Author: Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

ഞാൻ പേന കയ്യിലെടുക്കുകയും അക്ഷരങ്ങളെ കൂട്ടിച്ചേർക്കാൻ കൊതിയ്ക്കുകയും ചെയ്തു, അവരെന്നെ മറന്നു പോയിരുന്നു അതോ ഞാനവരെയോ? മഷി പുരണ്ട വിരലുകളെ സ്നേഹിച്ച ആറുവയസുകാരി ഉള്ളിലെവിടെയോ തേങ്ങുന്നു ആരും കാണാത്ത ആരും അറിയാൻ ശ്രമിക്കാത്ത നൊമ്പരങ്ങളൊക്കെയും ഏറ്റെടുത്തവരാണ്, ആരും കണ്ടാൽ അറയ്ക്കുന്ന കണ്ണീർവിഴുപ്പത്രയും തുടച്ചു മാറ്റിയവരാണ് ഇപ്പോളിങ്ങനെ അകന്നിരിക്കുന്നത്. അവരോളമാഴത്തിൽ ഒരു മനുഷ്യനുമെന്നെ കണ്ടെത്തിയില്ല അവരോളം കരുണയിൽ ഇന്നോളമൊരു മനുഷ്യനുമെന്നെ ചേർത്ത് പിടിച്ചീല അവരോളം പ്രണയത്തിൽ മറ്റാരുമെന്നെ ഇറുക്കെ പുണർന്നീല.. അവരോളം മൂർച്ഛയിൽ ആരുമെന്നെ ചുംബിച്ചീല.. ആരും കാണാത്ത മുറിവുകളുടെ ആഴം കൂടുന്തോറും അവരേയും തേടി ഞാനലഞ്ഞത് പോലെ ഒരു മനുഷ്യനെയും ഞാനുമന്വേഷിച്ചീല അല്ലെങ്കിലും അക്ഷരങ്ങളോളമാഴത്തിൽ ആരുമെന്നെ ഇന്നേവരെ വായിച്ചീല..

Read More

ആ നീലവെളിച്ചം എന്റെ കണ്ണിലേയ്ക്ക് അതിശക്തമായി പതിച്ച നിമിഷം ഞാൻ തിരികേ ബോധത്തിലേക്ക് വന്നു, ഈ നേരമത്രയും കണ്ണീരൊഴുക്കിക്കൊണ്ട് തെരുവിലൂടെ നടക്കുകയായിരുന്നു എന്ന് തെല്ല് ജാള്യതയോടെ ഞാനോർത്തു. നീലവെളിച്ചത്തിൽ നിന്നും മാറി നടക്കുന്തോറും അതെന്നെ പിന്തുടർന്നു, തെല്ലൊരങ്കലാപ്പിൽ ഞാൻ നടത്തം ഓട്ടത്തിലേക്ക് വഴിമാറ്റി. എന്തിനാണ് നീയെന്നെ ഭയക്കുന്നത്? ആ വെളിച്ചം എന്നോട് മനുഷ്യന്റെ സ്വരത്തിൽ ചോദിക്കുന്നു. ഞാൻ ചെവി പൊത്തി. എനിക്ക് ഭയമാണ്. മാനുഷികമായതെല്ലാം, യാന്ത്രികമായതെല്ലാം അസ്ഥിരമായതെല്ലാം, മായികമായതെല്ലാം, എനിയ്ക്ക് ഭയമാണ്. ഞാൻ മനുഷ്യനല്ലല്ലോ. അത് വീണ്ടും ചോദിയ്ക്കുന്നു,മനുഷ്യ സ്വരത്തിൽ തന്നെ. ഞാൻ തളരുന്നു. പക്ഷേ നിന്റെ ശബ്ദം മനുഷ്യന്റേതാണ്. നീയൊരു മനുഷ്യനിർമ്മിതിയാണ്. എത്ര ദയാവായ്പോടെ നീ സംസാരിച്ചാലും അത് മാറുന്നേയില്ല. ഇത്തവണ നീല വെളിച്ചം തെല്ല് വിളറി. പിന്നെയത് മഞ്ഞയായി, പിന്നെ പച്ച ഒടുവിൽ ചുമപ്പ്. ഇപ്പഴോ? അത് നിസ്സഹായതയുടെ സ്വരത്തിൽ…

Read More

വേച്ചും ഇടറിയും രക്‌തമിറ്റുന്ന ദേഹവും ദേഹിയുമായി വന്ന ജീവിയെ തിരികെ കഴുകനിട്ടു കൊടുത്തു കൊണ്ടവർ പറഞ്ഞു ഇനിയും ബാക്കിയുണ്ട് അസ്ഥിയിലൊട്ടിപ്പിടിച്ച അല്പം രക്തവും ജീവൻ കൊതിയ്ക്കുന്നൊരാത്മാവും..

