യാദൃശ്ചികമായി കണ്ട ഒരു റീലിലെ ഉള്ളടക്കത്തെ പറ്റി പറയാൻ വേണ്ടി വന്നതാണേ.
ഏറെക്കുറെ അതിങ്ങനെ പറയുന്നു. ‘ഒരാള് യഥാർത്ഥത്തിൽ എന്താണെന്നതും, അയാളുടെ വാക്കുകൾ പ്രവൃത്തികൾ പ്രതികരണങ്ങൾ നമുക്കെന്ത് തോന്നിപ്പിക്കുന്നു എന്നും വേവ്വേറെ കാണാൻ സാധിക്കണം’ എന്ന്.
നിങ്ങളുടെ ജീവിതത്തിലും ഇങ്ങനേ സംഭവിച്ചിട്ടുണ്ടോ എന്ന് പറയണേ. നിങ്ങൾക്ക് ഒത്തിരി ഇഷ്ടമുള്ള, ബഹുമാനമുള്ള, താൽപ്പര്യമുള്ള ഒരു വ്യക്തി. നിങ്ങൾ ആഗ്രഹിക്കുന്നതോ ആരാധിക്ക വണ്ണമോ കഴിവുകളോ സ്വഭാവമോ ഉള്ള ഒരു വ്യക്തി. ആ വ്യക്തിക്ക് നിങ്ങളോടുള്ള 90% ഇടപാടുകളും നിങ്ങൾക്ക് വളരെയധികം ഇഷ്ടമാണ്. പക്ഷെ ചില കാര്യങ്ങളിൽ ആ വ്യക്തിയുടെ പെരുമാറ്റമോ സംസാരമോ പ്രതികരണമോ നിങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു, വേദനിപ്പിക്കുന്നു, നിങ്ങൾക്ക് അവഗണനയോ അപമാനമോ തോന്നുന്നു. നിങ്ങൾക്ക് കിട്ടേണ്ട വില കിട്ടുന്നില്ലെന്ന തോന്നൽ ശക്തമായി വരുന്നു. എന്നാൽ കൃത്യമായ കാരണം അറിയുന്നില്ല. തുറന്നു സംസാരിക്കാൻ ശ്രമിച്ചാലോ അല്ലെങ്കിൽ കാര്യങ്ങളെ അവലോകനം ചെയ്യാൻ ശ്രമിച്ചാലോ അപ്പുറത്തെ വ്യക്തിയ്ക്ക് അവരുടെ ന്യായം ഉള്ളത് പോലെയും, നിങ്ങളുടെ സങ്കടം നിങ്ങളുടെ ചിന്തകളുടെ പ്രശ്നമായി തോന്നുകയും ചെയ്യുക. അങ്ങനെ ഉണ്ടായിട്ടില്ലേ?
സത്യത്തിൽ നമ്മുടെ വളർച്ചയുടെ ഒരു ഭാഗം തന്നെയാണ് ഇത്തരം അവസരങ്ങൾ. പലപ്പോഴും നമ്മൾ സ്വയം പുനർചിന്തനം നടത്തുകയും നമ്മളിൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമുണ്ടായിരിക്കാം. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്.
ഒരു വ്യക്തി ഒത്തിരി കഴിവുകളും ഗുണങ്ങളും മൂല്യങ്ങളും ഒക്കെ ഉള്ള, വളരെ നല്ലൊരു മനുഷ്യനായിരിക്കാം. പക്ഷെ ആ വ്യക്‌തി നമുക്കെങ്ങനെ അല്ലെങ്കിൽ ആ വ്യക്തിയോടുള്ള ഇടപെടലിൽ നമുക്കെന്ത് തോന്നുന്നു എന്നത് തന്നെയാണ് പ്രധാനം.
നമ്മളെ അംഗീകരിച്ചു കൊണ്ടും നമുക്ക് അർഹമായ വില തന്നു കൊണ്ടുമുള്ള ഇടപെടലുകൾ മനസ്സിലാക്കാനുള്ള കഴിവ് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.
