മരണപ്പെടുകയാണെങ്കിൽ
എത്ര തവണ മരണപ്പെടേണ്ടി-
യിരുന്നുവെന്ന് പറഞ്ഞ്
വെറുതേ ചിരിയ്ക്കുന്ന
മനുഷ്യന്മാരുടെ കണ്ണുകളിലേയ്ക്ക്
നിങ്ങൾ നോക്കിയിട്ടുണ്ടോ?
ഉണ്ടെങ്കിൽ, ഉണ്ടെങ്കിൽ
നിങ്ങളാണീ ലോകത്തെ
ഏറ്റവും വലിയ ധൈര്യശാലിയെന്ന്
ഞാൻ പറയും..
നിഷേധിയ്ക്കാൻ കഴിയുമോ?
മരണപ്പെടാതിരിയ്ക്കാൻ
കാരണങ്ങൾ ചികയുന്ന
മനുഷ്യന്മാരുടെ ഹൃദയത്തിലേയ്ക്ക്
നിങ്ങൾ കടന്നു ചെന്നിട്ടുണ്ടോ..?
എങ്കിൽ, നിങ്ങളാണ്
(അവരുടെ )ലോകത്തെ
അവസാനത്തെ
കാമുകൻ / കാമുകി
എന്ന് ഞാൻ പറയും..
മറയ്ക്കാൻ കഴിയുമോ?
ആ ഒരാൾ മരിയ്ക്കുമ്പോൾ
കൂടെ കൂടണമെന്ന്
തോന്നിയിട്ടുണ്ടോ?
എങ്കിൽ നിങ്ങൾ
അയാൾക്കായ് ഇന്നും
വെറുതേ കണ്ണീരൊഴുക്കു-
ന്നുവെന്നു പറയുമ്പോ
കണ്ണടച്ചു കളയാൻ
കഴിയുമോ..?
പിന്നെ.. പിന്നെ
എങ്ങനെയാണ് നിങ്ങൾക്ക്
അയാളോടുള്ള അടങ്ങാത്ത
പ്രണയം ഇത്ര
മനോഹരമായി ഒളിച്ചു-
വയ്ക്കാൻ കഴിയുന്നത്?


1 Comment
❤️🌹👌