2025 ലെ പലരുടെയും പ്രധാന തീരുമാനങ്ങളിൽ ഒന്ന് സ്വന്തമായി നാല് കാശുണ്ടാക്കണം എന്നോ ഉള്ള ജോലിക്ക് ഒപ്പം എന്തെങ്കിലും സൈഡ് ഹസിൽ കണ്ടെത്തണമെന്നോ ഒക്കെ ആകും. ഒരു ബിസിനസ് എന്നത് നിക്ഷേപം ആവശ്യമുള്ളതാണ്. സ്ഥിരമായി ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ഫ്രീലാൻസിങ് കുറച്ചു കൂടി എളുപ്പമാണ്. കോവിഡിന് ശേഷമുള്ള ഡിജിറ്റൽ ലോകം വലിയൊരു ഫ്രീലാൻസിങ് വരുമാന ലോകം തുറന്നിട്ടിട്ടുമുണ്ട്. ട്രേഡ് ചെയ്യുന്നവർ മുതൽ കോഡ് ചെയ്യുന്നവർ വരെ പലതരം സൈഡ് ഹസിൽ ചെയ്യുന്നവരെ ഇപ്പോൾ കാണാം. എന്നാൽ അതിനേക്കാൾ കൂടുതൽ തട്ടിപ്പുകാരും ഈ രംഗത്തുണ്ട്.
നിങ്ങൾ 18 വയസ് കഴിഞ്ഞ ഒരാളാണോ? വീട്ടമ്മയാണോ? ദിവസവും 2 മണിക്കൂർ മാത്രം ജോലി ചെയ്തു പതിനായിരങ്ങൾ ഉണ്ടാക്കാം. ഒരു സ്കില്ലും ആവശ്യമില്ല. ഇന്റർനെറ്റ് ഉള്ള ഒരു സ്മാർട്ഫോൺ മാത്രം മതി…
ഇങ്ങനെയുള്ള പാറ്റേൺ പിന്തുടരുന്ന അനേകം സന്ദേശങ്ങൾ നിങ്ങൾ കണ്ടുകാണും. പോസ്റ്റുകൾ ആയി. റീലുകൾ ആയി. കമെന്റുകൾ ആയി. വാട്ട്സ്ആപ്പ് മെസേജ് ആയി. അവരെല്ലാം പതിനായിരങ്ങൾ സമ്പാദിക്കുന്ന സ്ക്രീൻഷോട്സും കാണും. നിങ്ങൾ അവരെ സമീപിച്ചാൽ ആദ്യം അവരൊരു ഫീസ് പറയും. അത് ട്രെയിനിങ്ങിനാണ്. പിന്നെ അവർ നിങ്ങൾക്ക് എന്തെങ്കിലും പ്രോഡക്ടസ്/കോഴ്സ് വിൽക്കാനുള്ള പണി തരും. അല്ലെങ്കിൽ ചില പ്രൊമോഷണൽ മെസേജുകൾ പലയിടത്ത് ഷെയർ ചെയ്യുക എന്നതാവും ജോലി. ഒടുവിൽ ടാർഗറ്റ് തികയ്ക്കാൻ പറ്റാതെ പേയ്മെന്റ് ഇല്ലെന്ന് പറയും. അല്ലെങ്കിൽ ഫോം ഫില്ലിംഗ് പോലുള്ള ജോലികൾ. അവയിൽ വേണ്ട അക്ക്യൂറസി ഇല്ലായിരുന്നു എന്ന് പറഞ്ഞു ക്യാൻസലേഷൻ ഫീസ് വാങ്ങും. എന്നോട് ഒരാൾ ഫേക്ക് ഗൂഗിൾ റിവ്യൂ എഴുതാൻ പറഞ്ഞു വന്നിരുന്നത് ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുന്നു. ഞാൻ പോകാത്ത ഒരു ഹോട്ടലിന് റിവ്യൂ എഴുതാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ജീവിക്കാൻ അറിയാത്ത വിഡ്ഢി എന്നും പറഞ്ഞു അയാളെന്നെ ബ്ലോക്ക് ചെയ്തു പോയി! ഇത്തരത്തിൽ ഒരുപാട് തട്ടിപ്പുകൾ നമ്മൾ നിത്യേന കാണുന്നുണ്ട്. എന്നിട്ടും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
