ഇന്നലെ പാലക്കാട് നടന്ന സംഭവം സത്യത്തിൽ ഭീതിയാണ് ഉണ്ടാക്കിയത് 16 വയസ്സായ ഒരു പയ്യൻ ഒരു അധ്യാപകന്റെ മുഖത്ത് വിരൽചൂണ്ടി പറയുകയാണ് ഈ വളപ്പിൽ നിന്ന് പുറത്തിറങ്ങിയാൽ ഞാൻ കൊല്ലും എന്ന്.
ഒരു വികാര ക്ഷോഭത്തിന്റെ വാക്കുകളാണോ അത്…
അങ്ങനെയാണോ മനസ്സിലാക്കിയത്.
അങ്ങനെ ആയിരിക്കട്ടെ എന്നാണ് പ്രാർത്ഥന. അത് ആ ഒരു പൊട്ടിത്തെറിയോട് കൂടി തീരട്ടെ. ഒരു പക്ഷെ ഏതോ സിനിമ സ്വാധീനിച്ചതിന്റെ പ്രതിഫലനം….
വില്ലൻ കഥാപാത്രങ്ങൾക്ക് നായക പരിവേഷത്തെക്കാൾ പ്രാധാന്യം കൊടുത്ത് ഡോൺ സെബാസ്റ്റിനും പിന്നെ അത്തരം അനവധി കഥാപാത്രങ്ങളും നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ ഉണ്ടാക്കുന്ന ഒരു ഇമ്പാക്ട് ആണ് സത്യത്തിൽ ഇന്നലെ അവിടെ കണ്ടത്.
വാർത്ത മാധ്യമങ്ങൾ ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ കുട്ടികളുടെ ഇടയിൽ അവൻ വീരനായകനായി..
ആരെയും പേടിയില്ലാത്തവനായി.. എനിക്കൊരു പ്രശ്നം വന്നാൽ അവൻ ഉണ്ടാകുമെന്ന് ചിന്ത…
അവൻറെ ഒരു കമ്പനി കിട്ടാൻ ആഗ്രഹിക്കുന്ന കുഞ്ഞുമനസ്സുകൾ ഇതെല്ലാം മാത്രമായിരിക്കും ഇതിൻറെ അനന്തരഫലം..
ആരെയാണ് കുഞ്ഞുങ്ങൾ മാതൃകയാക്കേണ്ടത് നിസ്സംശയം പറയാം, സ്വന്തം അച്ഛനെയാണ് ഏതൊരു കുട്ടിയും മാതൃകയാക്കേണ്ടത്.
ഒരു കുഞ്ഞു ജനിക്കുന്നതോടുകൂടി ഒരച്ഛനും ജനിക്കുന്നു. പിന്നീട് ആ അച്ഛൻ ജീവിക്കേണ്ടത് തൻറെ കുഞ്ഞ് എങ്ങനെ ജീവിക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ ആയിരിക്കണം.
ഹീറോ പരിവേഷങ്ങൾ നന്മയിൽ അധിഷ്ഠിതമായതായിരിക്കണം.
കള്ളും കഞ്ചാവും വലിച്ചു കയറ്റി വീട്ടിൽ വന്നു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മയെ തെറിവിളിക്കുന്ന ഒരാൾക്ക് ഒരു കുട്ടിക്ക് ഏത് തരത്തിലുള്ള മാതൃകയാണ് കൊടുക്കാൻ കഴിയുക. ഓരോ കുഞ്ഞും സംസ്ക്കാരം പഠിക്കുന്നത് ആദ്യം സ്വന്തം വീട്ടിൽ നിന്ന് ആയിരിക്കും. ഈ വിഷയത്തിൽ അല്ല കേട്ടോ. ആ പശ്ചാത്തലത്തെ കുറിച്ച് അറിവില്ല. പൊതുവെ പറഞ്ഞതാണ്..
