ഒരു നിമിഷം. പെട്ടെന്ന് അവൾ ഉറക്കത്തിൽ നിന്നെണീറ്റു. കണ്ണ് തുറന്നു എണീറ്റിരുന്നു. രാവിലെ 3 മുതൽ 8 വരെ ക്ലാസ്സ് ആയിരുന്നു. രാവിലെ എട്ടര ആയപ്പോഴേക്കും കണ്ണടയാൻ തുടങ്ങി. അന്നേരം വന്നു കിടന്നതേ ഓർമ്മയുള്ളൂ. പിന്നെ ഇപ്പോഴാണ് കണ്ണ് തുറക്കുന്നത്. അവൾ അടുത്തിരുന്ന മൊബൈലിൽ സമയം നോക്കി. മണി രണ്ട്.
അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരു മണി ആകുമ്പോൾ തന്നെ എണീപ്പിച്ചു ചൂടോടെ ചോറും കറികളും തരുമായിരുന്നു. അതോർത്തപ്പോൾ തന്നെ അവളുടെ നാവിൽ വെള്ളമൂറി. പെട്ടെന്നവൾക്ക് വിശന്നു. അവൾ എണീറ്റു അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്നു. ദോശ മാവിരിക്കുന്നു. ദോശ ചുടാൻ പാൻ അടുപ്പത്ത് വച്ചു. അമ്മ ഉണ്ടാക്കാറുള്ള തക്കാളി ചമ്മന്തി ഉണ്ടാക്കി. കടുക് പൊട്ടിക്കുമ്പോഴേക്കും നാല് തട്ട് ദോശ ചുട്ടു. പിന്നെ കടുപ്പത്തിൽ കാപ്പി എടുത്തു. കാപ്പിയുടെ മണം അമ്മ അടുത്ത് തന്നെ ഉണ്ടെന്ന് അവളെ ഓർമിപ്പിച്ചു. തക്കാളി ചമ്മന്തിയുടെ രുചി അമ്മ ഉണ്ടാക്കുന്ന അത്ര പോരാ എന്ന് അവൾക്ക് എപ്പോഴും തോന്നും. എന്നാലും അവൾ സന്തോഷത്തോടെ എല്ലാം എടുത്തു കൊണ്ട് വന്നു ഇരുന്നു കഴിക്കാൻ തുടങ്ങി. അപ്പോൾ അവൾക്ക് തോന്നി അമ്മ അടുത്തിരുന്നു അവളെ നോക്കി അവളോട് സംസാരിക്കുവാണെന്ന്. അവൾ സന്തോഷത്തോടെ കഴിച്ചു.
വൈകുന്നേരം അവൾ കായലിനരികെ ഇരിക്കാൻ കാർ എടുത്തു പോയി. പതിവ് പോലെ ബെഞ്ചിൽ ഇരുന്നു. ഇട ദിവസമായത് കൊണ്ട് അധികം തിരക്കിലായിരുന്നു. അമ്മ ഉണ്ടായിരുന്നപ്പോൾ ഇങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നെങ്കിൽ എന്നവൾ ഓർത്തു. ഇപ്പോൾ അമ്മ ഉണ്ടായിരുന്നെങ്കിൽ അമ്മയെ എവിടെ ഒക്കെ കൊണ്ട് പോകാമായിരുന്നു. അവളറിയാതെ അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു.
ഏഴു മണി ആയപ്പോൾ അവൾ പതുക്കെ എണീറ്റു കുറച്ച് ദൂരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അങ്ങനെ അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൾ വന്നു കാറിൽ കയറി. വീട്ടിലേക്ക് പോന്നു.
അമ്മ ഉണ്ടാക്കുന്ന ഗോതമ്പും ചെറുപയറും ഉലുവയും ഇട്ടുണ്ടാക്കുന്ന കഞ്ഞി ഉണ്ടാക്കി. ലാപ്ടോപ്പിൽ ഒരു സിനിമ വച്ചു. എഴുതാപ്പുറങ്ങൾ. അത് കണ്ടു കഞ്ഞി കുടിച്ചു. സന്തോഷമുള്ള ഭാഗങ്ങൾ വച്ചാണ് കാണുന്നത്. അതിന് അമ്മ കളിയാക്കുമായിരുന്നു. പിന്നെ അടുക്കള ഒതുക്കി ഒരു പുസ്തകമെടുത്തു. വായനയുടെ രസം പിടിച്ചെങ്ങനെ ഇരിക്കുമ്പോൾ അമ്മയും കൂടെ ഇരുന്നു വായിക്കുന്നുണ്ടെന്നു തോന്നും. പണ്ട് ഓരോ കഥകൾ വായിച്ചു അഭിപ്രായങ്ങൾ പറയുന്നത് അവളോർത്തു. പതുക്കെ അവൾ കണ്ണടച്ചു. അമ്മ ലൈറ്റ് ഓഫ് ചെയ്തെന്നു അവൾക്ക് തോന്നി. അവൾ പുഞ്ചിരിച്ചു.


2 Comments
😍😍
തക്കാളി ചമ്മന്തിയുടെ റെസിപ്പി ഒന്നു പറഞ്ഞു തരണേ…