എന്തെല്ലാമോ എഴുതികൂട്ടാമെന്ന് കരുതി ഇരുന്നെങ്കിലും ഒരു വരിപോലും എഴുതാനായില്ല. അങ്ങനെ കളഞ്ഞ മൂന്നു ദിവസങ്ങൾക്കൊടുവിൽ ഞാൻ ഒരു തീരുമാനം എടുത്തു “ എഴുതി തുടങ്ങുക…”
2025 ലെ ഞാൻ___
2024 എന്നെ അടിമുടി തളർത്തിയ വർഷമായിരുന്നു.
അക്ഷരങ്ങൾ വഴക്കിട്ട് പിണങ്ങിപോയ
പ്രിയ പുസ്തകങ്ങൾ പിണങ്ങി മാറി ഒളിച്ചിരുന്ന, വേദനയും പിരിമുറുക്കവും കാരണം ഉറങ്ങാതിരുന്ന രാത്രികൾ സമ്മാനിച്ച വർഷം…
എന്താ ഞാൻ ഇങ്ങനെ..? ഇങ്ങനെയായാൽ എന്താകും?
എന്നോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച്
അതിനുള്ള ഉത്തരങ്ങൾ എല്ലാം ഞാൻ തന്നെ കണ്ടെത്തി…
“മാറേണ്ടത് എന്റെ രീതികളായിരുന്നു…”
എന്നെ വേണ്ടാത്തവർക്ക് വേണ്ടി ഇനി ഞാനെന്റെ സമയം കളിയില്ല എന്ന് തീരുമാനിച്ചു ഞാൻ തുടങ്ങി. അല്ലെങ്കിൽ തന്നെ ഞാൻ കുറെയൊക്കെ മനസ്സിലാക്കി മാറാൻ തുടങ്ങിയിരുന്നു.
ഒരു പെണ്ണ് മാറാൻ തുടങ്ങുന്നത് അവളുടെ മുപ്പതുകളുടെ തുടക്കം മുതലാണ്. ശരിക്കും അവൾ അടിമുടി മാറുന്നത് അവളുടെ നാല്പതുകളിലും. അവളുടെ കണ്ണുകൾ നിറങ്ങളെ തിരയുന്നതും പകുതിക്ക് ഒതുക്കി വച്ച ചിറകുകൾ വീശി വിരിച്ച് ആകാശത്തിൽ പാറിപറക്കാൻ തുടങ്ങുന്ന പ്രിയനാൽപ്പത്.. അതുകൊണ്ട് തന്നെ ഇനിയുള്ള മാറ്റങ്ങൾ എന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയാണ്.
സാമ്പത്തിക സ്ഥിരത പ്രണയത്തിനും സ്നേഹത്തിനും അതീതമാണ് എന്ന് കാട്ടി തന്ന വർഷം. അതുകൊണ്ടുതന്നെ ഇനി അത് നേടാൻ വൈകികൂടാ അതാണ് ഏറ്റവും വലിയ തീരുമാനം. പിന്നെ പിടാതെ കൂടെ കൂടിയ അസുഖത്തെ ഒരു പരിധിവരെ തുരത്തുക എന്ന അത്യാവശ്യ തീരുമാനം. കാരണം അനുഭവിച്ച വേദനകൾ അത്ര കടുപ്പമേറിയതായിരുന്നു..
പകുതിക്ക് നിർത്തിയ ന്റെ എഴുത്തിനെ കൂടെ കൂട്ടണം അക്ഷരങ്ങളുടെ ആഴത്തിലേക്ക് ഊളിയിടണം ; പിന്നെ
“എന്റെ അക്ഷരങ്ങളിൽ മഷി പുരളണം…
ll എന്റെ പുസ്തകം എന്റെ സ്വപ്നം ll
അമിതമായ ചിന്തകൾ കുത്തി നിറച്ച്
മാനസികാരോഗ്യം കളയാതെ വളരെ കൂളായി ജീവിക്കുക എന്ന രീതിയെ കൂടെ കൂട്ടണം…
ഉറക്കെ ചിരിക്കണം, ഭയക്കാതെ പലതും ചെയ്യണം, എന്നെ മതിമറന്ന് എനിക്ക് പ്രണയിക്കണം, പിന്നെ എനിക്ക് ഞാനാവണം
“എന്നെ മാത്രം പ്രണയിക്കുന്ന ഞാൻ.. ”
©️സേതു🦋


1 Comment
നല്ല രചന, നല്ല തീരുമാനങ്ങൾ!