എന്നോ നഷ്ടപ്പെട്ട
ഭൂപടത്തിലെ
രാജ്യങ്ങളെ എണ്ണി
തിട്ടപ്പെടുത്തുന്ന
വൻകരകളെ
കണ്ടിട്ടുണ്ടോ?
അരികും മൂലയും
പിഞ്ഞിപ്പോയ
ചിതലരിച്ച കടലാസുപോലെ
സമുദ്രത്തിലാഴ്ന്നു
പോയ കരകളെ
തേടുന്നവരെ ?
വക്ക് കെട്ടിയിട്ടില്ലാത്ത
വെള്ളം വറ്റിയ
കിണറിലേക്ക്
പതിച്ചതുപോലെ
അഗാധമായ ഗർത്തങ്ങളിൽ
ആഴ്ന്നുപോയ
ഭൂമിയെ
തിരയുന്നവരെ?
അക്ഷാംശരേഖക്കും
രേഖാംശരേഖക്കും
ഇടയിൽ പുതിയൊരു
ഭൂമധ്യരേഖക്കായ്
കാക്കുന്നവരെ?
അവരുടെ ദുഃഖങ്ങളിൽ
പുതിയൊരു ഭൂഖണ്ഡത്തിനും
സാധ്യതയുണ്ടാകില്ലായിട്ടും
നഷ്ടപ്പെട്ട കരയെ
വരച്ചു ചേർക്കാനും
കൂട്ടിചേർക്കാനും
കഴിയാതെ സ്വയമൊരു
വൻകരയെന്ന് പോലും
മറന്ന് പോയവരെ…?
