കും. പണ്ട് നമ്മൾ പദ്യങ്ങളും വിവരണങ്ങളുമൊക്കെ ഓരോ ഖണ്ഡികയായി പഠിച്ചതോർമ്മയില്ലേ?
5) ഓർമ്മയുടെ ചെറുഭാണ്ഡങ്ങൾ
നമുക്ക് ഓർമ്മിക്കേണ്ട കാര്യങ്ങൾ ഒരു വഴിയുടെ പല പല ഭാഗങ്ങളിലായി ഇടുക . കാര്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വേണം ഒരു ഭാഗത്തു നിന്ന് മറ്റൊരിടത്തേക്കു പോകുന്നത്.
6 ) ന്യൂമെറിക് പെഗ്ഗിങ് :
ഓർമ്മിക്കാനുള്ള വിവരങ്ങളെ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിൽ പതിപ്പിക്കുക തലച്ചോറിനു ചിത്രങ്ങൾ ഓർത്തു വെയ്ക്കുവാൻ ഇഷ്ടമാണ്. നാമെപ്പോഴും പറയുന്നതാണ് ” ആ മുഖം നല്ല ഓർമ്മയുണ്ട്. പേര് നാവിൻതുമ്പിലിരിക്കുന്നു” എന്ന്. ഒരാളുടെ നെറ്റിയിൽ അയാളുടെ പേരെഴുതിയിരിക്കുന്നതായി ഓർമ്മിച്ചു വെയ്ക്കുക. മറക്കില്ല.
7) നിമോണിക്സ്:
ഒന്നിലധികം വാക്കുകളെ മാലപോലെ ക്രമമായി കൊരുത്തുവയ്ക്കുന്ന രസകരമായ ഒരു പദമാണിത്. ഉദാഹരണമായി മഴവില്ലിലെ ഏഴുനിറങ്ങൾ ഓർമ്മിപ്പിക്കുന്ന വിബ്ജിയോർ (VIBGYOR).
ഓർമ്മ വർദ്ധിപ്പിക്കുന്നതിന് കുറുക്കു വഴികൾ ഒന്നും തന്നെയില്ല. വിപണിയിൽ ലഭ്യമായ ഒരു സപ്ലിമെൻ്റിനും ഓർമ്മയെ പൂർണ്ണമായി ബൂസ്റ്റു ചെയ്യാൻ കഴിയുമെന്ന് ഒരു ശാസ്ത്രീയമായ പഠനവും തെളിയിച്ചിട്ടില്ല. അടുക്കും ചിട്ടയുമുള്ള കർമ്മനിരതമായ ഒരു ജീവിതമാണ് ഓർമ്മ ബൂസ്റ്റു ചെയ്യാനുള്ള യഥാർത്ഥ സപ്ലിമെൻ്റ്. ഓർമ്മശക്തി എല്ലാവർക്കുമുണ്ട്. കൃത്യമായ പരിശീലനത്തിലൂടെ അതുവളർത്തിക്കൊണ്ടുവരികയാണു ചെയ്യേണ്ടത്.
ഓർമ്മ എന്ന കഴിവ് മനുഷ്യനാണ് ഏറ്റവും കൂടുതൽ. അതിനാൽ സ്വന്തം ഓർമ്മശക്തിയെ പരിപോഷിപ്പിച്ചും മറ്റുള്ളവരിൽ നല്ല ഓർമ്മകൾ സമ്മാനിച്ചും ജീവിക്കുക.


7 Comments
നന്നായി എഴുതി dear❤️❤️
ഉപകാരപ്രദമായ നല്ലൊരു അറിവ്. നന്നായി എഴുതിയിരിക്കുന്നു.
❤️❤️❤️
വളരെ informative ആയ ലേഖനം. ഓർമ എങ്ങനെ പരിപോഷിപ്പിക്കാം എന്ന് സയൻസ് അംഗീകരിച്ച മാർഗങ്ങളിലൂടെ പറഞ്ഞു തന്നു. ഞാൻ ഇപ്പോൾ ഓർമയെ കുറിച്ച് കൂടുതൽ പഠിച്ചു.
Thank you സുമ.
എല്ലാവരും ഓർമ്മകളെ തേച്ചു മിനുക്കി പരിപോഷിപ്പിക്കട്ടെ❤️❤️❤️
അറിവ് പകർന്നുതന്ന എഴുത്തു. ഓർമ്മകളെ പരിപോഷി ക്കാനുള്ള
വഴി സയൻ സി ലുടെ തന്നെ പറഞ്ഞു തന്നു. ആശംസകൾ dear ❤️❤️
സ്നേഹം ,നന്ദി❤️❤️