ഒരു പക്ഷെ ആ സ്കൂളിൽ മാത്രം ഒതുക്കി തീർക്കാവുന്നതോ രക്ഷിതാക്കളെ വിളിപ്പിച്ചു ടിസി കൊടുത്ത് സംസാരിച്ചു തീർക്കാവുന്നതോ ആയ ഒരു വിഷയം. നിസ്സാരവൽക്കരിക്കുകയല്ല എങ്കിലും ആ വീഡിയോ ഇത്രത്തോളം പ്രചരിച്ചു ഇല്ലായിരുന്നുവെങ്കിൽ അത് അവിടെ അവസാനിച്ചേനെ എന്നൊരു വശം പറയുമ്പോഴും അധ്യാപകർ അവരുടെ സേഫ്റ്റി നോക്കി ആയിരിക്കും ആ വീഡിയോ എടുത്തിട്ടുണ്ടാവുക. ഇല്ലെങ്കിൽ നാളെ അവരായിരിക്കും കുറ്റക്കാർ. ഒന്നും ഒളിച്ചു വയ്ക്കാവുന്ന ഒരു കാലത്തിലല്ല നമ്മൾ ജീവിക്കുന്നത്. വീട്ടിൽ സംസാരിക്കുന്ന സംഭാഷണങ്ങൾ പോലും പൊതു സമൂഹത്തിലേക്ക് എത്തുന്ന ഇക്കാലത്ത് വീഡിയോ എങ്ങനെ പുറത്തു പോയി എന്നത് അപ്രസക്തമാണ്..
ഇവിടെ പക്ഷേ ആ കുട്ടിയുടെ ഭാഗം നമ്മൾ കേട്ടിട്ടില്ല, നമ്മൾ കണ്ടത് അവൻറെ അലർച്ചയാണ്
പക്ഷെ അത് ഭയപ്പെടുത്തുന്നതാണ്..
എന്തായിരിക്കും അവനെ ഇത്രമാത്രം പ്രകോപിപ്പിച്ചത് എന്ന് ഒരു വശം കൂടി ചിന്തിക്കേണ്ടതുണ്ട്.
എന്നിരുന്നാലും അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളൊക്കെ എവിടെയോ പോയി മറഞ്ഞു. ചൂരൽ വടികൾ മേശകളിൽ നിന്നും അപ്രത്യക്ഷമായി. ഇനിയെങ്ങാനും ഒരടി കൊടുത്താലോ രക്ഷിതാക്കളുടെ സംഗമങ്ങളായി.. അധ്യാപകൻ ക്രൂരനായി…
കൃത്യമായ കൗൺസിലിംഗും കൃത്യമായ അച്ചടക്കവും കൊടുത്തു കൊണ്ടായിരിക്കണം ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്. എല്ലാത്തിനും ഒരു പരിധിയുണ്ടെങ്കിൽ പോലും നാളെ മറ്റൊരു കുട്ടിയും അവന് മാതൃകയാക്കാനോ അത് അനുകരിക്കാനോ പാടില്ലാത്ത വിധം.
പറയുന്നതിനും എഴുതുന്നതിനും ഇവിടെ പരിധികളുണ്ട് കാരണം പ്രതി മൈനർ ആണ് എന്നതുതന്നെ.
ഈയൊരു പ്രായത്തിൽ അവൻറെ വഴിതിരിച്ചുവിടേണ്ടത് രക്ഷിതാക്കളും അധ്യാപകരും തന്നെയാണ്. മാധ്യമങ്ങൾ ഈ വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്യണം. സമൂഹത്തിന് മുന്നിലേക്ക് ഒരു വിദ്യാർത്ഥിയെ ക്രിമിനൽ ആയി ചിത്രീകരിച്ചു കൊട്ടിഘോഷിച്ചു ഇറക്കാതിരിക്കുക.
ഇപ്പോൾ കൃത്യമായി ക്രിമിനലുകളുടെ ലോകത്തേക്കുള്ള ഒരു പാത വെട്ടി തുറന്നു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ പ്രവണത അവസാനിപ്പിച്ചേ പറ്റൂ.. പ്രാദേശികമായി ഒതുക്കി തീർക്കേണ്ടത് അവിടെവച്ച് തന്നെ തീരണം. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തിൽ മറ്റൊരു കണ്ണുകൊണ്ട് സമൂഹം അവനെ കാണാതിരിക്കട്ടെ…
എല്ലാവരും സ്വന്തം മക്കളുടെ കാര്യത്തിൽ ഒരു ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.എന്ന് പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം.
ഫൈസി മന്ദലാംകുന്ന്
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
👌🌹
👍