Read More

ഉള്ള് വേവിച്ച ഓർമകൾക്ക് എടുത്താൽ പൊങ്ങാത്ത കനമാണ്, തലക്കനം മൂക്കുമ്പോൾ ഉള്ളിലിരിക്കുന്ന ചിതലുകളുടെ പിരുപിരുപ്പ് കേൾക്കാം അവ കൂട്ടത്തോടെ പുറ്റ് കെട്ടുകയാണ്, നോവുകൾക്കും വേവുകൾക്കും മേലെ…   അങ്ങനെ കെട്ടിക്കെട്ടിയൊടുക്കം മറവിയെ ബാക്കിയാക്കും മറവിയുടെ പുറ്റ് നിറഞ്ഞ തലയ്ക്ക് കനമുണ്ടാവില്ലായിരിയ്ക്കാം അവ നോവിന്റെ കഥ നിരന്തരം പാടിപ്പാടി ഉറക്കം കളയില്ലായിരിയ്ക്കാം…

Read More

ഭൂതകാലത്തിന്റെ ഏതോ ഇരുട്ടറയിൽ ഞാനവളെ ‘മറന്നുവച്ചു’… ഇടക്കിടക്കുയരുന്ന അവളുടെ മുറവിളികൾ ഞാൻ കേട്ടില്ലെന്ന് നടിച്ചു… ഒടുക്കം, അവളടങ്ങില്ലെന്നായപ്പോൾ ഞാനവളെ ചങ്ങലയാൽ ബന്ധിച്ചു.. എത്ര നാൾ നീയെന്നെ ഒളിച്ചു വയ്ക്കുമെന്നവളപ്പോഴുമെന്നെ പുച്ഛിച്ചു, ഞാനവളെ തീർത്തുമവഗണിച്ചു, അവളുടെ ജീവരക്‌തമൊഴുകിയ വഴിയിലൂടെ ഞാൻ ‘മുൻപോട്ട്’ നടന്നു… ഞാൻ നടന്ന വഴിയിലൊക്കെയും ചുവന്ന കാൽപ്പാടുകൾ, അവയിലൊക്കെയും അവളുടെ മുഖം അവളുടെ ചിരി അവളുടെ നൊമ്പരം തേച്ചിട്ടുമുരച്ചിട്ടും മായാത്തപോലെ..

Read More

ഇനിയും വിരിയാനൊരുങ്ങാത്ത  ശലഭം ഇനിയും മുളക്കാത്ത ചിറകുകളും കാത്തു  കൊക്കൂണിൽ കിടക്കും  പ്യൂപ്പ

Read More

പെണ്ണിന്റെ ശവം അടിഞ്ഞുകൂടുന്ന നദിയുടെ തീരത്ത് പെണ്ണ് പെറ്റ് പെറ്റ് പെരുകിയ കുലം മുഴുവൻ കാത്തിരുന്നു, ഓരോ ശവത്തിന്റെയും കാലിലും കയ്യിലും കഴുത്തിലും നാക്കിലും തെളിഞ്ഞ ചങ്ങലപ്പാടുകൾ കണ്ടില്ലെന്ന് നടിച്ചവർ ചാവിന്റെ കാരണം തിരക്കി രസിച്ചു, പെണ്ണിന്റെ കണ്ണീര് പെയ്തുണ്ടായ പുഴയിലിറങ്ങി ശവങ്ങളെ വകഞ്ഞുമാറ്റി നീന്തിത്തുടിച്ചു, ചത്തിട്ടും തലയിലേറ്റി – കൊടുത്ത ഭാരത്തിൽ അജ്ഞത നടിച്ച് ചാവാത്ത പെണ്ണിനെ തിരഞ്ഞു പിടിക്കാൻ പുഴ നീന്തിക്കടന്നു.

