അങ്ങനെയൊടുക്കം
വേദനകൾക്ക് ഞാനിന്ന്
രാജി പ്രഖ്യാപിച്ചു,
ആദ്യമവരെന്നോട് കലഹിച്ചു
കുഞ്ഞു കുട്ടികളെപ്പോലെ
വാശി പിടിച്ചു
ആരുമില്ലാത്തപ്പോഴും ഞങ്ങളൊപ്പം
നിന്നിട്ടില്ലേയെന്ന് പ്രതിഷേധിച്ചു
ഞാനൊന്നും മിണ്ടിയില്ല
അല്ലെങ്കിലും പറയുന്നത്
സത്യമാവുമ്പോഴും
നുണയാവുമ്പോഴും
മിണ്ടാതിരിക്കുന്നതും
ഭൂഷണമാണ്..
അങ്ങനെ മിണ്ടാതിരിക്കുമ്പോ
ഞങ്ങളിറങ്ങിപ്പോവുകയാണെന്ന്
അവര് ഭീഷണിപ്പെടുത്തി,
അങ്ങനെയങ്ങു ഇറങ്ങിപ്പോവാനാണോ
ഇക്കാലമത്രയും
ഒറ്റപ്പെടൽ കൊണ്ട് വളമിട്ടതും
കണ്ണീര് കൊണ്ട് നനച്ചതുമെന്നും
ഞാൻ ചോദിച്ചില്ല
ഇറങ്ങിപ്പോവുന്നെങ്കിൽ
പോട്ടെ പുല്ലെന്ന് ഞാനും
അല്ലെങ്കിലും ഉള്ളിലുള്ളതല്ല
പുറമേ വരുന്നതെന്നൊരു
ചീത്തപ്പേരുള്ളതാ,
അതിപ്പോ ഉറപ്പായല്ലോ
ഹാ
ഞാൻ നോക്കുമ്പോ
അവര് പോവുന്നൊന്നുമില്ല
ഇറങ്ങിപ്പോണെന്ന
ഭാവത്തിൽ നിന്ന്
പതിയേ എന്നെ
കേറിയങ്ങു പിടിച്ച്,
മുറുകെ കെട്ടിപ്പിടിച്ച്
ഉമ്മവച്ചു,
ഇക്കണ്ട കാലമൊന്നും
ഒരു മനുഷ്യനും
തിരിഞ്ഞ് നോക്കാത്ത
മുറിവുകൾ ചൂണ്ടിക്കാട്ടി
തന്നു, തലോടി..
അങ്ങനെയൊന്നും
എന്നെ മാനിപ്പുലേറ്റ്
ചെയ്യാൻ നോക്കേണ്ട,
ഞാൻ പുച്ഛിച്ചു
അപ്പൊ അവരെന്നെ
മരണത്തെ കാട്ടി മോഹിപ്പിച്ചു,
ഹമ്മേ എന്തൊരു സൗന്ദര്യം
എന്തൊരു സൗകുമാര്യം
എന്തൊരു സുഭഗത
എന്തൊരു ശാന്തി, സമാധാനം
ചുരുക്കി പറഞ്ഞാ
എന്താ ഒരു വശ്യത
ആരും നോക്കിപ്പോവും,
ഞാനും!


4 Comments
👍🌹
👏👍
പേടിച്ചു ഓടരുത്
🤗