നമ്മുടെ സംസ്ഥാനത്ത് ചൂടു ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഊഷ്മാവ് ദിനം പ്രതി രണ്ടോമൂന്നോ ഡിഗ്രി കൂടുന്നുവെന്ന് വാർത്തകളിലൂടെ നാമറിയുന്നുണ്ട്. ഈ കടുത്ത ചൂടിൽ നിന്നെങ്ങനെ നമ്മുടെ ശരീരത്തെ സംരക്ഷിക്കും?
വെയിൽ കൊള്ളാതിരുന്നിട്ടു മാത്രം കാര്യമില്ല. വീട്ടിനുള്ളിലും പൊള്ളുന്ന ചൂടു വായുവാണുള്ളത്. എല്ലാവർക്കും എപ്പോഴും എസിയുടെ തണുപ്പിലിരിക്കാൻ പറ്റുമോ? അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഫാനിട്ടാലും തഥൈവ.
അപ്പോൾ നാമെങ്ങനെയാണ് ഈ പ്രതികൂലാവസ്ഥയെ തരണം ചെയ്യുന്നത്? അതിനു പല മാർഗ്ഗങ്ങളുണ്ട്. അവയിൽ ഏറ്റവും എളുപ്പവും ചിലവില്ലാത്തതുമായ മാർഗ്ഗമാണ് ധാരാളം ശുദ്ധജലം കുടിക്കുക എന്നത്.
നിങ്ങൾ ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കാറുണ്ടോ?
ആവശ്യത്തിനു ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് നിങ്ങൾക്കറിയില്ലേ?
പ്രായപൂർത്തിയായ മനുഷ്യശരീരത്തിൽ 60% ഉം നിങ്ങളുടെ രക്തത്തിൽ 90 % വും ജലമാണ്.
വേണ്ടത്ര വെള്ളം കുടിക്കുമ്പോൾ ദശലക്ഷക്കണക്കിനു വഴികളിലൂടെ ശരീരത്തിനു മുഴുവൻ ഗുണം ചെയ്യുകയാണു നാം ചെയ്യുന്നത്.
നമ്മുടെ ദഹനത്തിലും രക്തചംക്രമണത്തിലും ജലം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?
പ്രകൃതി നമുക്കു നൽകിയ ഒരു വരദാനമാണ് ജലം. നമ്മിൽ ചിലർ ദാഹിക്കുമ്പോൾ മാത്രമാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിക്കുന്നത് തീരെയും ഇഷ്ടമല്ലാത്തവരുമുണ്ട് എന്നത് അതിശയിപ്പിക്കുന്നൊരു കാര്യമാണ്.
ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ജലം അത്യാവശ്യമായതിനാൽ നിങ്ങളെപ്പോഴും ജലാംശം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുക തന്നെ വേണം.
ശരീരത്തിലുള്ള വിഷവസ്തുക്കളെ പുറന്തള്ളുന്നതു മുതൽ മുഖക്കുരു തടയുന്നതിനു വരെ നാം കുടിക്കുന്ന വെള്ളം സഹായകമാണ്.
അതേ ….. ജലം ഒരത്ഭുത പാനീയം തന്നെ
ശരീരത്തെ ഡീടോക്സിഫൈ ചെയ്യാൻ നാം പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ ഏറ്റവും സിമ്പിളായ രീതി വെള്ളം കുടി തന്നെയാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളുക മാത്രമല്ല, വൃക്കകളുടെ ശരിയായ പ്രവർത്തനത്തിനും ഇതു സഹായിക്കുന്നു.
വേണ്ട സമയത്ത് ശരിയായ അളവിൽ വെള്ളം കുടിക്കുന്നത് ഏതൊക്കെ തരത്തിലാണ് നമ്മെ സഹായിക്കുന്നത് എന്നറിയേണ്ടേ?
ഇതെല്ലാം നമുക്കറിയാം. പക്ഷേ മിക്കവരും വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നു മാത്രം. ഇതൊക്കെയൊന്നു ശ്രദ്ധിക്കൂ.
⭐ശരീരത്തെ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.
വെള്ളമില്ലാതെ നമുക്കു ജീവിക്കാൻ കഴിയില്ല; നമ്മുടെ ശരീരത്തിന് നന്നായി പ്രവർത്തിക്കാൻ കഴിയില്ല. അതിനാൽ നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ നാം ആവശ്യത്തിനു വെള്ളം കുടിച്ചേ മതിയാകൂ.
⭐മെറ്റബോളിസം മെച്ചപ്പെടുത്തുന്നു.
നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും വെള്ളം കുടി സഹായിക്കുന്നു.
⭐ഡീഹൈഡ്രേഷൻ മൂലം മന്ദതയും ഓർമ്മക്കുറവും ഉണ്ടാകും.തലച്ചോറിലെ രക്തപ്രവാഹവും ഓക്സിജനും വർദ്ധിപ്പിക്കുകയും ഓർമ്മ നിലനിർത്തുകയും ചെയ്യണമെങ്കിൽ വെള്ളം കുടി ശീലമാക്കൂ.
⭐ജലാംശം നിലനിർത്തുന്നത് നമ്മുടെ സന്ധികളിലെ വേദന എളുപ്പത്തിൽ കുറയ്ക്കും.
⭐ശരീരത്തിലെ pH ന്യൂട്രലായി(7) നിലനിർത്താൻ ആവശ്യത്തിനു വെള്ളം ഉള്ളിൽ ചെന്നേ മതിയാവൂ.
⭐ നിങ്ങൾക്ക് അകാരണമായി തലവേദനോ അമിതക്ഷീണമോ തോന്നുകയാണെങ്കിൽ രണ്ടു ഗ്ലാസ് ശുദ്ധജലം കുടിക്കൂ. നിങ്ങൾ ഊർജ്ജസ്വലരാകും.