അപ്പുറത്തുള്ള ആളുടെ ഉദ്ദേശം എത്ര തന്നേ ആത്മാർത്ഥം ആണെങ്കിലും അത് നമ്മളെ വിലകുറച്ചു തോന്നുന്ന ഒരു അനുഭവമാണ് ഉള്ളിൽ ഉണ്ടാക്കുന്നത് എങ്കിൽ അതുവരെയുള്ള മറ്റെന്തു ഗുണങ്ങളും പ്രയോജനങ്ങളും മാറ്റി വെച്ച് ഇതിനെ ഒരു red flag ആയി എടുക്കാൻ സാധിക്കണം.
പലപ്പോഴും തിരഞ്ഞെടുപ്പുകളിൽ തലച്ചോറും ഹൃദയവും തമ്മിലുള്ള ഒരു അടിപിടിയെ പറ്റി എല്ലാവരും പറയാറുണ്ടല്ലോ. ഹൃദയം കൊണ്ടല്ല തലച്ചോറുകൊണ്ട് വേണം തീരുമാനം എടുക്കാൻ എന്ന്.
എന്നാൽ നേരേ തിരിച്ചു സംഭവിക്കുന്ന സാഹചര്യങ്ങൾ ഉണ്ട്. പ്രത്യേകിച്ചും അപ്പുറത്തെ വ്യക്തി toxic / manupulative ആവുമ്പോൾ. നമ്മുടെ instinct / gut, അല്ലെങ്കിൽ നമ്മുടെ ഹൃദയം നമുക്ക് എന്തോ എന്തുകൊണ്ടോ ഒരു ‘ശരിയല്ല’ സന്ദേശം തരുകയും എന്നാൽ നമ്മൾ യുക്തി വെച്ചും തലച്ചോറ് വെച്ചും ചിന്തിച്ച് അതിനെ അവഗണിച്ചു മറ്റൊരു നിലപാടിൽ എത്തുകയും ചെയ്യുന്ന അവസ്ഥ.
അടുത്ത ബന്ധങ്ങളിൽ രണ്ടു വ്യക്തികൾ പരസ്പ്പരം അറിയാതെ പോലും ഇത് നിരന്തരം സംഭവിക്കാറുണ്ട്. ചില അവസരങ്ങളിൽ പുറമെ നിന്ന് നോക്കി കാണുന്നവർക്ക് ഇത് നേരത്തെ തിരിച്ചറിയുകയും ചെയ്യും. ഒരു ബന്ധത്തിൽ empathy (അനുതാപം) കൂടുതൽ ഉള്ള വ്യക്തിക്കാവും ഇതിന്റെ ദൂഷ്യഫലം കൂടുതലായി അനുഭവിക്കേണ്ടി വരുന്നത്.
ഒറ്റവാക്കിൽ പരസ്പ്പരമുള്ള compatibility ഇല്ലായ്മ എന്നൊക്കെ നമുക്ക് തോന്നുമെങ്കിലും കാര്യം മറ്റൊന്നാണ്.
നമുക്ക് വേദനിക്കുന്നുണ്ടെങ്കിലും, നിരാശ തോന്നുന്നുണ്ടെങ്കിലും, അപമാനിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ പിന്തള്ളപ്പെടുകയോ ചെയ്യുന്നു എന്ന് തോന്നുന്നുണ്ടെങ്കിലും, അപ്പുറത്തുള്ള വ്യക്തിയുടെ / വ്യക്തികളുടെ / സാഹചര്യങ്ങളുടെ അപ്പോഴത്തെ അവസ്ഥയുടെ പേരിൽ നമ്മൾ നമ്മളെയും നമ്മുടെ feelings നെയും പിൻസീറ്റിലേക്ക് മാറ്റുന്ന അവസ്ഥ.
നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സത്യത്തിൽ നമ്മൾ തന്നേ അനാവശ്യമായി ഉണ്ടാക്കുന്നതാണെന്നും, നമ്മുടെ ചിന്തകളാണ് എല്ലാത്തിനും കാരണമെന്നും, നമ്മൾ ചിന്തിക്കുന്ന രീതിയുടെ പ്രശ്നമാണെന്നും, അപ്പുറം നിൽക്കുന്നവരോ നമ്മൾ സ്വയമോ നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കുന്ന ഒരു പ്രത്യേക അവസ്ഥ.
ഇതിൽ ചിലപ്പോൾ ഒരു വ്യക്തിയുടെ ഇടപെടൽ ഉണ്ടാവാം. ചിലപ്പോൾ സമൂഹമോ വളർന്ന സാഹചര്യങ്ങളോ നമ്മളെ കണ്ടിഷൻ ചെയ്തത് കാരണം നമ്മൾ സ്വയം നമ്മുടെ വേദനകളെ കുറച്ചു കാണും.
ഇതിനൊക്കെ വലിയ സ്ഥാനം കൊടുത്ത് കാര്യങ്ങൾ വഷളാക്കണം എന്നല്ല പറഞ്ഞു വരുന്നത്. ബന്ധങ്ങളിൽ നിന്ന് ഇറങ്ങി പോരണം എന്നുമല്ല. പക്ഷെ ഒരേ പാട്ടേൺ ഒത്തിരി തവണ സംഭവിക്കുമ്പോൾ ശ്രദ്ധിക്കണം.
ചിലപ്പോൾ പ്രശ്‍നം നമ്മളിൽ ആവാം. നമ്മളിൽ തിരുത്തലുകൾ ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം, വരുത്തണം. മറ്റ് വ്യക്തികളുടെ അടുത്ത് നമ്മുടെ ഭാഗത്തു നിന്ന് സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ ഉണ്ടാവുന്നുണ്ടോ എന്ന് കൂടെ നോക്കണം.
ചിലപ്പോൾ പ്രശ്‍നം അപ്പുറത്തെ വ്യക്തിയിൽ ആവാം. നേരത്തെ പറഞ്ഞ കുറേ ഗുണഗണങ്ങൾക്ക് താഴെ ഗുരുതരമായ പ്രശ്നങ്ങളുള്ള വ്യക്തിയാവാം അത്. ചിലരെ നേരെയാക്കാൻ ശ്രമിക്കാം. ചിലരിൽ നിന്ന് ഇറങ്ങി പോരാൻ മാത്രമേ നമുക്ക് സാധിക്കു.
ചിലപ്പോൾ ആ ബന്ധത്തിൽ compatibility ഇല്ലാത്തതാവാം. പരസ്പരം അനുയോജ്യരല്ല എന്നേ ഉണ്ടാവു. ആ വ്യക്തി മറ്റൊരാൾക്കോ നമ്മൾ മറ്റൊരാൾക്കോ അനുയോജ്യരാവാം.
ചുരുക്കി പറഞ്ഞാൽ. നമുക്കെന്ത് തോന്നുന്നു എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അവിടെ ചിന്തിച്ചു തുടങ്ങാനും തിരുത്താനും സാധിക്കണം. തിരുത്ത് വേണ്ടത് നമ്മളിൽ ആയാലും ബന്ധങ്ങളിൽ ആയാലും.
തലച്ചോറിനെ അല്ല ഹൃദയത്തെ തന്നേ ആണ് പിന്തുടരേണ്ടത്. കൃത്യമായ നിലപാടുകൾ എടുക്കാൻ പരുവത്തിന് ഹൃദയത്തെ ശക്തമാക്കിയാൽ മതി. തലച്ചോറ് മേൽനോട്ടം നടത്തിക്കോളും.
You should be able to separate
How you feel about someone, from
How they make you feel.