Read More

എന്നോ നഷ്ടപ്പെട്ട ഭൂപടത്തിലെ രാജ്യങ്ങളെ എണ്ണി തിട്ടപ്പെടുത്തുന്ന വൻകരകളെ കണ്ടിട്ടുണ്ടോ? അരികും മൂലയും പിഞ്ഞിപ്പോയ ചിതലരിച്ച കടലാസുപോലെ സമുദ്രത്തിലാഴ്ന്നു പോയ കരകളെ തേടുന്നവരെ ? വക്ക് കെട്ടിയിട്ടില്ലാത്ത വെള്ളം വറ്റിയ കിണറിലേക്ക് പതിച്ചതുപോലെ അഗാധമായ ഗർത്തങ്ങളിൽ ആഴ്ന്നുപോയ ഭൂമിയെ തിരയുന്നവരെ? അക്ഷാംശരേഖക്കും രേഖാംശരേഖക്കും ഇടയിൽ പുതിയൊരു ഭൂമധ്യരേഖക്കായ് കാക്കുന്നവരെ? അവരുടെ ദുഃഖങ്ങളിൽ പുതിയൊരു ഭൂഖണ്ഡത്തിനും സാധ്യതയുണ്ടാകില്ലായിട്ടും നഷ്ടപ്പെട്ട കരയെ വരച്ചു ചേർക്കാനും കൂട്ടിചേർക്കാനും കഴിയാതെ സ്വയമൊരു വൻകരയെന്ന് പോലും മറന്ന് പോയവരെ…?

Read More

തുറന്നു കിടക്കുന്ന കതകുകളെ ഞാൻ ഭയപ്പെടുന്നു.. അതിലൂടെ എന്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്ന് കയറുന്ന ഭീതിദമായ നോട്ടങ്ങളിലും ഭയാനകമായ പൊട്ടിത്തെറികളിലും ഞാൻ ഞെട്ടിവിറയ്ക്കുന്നു.. ഓരോ പ്രാവശ്യവും കതകിന്റെ കുറ്റിമുറുക്കി എനിക്ക് ചുറ്റും ഇരുണ്ട ലോകം സൃഷ്ടിക്കുമ്പോൾ ഞാനെന്റെ സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിക്കുന്നു.. കതകുകൾ പൂട്ടാതെ സ്വാതന്ത്ര്യം ലഭിയ്ക്കുന്ന ലോകത്തെ പറ്റി ഞാൻ സ്വപ്നം കാണുന്നു…

Read More

അങ്ങനെയൊടുക്കം വേദനകൾക്ക് ഞാനിന്ന് രാജി പ്രഖ്യാപിച്ചു, ആദ്യമവരെന്നോട് കലഹിച്ചു കുഞ്ഞു കുട്ടികളെപ്പോലെ വാശി പിടിച്ചു ആരുമില്ലാത്തപ്പോഴും ഞങ്ങളൊപ്പം നിന്നിട്ടില്ലേയെന്ന് പ്രതിഷേധിച്ചു ഞാനൊന്നും മിണ്ടിയില്ല അല്ലെങ്കിലും പറയുന്നത് സത്യമാവുമ്പോഴും നുണയാവുമ്പോഴും മിണ്ടാതിരിക്കുന്നതും ഭൂഷണമാണ്.. അങ്ങനെ മിണ്ടാതിരിക്കുമ്പോ ഞങ്ങളിറങ്ങിപ്പോവുകയാണെന്ന് അവര് ഭീഷണിപ്പെടുത്തി, അങ്ങനെയങ്ങു ഇറങ്ങിപ്പോവാനാണോ ഇക്കാലമത്രയും ഒറ്റപ്പെടൽ കൊണ്ട് വളമിട്ടതും കണ്ണീര് കൊണ്ട് നനച്ചതുമെന്നും ഞാൻ ചോദിച്ചില്ല ഇറങ്ങിപ്പോവുന്നെങ്കിൽ പോട്ടെ പുല്ലെന്ന് ഞാനും അല്ലെങ്കിലും ഉള്ളിലുള്ളതല്ല പുറമേ വരുന്നതെന്നൊരു ചീത്തപ്പേരുള്ളതാ, അതിപ്പോ ഉറപ്പായല്ലോ ഹാ ഞാൻ നോക്കുമ്പോ അവര് പോവുന്നൊന്നുമില്ല ഇറങ്ങിപ്പോണെന്ന ഭാവത്തിൽ നിന്ന് പതിയേ എന്നെ കേറിയങ്ങു പിടിച്ച്, മുറുകെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു, ഇക്കണ്ട കാലമൊന്നും ഒരു മനുഷ്യനും തിരിഞ്ഞ് നോക്കാത്ത മുറിവുകൾ ചൂണ്ടിക്കാട്ടി തന്നു, തലോടി.. അങ്ങനെയൊന്നും എന്നെ മാനിപ്പുലേറ്റ് ചെയ്യാൻ നോക്കേണ്ട, ഞാൻ പുച്ഛിച്ചു അപ്പൊ അവരെന്നെ മരണത്തെ കാട്ടി മോഹിപ്പിച്ചു, ഹമ്മേ എന്തൊരു സൗന്ദര്യം എന്തൊരു സൗകുമാര്യം എന്തൊരു സുഭഗത എന്തൊരു ശാന്തി, സമാധാനം ചുരുക്കി പറഞ്ഞാ…

Read More