“ടീ… പ്രണയത്തിൻ്റെ നിറമെന്താ?”
പരിപ്പുവടയിലെ കരിഞ്ഞ കറിവേപ്പില ശ്രദ്ധാപൂർവം മാറ്റിക്കളയാൻ ശ്രമിച്ചു കൊണ്ടിരുന്ന അവൾ അതു കേട്ടില്ല.
അവൻ ചോദ്യം ആവർത്തിച്ചു.
അവൾ പുരികമുയർത്തി
“എന്തിൻ്റെ നിറം? ചായയുടെയോ?”
“എടീ ബുദ്ദൂസേ… പ്രണയത്തിൻ്റെ നിറമെന്താന്നല്ലേ ചോദിച്ചത്?”
അവനവളുടെ മെലിഞ്ഞ കൈത്തണ്ടയിൽ ഒരു നുള്ളു കൊടുത്തു.
“എനിക്കറിയില്ല. നീ തന്നെ പറ”
“എനിക്കറിയാഞ്ഞിട്ടല്ലേ ചോദിച്ചത് “
അവൾ ഒരു കവിൾ ചായ കുടിച്ചിട്ട് ഗ്ലാസ് താഴെ വെച്ചു
“വെളുപ്പ് “
“പോടീ… വെളുപ്പ് സമാധാനത്തിൻ്റെ നിറമല്ലേ? അതൊന്നുമല്ല. “
“അതെന്താ സമാധാനത്തിൻ്റെ നിറം പ്രണയത്തിനു വന്നാൽ…?”
അവൾ പണ്ടേ തർക്കിക്കാൻ മിടുക്കിയാണ്. ഫീസു കൊടുക്കാൻ നിവൃത്തിയുണ്ടായിരുന്നെങ്കിൽ അമ്മയവളെ വക്കീലാക്കിയേനേ.
“എടീ പ്രണയത്തിൽ എന്നും സമാധാനക്കേടല്ലേ. പിന്നെങ്ങനെ വെളുപ്പാകും?”
“ഓ… അതു ശരിയാണല്ലോ. ” അവൾ നഖം കടിച്ചു.
“എടീ ഞാൻ പറയാം ചുവപ്പ്… ചുവപ്പു തന്നെ. പ്രണയിക്കുന്നവർ ചുവന്ന റോസാപ്പൂ കൊടുക്കുമെന്നു കേട്ടിട്ടില്ലേ. “
“അയ്യേ… ചുവപ്പോ… ചോരയുടെ നിറം… വേണ്ട… വേണ്ട… പ്രണയത്തിനു ചുവപ്പു നിറം വേണ്ട”
അവൾ മുഖം പൊത്തി.
കോളനിയിലെ അടിപിടിക്കിടയിൽ അവളുടെ അച്ഛൻ കുത്തേറ്റു മരിച്ചതിൽപ്പിന്നെ അവൾക്ക് ആ നിറത്തോടു് അടങ്ങാത്ത പേടിയും വെറുപ്പുമാണ്.
അവൾ പരിപ്പുവട തിന്നു കഴിഞ്ഞു. ബാക്കി ചായ മൊത്തിക്കുടിച്ചു കൊണ്ട് കൊതിയോടെ അവൻ്റെ പരിപ്പുവടയിലേക്കു നോക്കി.
“നിനക്കു വട വേണ്ടേ?”
ചായ കുടിച്ചു കൊണ്ട് പ്രണയത്തിൻ്റെ നിറവും ആലോചിച്ചിരിക്കുന്ന അവൻ അപ്പോഴാണ് വടയുടെ കാര്യമോർത്തതു തന്നെ ‘
“നിനക്കു വേണമെങ്കിലെടുത്തോ”
വല്ലപ്പോഴും കിട്ടുന്ന ഒരു ആർഭാടമാണ് ഒരു വടയോ പഴം പൊരിയോ സുഖിയനോ ഒക്കെ. മിക്ക ദിവസവും വെറും ചായ കുടിച്ചാണ് അവർ പിരിയുന്നത്.
അവൾ വേഗം വടയെടുത്തു പകുതി മുറിച്ച് അവനു കൊടുത്തു
“ഇന്നാ… എനിക്കിതുമതി “
അവൻ കുറെ നേരം ഒന്നും മിണ്ടാതെയിരുന്നു.
“ഇനി… പച്ചനിറം… ” പറഞ്ഞു തീരുന്നതിനു മുമ്പേ അവളവൻ്റെ വായ പൊത്തി.
“മിണ്ടാതെടാ. പച്ചയും മഞ്ഞയുമൊന്നും എല്ലാവരും സമ്മതിക്കില്ല. നീയെന്താ പറയുന്നത് “
” അപ്പോൾപ്പിന്നെ എന്തായിരിക്കും?
പച്ചയല്ലാ… മഞ്ഞയാവാനും വഴിയില്ല “
“നീലയായാലോ? ആകാശത്തിൻ്റെ നീല കടലിൻ്റെ നീല അല്ലെങ്കിൽ മയിൽപ്പീലിയുടെ നീല “
അവളാണു പറഞ്ഞത്.
“അതൊക്കെ ശരിയാ. എന്നാലും നീ ബ്ലൂഫിലിം എന്നൊക്കെ കേട്ടിട്ടില്ലേ. ആ നിറമെങ്ങനെ പ്രണയത്തിനു കൊടുക്കും?”
ഓറഞ്ചായിരിക്കുമോ… അതോ വയലറ്റ്… അവൻ ചിന്തയിലാണ്ടു.
