ചിത്രകാരൻ പറഞ്ഞു കുന്നിൻ ചെരിവില്ലാതെ സൂര്യനെ വരയ്ക്കാൻ കഴിയില്ലെന്ന്…
അതാണെത്ര പതിവ് രീതി
പാട്ടുകാരന് ജുബ്ബയില്ലാതെ പാടാൻ കഴിയുന്നില്ലത്രെ.. കവിക്കും
ഗായകനും ജുബ്ബ അടയാളമെത്രെ
അതൊരു അനുകരണമല്ലേ എന്ന് ഞാൻ
ഇങ്ങനെയെ പറ്റൂ എന്നവർ
കുപ്പായമിട്ടാൽ ചെണ്ടക്കോൽ താളം മുടക്കുമെന്ന് കൊട്ടുകാരൻ
ആചാരമല്ലേ മാറ്റാൻ പറ്റുമോ
വേണ്ടേ… ആചാരങ്ങളെ തൊട്ട് കളിക്കാൻ ഞാനില്ലേ…
പച്ച ബെൽറ്റ് ഇല്ലാതെ മുസ്ലിം കഥാപാത്രത്തെ സൃഷ്ടിക്കാൻ കഴിയില്ലെന്ന് ചായാഗ്രാഹകൻ
ഞാൻ കഷ്ടം ഭാവിച്ചു.
അല്ല പണ്ട്.. അതേ പണ്ട് പണ്ട്
ആരോ വരച്ചു വെച്ച ചിത്രങ്ങളിൽ
വീണ്ടും വീണ്ടും ചായം തേക്കുകയാണ്..
ചിലതെല്ലാം മാറേണ്ടതുണ്ട്..
അതേ മാറ്റങ്ങൾ അനിവാര്യമാണ്
ഇനിയും മാറ്റങ്ങളോ..
പാടില്ലെന്നുണ്ടോ..?
അല്ല ഇനി എങ്ങനെ മാറാനാണ്
തല മുറകളാണ് മാറ്റങ്ങൾ.
സതിയും തൊട്ട്കൂടായ്മയും മാറിയില്ലേ
വഴി നടപ്പും മാറു മറക്കലും നേടിയില്ലേ
വെളിക്കിരുന്നവൻ അകത്തിരിപ്പായില്ലേ
അസ്ഥാനത്തു നാണുവിന്റെ വകയും ഒരു തത്വം
ഇങ്ങനെ ഓരോന്നും അതിന്റേതായ താളങ്ങളിൽ നിന്ന് ഭാവങ്ങളിൽ നിന്ന് വേഷങ്ങളിൽ നിന്ന് തനിമയിൽ നിന്ന്
മാറുക തന്നെ ചെയ്യും…പ്രത്യാശ!
പക്ഷെ അത് ഗുണകരമാണോ..
ഒരു പാരമ്പര്യത്തെ..
ഒരു പുരാതന സംസ്കാരത്തെ
തച്ചുടക്കലാകില്ലേ അത് .. ആശങ്ക!
ഒരു പാട് മാറ്റങ്ങൾക്ക് നിങ്ങൾ സാക്ഷി യല്ലേ..
ഗുണകരമല്ലാത്തത് എന്തെങ്കിലും
അതിപ്പോ…
ആലോചിക്കണം അല്ലേ..
ഉം.. ഏറ്റകുറച്ചിലുകൾ ഇല്ലാതിരിക്കില്ല
മാറ്റങ്ങളെ അംഗീകരിക്കുക..
മാറ്റങ്ങൾക്കൊത്തു ചലിക്കുക
ബുദ്ധിവികാസങ്ങൾ പരിണാമങ്ങൾ
ഇനിയുമിനിയും മാറ്റങ്ങൾ ഏറെ വരും
പണ്ട് ആരൊക്കെയോ ചാലിച്ച ഛായക്കൂട്ടുകൾ ഇനി വേണ്ട
ഉണരുക ഉയരുക ഒരു തരി വെട്ടത്തിൽ
നിന്ന് പുതിയൊരു സൂര്യനെ സൃഷ്ടിക്കാം
ഫൈസി മന്ദലാംകുന്ന്


1 Comment
ചിന്തിപ്പിക്കുന്ന എഴുത്ത് 👍👍👌