⭐ ധാരാളം വെള്ളം കുടിക്കുന്നത് നമ്മുടെ ശരീര ഭാരം കുറയ്ക്കാനും ശരീരഘടന മെച്ചപ്പെടുത്താനും ഏറ്റവും സഹായകമാണ്.
⭐ ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്താൻ ജലം ആവശ്യമാണെന്ന് അറിയാത്തവരുണ്ടോ? വരണ്ട ചർമ്മം,ചുളിവുകൾ ,എക്സിമ തുടങ്ങിയ ചർമ്മ വൈകല്യങ്ങളെ ചെറുക്കാനും ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും വെള്ളത്തിനു കഴിയും. അതിനാൽ ധാരാളം വെള്ളം കുടിക്കൂ.
⭐നന്നായി വെള്ളം കുടിക്കുന്നത് വൻകുടലിലെ കാൻസർ, മൂത്രാശയ കാൻസർ , സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും അവയെ പ്രതിരോധിക്കാൻ തന്നെ സഹായിക്കുമെന്നും വിവിധ ഗവേഷണങ്ങൾ പറയുന്നു.
വെള്ളം എപ്പോൾ കുടിക്കണം?
വെള്ളം എപ്പോൾ കുടിക്കണമെന്നതും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.
ആഹാരം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് നന്നല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അത് ദഹനത്തെ തടസ്സപ്പെടുത്തുമത്രേ.
ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് വെള്ളം കുടിക്കുകയാണെങ്കിൽ വയർ നിറഞ്ഞതായി തോന്നുകയും അധികമായി ഭക്ഷണം കഴിക്കാതിരിക്കുകയും അങ്ങനെ അമിത ഭാരം കുറയ്ക്കുകയും ചെയ്യും.
രാവിലെ ഉറക്കമുണർന്നാലുടൻ വെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ തുടങ്ങിക്കോളൂ.
എഴുന്നേൽക്കുമ്പോൾ ത്തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുക. ഇത് കൂടുതൽ ശ്രദ്ധയോടെയും ഉന്മേഷത്തോടെയും ആരോഗ്യത്തോടെയും ദിവസം മുഴുവനിരിക്കാൻ സഹായിക്കുന്നു.
രാത്രി 7 മണിക്കു ശേഷം അധികം വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് രാത്രിയിൽ മൂത്ര ശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാൻ സഹായിക്കും.
ഒരു ദിവസം എത്രമാത്രം വെള്ളം കുടിക്കണം?
വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ സൂര്യാഘാതം, ഹൃദയസ്തംഭനം ,വൃക്കരോഗം എന്നിവയുണ്ടാകാം. മൂത്രനാളിയിലുണ്ടാകുന്ന അണുബാധ(Urinary infection) ഇന്നു സർവ്വസാധാരണമാണ്. പണ്ട് പ്രായമുള്ളവരിൽ മാത്രം കണ്ടു വന്നിരുന്ന ഈ രോഗം ഇന്ന് പിഞ്ചുകുഞ്ഞുങ്ങളെ വരെ ബാധിക്കുന്നുണ്ടെന്ന സത്യം നാം കണ്ടില്ലെന്നു നടിക്കരുത്.
മലമൂത്രവിസർജ്ജനം , വിയർപ്പ്, ശ്വാസോച്ഛ്വാസം എന്നിവയിലൂടെയാണ് ശരീരത്തിൽ നിന്നു ജലം നഷ്ടപ്പെടുന്നത്. കുടിക്കുന്നതും പുറന്തള്ളുന്നതും ഉൾപ്പെടെ മനുഷ്യ ശരീരത്തിലൂടെ കടന്നു പോകുന്ന വെള്ളത്തിൻ്റെ അളവിനെ ‘വാട്ടർ ടേണോവർ (Water turnover) എന്നു വിളിക്കുന്നു. ഇതിൻ്റെ ഏതാണ്ടു പകുതി വെള്ളമാണ് നാം കുടിക്കേണ്ടത്.
ദിവസം എട്ടുഗ്ലാസ് വെള്ളം എന്നൊരു പഴയ കണക്കുണ്ട്. ഓരോ ഗ്ലാസിലും എട്ട് ഔൺസ് അങ്ങനെ 8x 8 ഔൺസ്. നമുക്ക് ലിറ്ററിൽ നോക്കാം. ഒരാൾ കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളമെങ്കിലും ദിവസേന കുടിക്കണമെന്നാണ് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് പറഞ്ഞിരുന്നത്. കാലങ്ങളോളം അതൊരു നാട്ടു നടപ്പായി.
എന്നാൽ സമീപകാല പഠനങ്ങൾ ഇതിനെ വെല്ലുവിളിക്കുന്നു. പുരുഷന്മാർക്ക് 3.7- 4.3 ലിറ്ററും സ്ത്രീകൾക്ക് 2.1- 3.4 ലിറ്റും ജലം ആവശ്യമാണെന്നാണ് ഈ പഠനങ്ങളിൽ നിന്നെല്ലാം മനസ്സിലാകുന്നത്.
തൽക്കാലം നമുക്കതെല്ലാം വിട്ടുകളയാം. ദിവസവും രണ്ടു ലിറ്ററിൽ കുറയാതെ ശുദ്ധജലം കുടിക്കൂ.
അങ്ങനെ ഈ കടുത്ത ചൂടിൽ നിന്നു രക്ഷ നേടൂ.
ഊർജ്ജസ്വലരും ഉന്മേഷഭരിതരുമായിരിക്കൂ.