“അയ്യോ… മണി ഒൻപതരയായി ” അവൾ തൻ്റെ നരച്ച സ്ട്രാപ്പുള്ള ചെറിയ വാച്ചിലേക്കു നോക്കിക്കൊണ്ട് ചാടിയെഴുന്നേറ്റു.
“നീ പേടിക്കാതെ. ഞാൻ കൊണ്ടു വിടാം. “
അവനളുടെ കൈ പിടിച്ചു ബലമായിരുത്തി.
“അപ്പോ പ്രണയത്തിൻ്റെ നിറമേതാണെന്നു തീരുമാനിക്കാതെ നീയെന്നെ വിടില്ലേ?”
പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവരൊന്നിച്ചാണ് തിരിഞ്ഞു നോക്കിയത്.
ചുവപ്പു നിറത്തിലുള്ള ഒരു കാർ അവരിരുന്ന തട്ടുകടയുടെ മുന്നിലേക്കു വന്നു നിന്നു. ഒരു ചെറിയ കൊട്ടാരം ഒഴുകിവരികയാണെന്നാണ് അവൾക്കാദ്യം തോന്നിയത്.
അവൻ എന്തോ പറയാനായി വായ തുറന്നു.
അവൾ ചുണ്ടിൽ കൈ വെച്ചു
ശ്…
കാലൊടിഞ്ഞ രണ്ടു ബഞ്ചുകളും വക്കടർന്നു പോയ പ്ലാസ്റ്റിക് മേശകളുമുള്ള ആ വൃത്തി ഹീനമായ തട്ടുകടയ്ക്ക് ഒരു തരത്തിലും ചേരാത്ത വിധത്തിൽ ആ കാർ അവിടെക്കിടന്നു.
ഡോർ പതുക്കെ തുറന്ന് സുന്ദരിയായൊരു പെൺകുട്ടി പുറത്തേക്കിറങ്ങി. കടും ചുവപ്പു നിറത്തിൽ തിളങ്ങുന്നൊരു ഗൗണാണ് അവൾ ധരിച്ചിരുന്നത്. അതേ നിറത്തിലുള്ള വലിയൊരു ടെഡി ബെയറിനെ അവൾ നേഞ്ചോടു ചേർത്തുപിടിച്ചിരുന്നു.
“അതുപോലൊരു പട്ടിക്കുട്ടിയെ വേണമെന്നു പറഞ്ഞാണ് അപ്പു വഴക്കിടുന്നത് ” അവൾ പിറുപിറുത്തു.
“നീ ആ ചെരിപ്പു കണ്ടോ ?” അവൻ അവളുടെ കാലിൽ പതുക്കെ ചവിട്ടി.
സ്വർണ്ണ നിറത്തിലുള്ള തിളങ്ങുന്ന ചെരിപ്പണിഞ്ഞ പെൺകുട്ടി നാലുപാടും നോക്കി.
കാറിൽ നിന്ന് വെളുത്ത ടീഷർട്ടണിഞ്ഞൊരു യുവാവ് പുറത്തേക്കു വന്നു. അയാളുടെ നെഞ്ചിൽ ചുവപ്പു നിറത്തിലുള്ള വലിയൊരു ഹൃദയം തുന്നിപ്പിടിപ്പിച്ചിരുന്നു.
അയാൾ പെൺകുട്ടിയുടെ കൈയിൽ പിടിച്ചു.
” ഈ വൃത്തികെട്ട സ്ഥലത്തോ ?” യുവാവ് അല്പം ഉച്ചത്തിലാണു ചോദിച്ചത്.
“ഇങ്ങനെയൊരു ലൊക്കേഷൻ ആരുമെടുക്കില്ല. അവിടെ ഒരു പ്രണയ ജോടിയും ഇരിപ്പുണ്ട്. ഒരു വെറൈറ്റി വേണ്ടേ”
പെൺകുട്ടി ചിരിച്ചു.
“നമ്മുടെ റീൽസ് പൊളിക്കും. നീ നോക്കിക്കോ. ബെറ്റു വെയ്ക്കുന്നോ?”
അവർ കൈ കോർത്തു പിടിച്ച് ഏതോ പാട്ടിനൊപ്പം ഡാൻസു ചെയ്തു കൊണ്ടിരുന്നു.
“നമുക്കു പോവണ്ടേ “
അവളെഴുന്നേറ്റു
അവൻ അവളുടെ മെലിഞ്ഞ കൈകൾ തൻ്റെ ബലിഷ്ഠമായ കൈകളിലൊതുക്കി. അവർ കണ്ണിൽക്കണ്ണിൽ നോക്കി നിന്നു. അവരുടെ കണ്ണുകളിൽ അലയടിച്ച പ്രണയത്തിന് സ്നേഹത്തിൻ്റെ നിറമായിരുന്നു.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ #പ്രണയം


6 Comments
സ്നേഹത്തിൻ്റെ നിറമില്ലെങ്കിൽ പ്രണയത്തിന് എന്തർത്ഥം ……. ഹൃദ്യം കഥ❤️👍
Thank you dear ❤️
മനോഹരം 👌
❤
Thank you dear ❤️
നല്ല കഥ 💕💕 അവരുടെ വൈകുന്നേരത്തെ ചായ സൽക്കാരത്തിൽ വല്ലപ്പോഴും കിട്ടുന്ന പരിപ്പുവട ആർഭാടം ആണെന്ന് അതു കലക്കി 💕💕: സ ത്യമായ കാര്യം
വായിച്ച് അഭിപ്രായം പറഞ്ഞല്ലോ❤️ സന്തോഷം സ്നേഹം നന്ദി❤️🌹🙏