ഇത്തരം വീട്ടിലിരുന്നു ജോലികൾ അന്വേഷിക്കുന്നവർ മനസിലാക്കേണ്ട ചില കാര്യങ്ങൾ പറയാം:
- നമുക്ക് എന്തെങ്കിലും സ്കിൽ ഉണ്ടെങ്കിൽ മാത്രമേ മറ്റൊരാൾ അത് പണം കൊടുത്ത് വാങ്ങിക്കൂ. മാർക്കറ്റിംഗ് ചെയ്യാൻ, എഴുതാൻ, ശബ്ദം കൊടുക്കാൻ, വിവർത്തനം ചെയ്യാൻ,വീഡിയോകൾ എഡിറ്റ് ചെയ്യാൻ, ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യാൻ, ഗ്രാഫിക്സ് പോസ്റ്ററുകൾ ചെയ്യാൻ, ട്യൂഷൻ എടുക്കാൻ, ഡയറ്റ് കോച്ചിങ് ചെയ്യാൻ, ഫിറ്റ്നസ് കോച്ചിങ് ചെയ്യാൻ, പാട്ട് പഠിപ്പിക്കാൻ, ഡാൻസ് പഠിപ്പിക്കാൻ….ഇങ്ങനെ എന്തെങ്കിലും ഒരു സ്കിൽ ഇല്ലാത്ത ഒരാൾക്ക് നിങ്ങൾ ജോലി കൊടുക്കുമോ എന്ന് ആലോചിച്ചു നോക്കൂ. നിങ്ങൾക്ക് നല്ലൊരു ഹൈ ഇൻകം സ്‌കിൽ ഉണ്ടോ എന്ന് നോക്കുക. പഠിച്ചെടുക്കാവുന്നതാണെങ്കിൽ അത് പഠിച്ചെടുക്കുക. അല്ലാതെ പെട്ടെന്ന് ഒരു ദിവസം രാവിലെ ഒരു വർക്ക് ഫ്രം ഹോം തട്ടിപ്പിന് കൊണ്ട് പോയി തല വച്ച് കൊടുക്കരുത്.
- ഒരു ജോലിക്കും അങ്ങോട്ട് പണം കൊടുക്കരുത്. ട്രെയിനിങ് ആണെന്ന് പറഞ്ഞാലും കൊടുക്കരുത്. കാരണം, ഇഷ്ടം പോലെ സ്‌കിൽഡ് ആളുകൾ പുറത്തുണ്ട്. നിങ്ങളെ പണം വാങ്ങി സമയമെടുത്ത് പഠിപ്പിച്ചെടുത്ത് ജോലിക്ക് വയ്ക്കാനുള്ള മഹാമനസ്കത ഒന്നും ഒരു സ്ഥാപനത്തിനും ഇല്ല. ചില ജോലികൾക്ക് ട്രെയിനിങ് വേണ്ടി വരും. അത് ജനുവിൻ ആണെങ്കിൽ ഫ്രീ ട്രെയിനിങ് ആയിരിക്കും.
- പണമുണ്ടാക്കൽ എളുപ്പമുള്ള കാര്യമല്ല. ആരെങ്കിലും എളുപ്പത്തിൽ പണം ഉണ്ടാക്കാം എന്ന് പറഞ്ഞാൽ വേഗം സ്ഥലം വിടുക. ഒന്നില്ലെങ്കിൽ അവർ നിയമവിരുദ്ധമായ എന്തോ ചെയ്യുന്നു. അല്ലെങ്കിൽ അവർ നിങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നു. വലിയ പ്രോഫിറ്റ് വാഗ്ദാനം ചെയ്യുന്നു എങ്കിൽ അതിന്റെ പ്രാക്ടിക്കാലിറ്റിയെക്കുറിച്ച് ചിന്തിക്കുക.
- സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാം വിശ്വസിക്കരുത്. പല അക്കൗണ്ടുകളും ഇത്തരം തട്ടിപ്പ് ജോലികൾ പ്രൊമോട്ട് ചെയ്യുന്ന ബിനാമി അക്കൗണ്ടുകൾ ആണ്. അവർ ആ ചങ്ങലയിലെ ഒരു കണ്ണി മാത്രമായിരിക്കും. വെറുതെ ആരും നിങ്ങൾക്ക് പണം നൽകില്ല എന്ന് മനസിലാക്കുക.
- പഠിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ബേസിക് കഴിവ് ഉണ്ടെന്ന് തോന്നുന്നവയെക്കുറിച്ച് പഠിക്കുക. യൂട്യൂബ് ഉണ്ട്. ചാറ്റ് gpt ഉണ്ട്. ഉപയോഗിക്കുക. വിശ്വസിക്കാവുന്ന കോഴ്‌സുകൾ തിരഞ്ഞെടുക്കുക. നിങ്ങളെ ആദ്യം നന്നായി എക്വിപ് ആക്കുക.
- പതുക്കെ ആ ജോലികൾ ചെയ്തു തുടങ്ങുക. പോർട്ട്ഫോളിയോ ബിൽഡ് ചെയ്യുക. നിങ്ങൾക്കുള്ള സ്കിൽ സോഷ്യൽ മീഡിയയിലൂടെ എക്സ്പ്രസ്സ് ചെയ്യുക. കണ്ടെന്റ് എഴുത്താണ് നിങ്ങളുടെ കഴിവെങ്കിൽ എഴുതുക. നിങ്ങളുടെ ആദ്യ ക്ലയന്റ് അവിടെ എവിടെ എങ്കിലും നിങ്ങളെ കണ്ടെത്തും.
- കണ്ടെന്റ് ക്രീയേഷൻ നല്ലൊരു മേഖലയാണ്. ഫേസ്ബുക്, യൂട്യൂബ് പോലുള്ളവ നല്ല വരുമാനം ഉണ്ടാക്കാൻ പറ്റുന്ന പ്ലാറ്റ്ഫോമുകളാണ്. അതിനെക്കുറിച്ച് പഠിക്കുക. പ്രവർത്തിക്കുക.
- ക്ഷമ വേണം, സമയമെടുക്കും. നിങ്ങൾ എടുക്കുന്ന സമയം,അധ്വാനം ഇതിന് വില നൽകാത്ത ചൂഷണ വേതനം ഓഫർ ചെയ്യുന്ന ഫ്രീലാൻസ് ജോലികൾ ഒരിക്കലും ഏറ്റെടുക്കരുത്.
നിങ്ങൾ പോയി പെട്ട/ കണ്ടിട്ടുള്ള ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കമെന്റിൽ പറയാമോ? ബാക്കി ഉള്ളവർ പറ്റിക്കപെടാതിരിക്കാൻ അത് സഹായിക്കും. അല്ലെങ്കിൽ ഈ വിഷയത്തിൽ നിങ്ങളുടെ സംശയങ്ങൾ ചോദിക്കൂ. സാമ്പത്തിക സ്വാതന്ത്ര്യം നേടണം എന്നാഗ്രഹിക്കുന്നവരെ ചൂഷണം ചെയ്തു ജീവിക്കുന്നവരോട് പറയാനുള്ളത്, വല്ല ജോലി എടുത്ത് ജീവിച്ചൂടെഡോ!
©പവിത്ര ഉണ്ണി


2 Comments
ഓൺലൈൻ തട്ടിപ്പുകളെ ലോകം തുറന്നു കാണിച്ച എഴുത്ത്. An eye opener.
👏👍
തട്ടിപ്പിൻ്റെ പല പല തരങ്ങളാണ് എവിടെയും. ഇതൊന്നും കണ്ടാലും വായിച്ചു നോക്കുക പോലും ചെയ്യാതെ പോയി തട്ടിപ്പിനിരയാവുന്നവരും കാണും.
നല്ല അറിവുകൾ👌❤️🌹