സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു നേർ രേഖ പോലും വളയാതെ വരയ്ക്കാൻ അറിയാത്ത ഒരാളാണ് ഞാൻ. സ്കൂളിലെ ചാർട്ട് വരകളെല്ലാം അമ്മയുടെ കലാസൃഷ്ടികളായിരുന്നെന്ന് ഈ വൈകിയവേളയിൽ ഞാൻ കുറ്റസമ്മതം നടത്തുന്നു. അന്ന് അതിനൊക്കെ കിട്ടിയ അഭിനന്ദനപൂച്ചെണ്ടുകൾ അധ്യാപകർക്കും സഹപാഠികൾക്കും തിരിച്ചേൽപ്പിക്കുന്നു.
കലാകാരിയായ പഠിപ്പി എന്ന താമ്രപത്രം എട്ടാം ക്ലാസ്സ് വരെയൊക്കെ പരിക്കില്ലാതെ കൊണ്ടു നടന്നു. പിന്നീടാണ് സ്കൂളിൽ ഒരു വര മാഷ് വന്നത്. അരുൺ സർ.സാർ ബോർഡിൽ വരയ്ക്കുന്ന ഓരോ ചിത്രങ്ങൾ ഞാൻ ത്രികോണേ ത്രികോണേന്ന് ആർട്ട് ആൻഡ് ക്രാഫ്റ്റ് ബുക്കിൽ വരച്ചു വെക്കും. ആ നീളൻ പുസ്തകം നിറയെ എന്റെ അഹങ്കാരത്തെ മായ്ച്ചു കളഞ്ഞ ഇരുണ്ടറബ്ബർ പാടുകളായിരുന്നു.
ഞാൻ ശരിക്കുമൊരു തോൽവിയാണെന്ന് എനിക്ക് തന്നെ ബോധ്യം വന്നത് പത്താം ക്ലാസിലെ ആർട്ട് ആൻഡ് ക്രാഫ്റ്റ് പരീക്ഷക്കാണ്. അരുൺ സാർ ബോർഡിൽ ഒരു ആനയുടെ മുഖം വരച്ചു. എന്നിട്ട് ഒരു സ്ക്രീൻ വരച്ചതിന് പിന്നിലാണ് ആനയുടെ ബാക്കി ഭാഗം അതു നിങ്ങൾ വരക്കണം എന്ന് പറഞ്ഞു. ആനയുടെ തല എല്ലാവരെയും പോലെ വളരെ സുന്ദരമായി (എന്റെ കണ്ണിൽ) ഞാൻ വരച്ചു. ആനയുടെ ശരീരം വരച്ചു വന്നപ്പോൾ ആകെ മെലിഞ്ഞൊട്ടിയ ഒരു പശുവിന്റെയായി പോയി. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ? പാവം ഞാൻ. അല്ല ആന. മാഷ് അത് കണ്ടിട്ടും ഞാനെങ്ങനെയാണ് ആ പരീക്ഷ ജയിച്ചതെന്ന് ഇന്നും ഒരത്ഭുതമായി അവശേഷിക്കുന്നു.
പിന്നീട് എഞ്ചിനീയറിംഗിന് പഠിക്കുമ്പോൾ ആദ്യ വർഷം ഗ്രാഫിക്സ് എന്ന ബാലികേറാമല എന്നെ വീഴ്ത്തുമെന്ന് തന്നെ ഞാനുറപ്പിച്ചു. പരീക്ഷ കഴിഞ്ഞപ്പോളാണ് ഡ്രാഫ്റ്റർ വെച്ചത് ശരിയായില്ലെന്നും എന്റെ മൊത്തം ഷീറ്റ് ചരിച്ചാണ് വെച്ചതെന്നും മനസ്സിലായത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോളേക്കും ടീച്ചർ വന്നു പേപ്പർ വാങ്ങി കൊണ്ടു പോയി. റിസൾട്ട് വന്നപ്പോ എങ്ങനെ ജയിച്ചെന്നാലോചിച്ചു ഞാൻ കുറെ തല പുണ്ണാക്കി. പിന്നീട് ഞാനൊരധ്യാപികയായി കുട്ടികളുടെ പേപ്പർ നോക്കി തുടങ്ങിയപ്പോളാണ് ഇതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. അതായതുത്തമാ, ചില പേപ്പറുകൾ കണ്ടാൽ നമുക്കറിയാം ഇവർക്ക് പറ്റുന്നതിന്റെ മാക്സിമം അതിലുണ്ട്. ഇനി ഒരു വരവ് കൂടി വരേണ്ടി വന്നാൽ അവരെക്കൊണ്ട് പറ്റില്ല ഈ മല മറിക്കാൻ. അടിസ്ഥാന തത്വം തെറ്റാണെങ്കിലെന്താ ബാക്കി എല്ലാം ശരിയാണല്ലോ. ഏത്? കൂടുതൽ ആലോചിച്ചു വിഷമിക്കണ്ട.അങ്ങനൊക്കെയുണ്ട്.
അപ്പൊ പറഞ്ഞു വന്നത് ആ പഴയ “കലാകാരി ” വരച്ച പടമാണിത്. എങ്ങനുണ്ട്? സത്യസന്ധമായ അഭിപ്രായങ്ങൾ അല്ലെങ്കിലും നന്നായി എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിച്ചു വിട്ടാൽ ഞാൻ ധന്യയാവും.
NB: മേൽപറഞ്ഞ ആ ഗ്രാഫിക്സ് ഇല്ലേ, ആ വിഷയം പിന്നീട് കുട്ടികളെ പഠിപ്പിച്ച ആളാണ് ഞാൻ. കുറേപേരൊക്കെ ജയിച്ചുട്ടോ പരീക്ഷയിൽ.
ഷിജു ജോബു


1 Comment
അതാണ്: നമ്മുടെ തലയിലെ വര HB പെൻസിൽ കൊണ്ടാണോ….. രക്ഷപെട്ടു.
ചുമ്മാ …….😃❤️🌹