കല്യാണത്തലേന്ന് നവവധു ഒളിച്ചോടിപ്പോയി എന്ന് കേട്ട് കേൾവിയെ ഉണ്ടായിരുന്നുള്ളൂ.. ഇതാ ഇപ്പോൾ സ്വന്തം ജീവിതത്തിൽ തന്നെ നടക്കാൻ പോവുന്നു. എന്തുചെയ്യാനാണ് എനിക്കിതല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. അത്യാവശ്യം സർട്ടിഫിക്കറ്റുകളും അവശ്യം വേണ്ട വസ്ത്രങ്ങളും കുറച്ചു പണവും ബാഗിൽ എടുത്തു വച്ചിട്ടുണ്ട്.
ഈ ഇരുട്ടിൽ ഇങ്ങനെ നിൽക്കുമ്പോൾ പലവിധത്തിലുള്ള ചിന്തകൾ മനസ്സിലൂടെ കടന്ന് പോവുന്നു.
നിങ്ങൾ കരുതുന്നുണ്ടാവും, എന്തിനാണ് ഇവൾ ഈ അവസാനനിമിഷത്തിൽ ഈ സാഹസത്തിന് മുതിരുന്നതെന്ന്.എനിയ്ക്ക് വേണമെങ്കിൽ അല്പം കൂടെ മുന്നേ ഇത് ചെയ്യാമായിരുന്നു, പക്ഷേ ഒപ്പം ആളില്ലല്ലോ. അല്ലെങ്കിലും ഞാനൊരു ഭീരുവാണല്ലോ, ഒന്നും സ്വന്തമായി ചെയ്യാൻ കഴിയാത്തവൾ.. ആരുടെയൊക്കെയോ വാലിഡേഷനു വേണ്ടി കാത്തുനിൽക്കുന്നവൾ..
ഹാ…
ദൂരെയൊരു വെളിച്ചത്തിന്റെ മൊട്ടു വിരിയുന്നുണ്ടോ? അതവനായിരുന്നുവെങ്കിൽ…
അവനെ ഞാൻ പരിചയപ്പെട്ടിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. അതായത് എന്റെ കല്യാണം ഉറപ്പിച്ചതിന്റെ മൂന്നാം മാസത്തിൽ അതായത് കല്യാണത്തിന്റെ രണ്ടാഴ്ച മുന്നേ..
അവനെ അല്ലെങ്കിൽ അവനെപ്പോലൊരുവനെയാണ് ഞാനും തിരഞ്ഞിരുന്നത്.
അച്ഛനോടും അമ്മയോടും എത്ര തവണ പറഞ്ഞു എനിക്ക് കല്യാണം വേണ്ടെന്ന്.
ദിവസങ്ങളോളം വലിയ നിലകണ്ണാടിക്ക് മുന്നിൽ നിന്ന് പ്രാക്ടീസ് ചെയ്തതിന് ശേഷം വല്യച്ഛനും മാമന്മാരും അച്ഛനും കുടുംബത്തിലെ മറ്റ് പെണ്ണുങ്ങളും ഇരിക്കുന്ന സദസ്സിൽ വച്ചാണ് ആദ്യം പ്രഖ്യാപിച്ചത്.
” എനിക്ക് സെക്സിനോട് താല്പര്യമില്ല, എനിക്ക് കല്യാണം വേണ്ട ഞാൻ അസെക്ഷ്വൽ ആണ്… ”
സെക്സ് എന്ന് കേട്ടപ്പോൾ തന്നെ വല്യച്ഛൻ കുടിച്ചോണ്ടിരുന്ന വെള്ളം നെറുകയിൽ കയറി, മാമന്മാരുടെയും അച്ഛന്റെയും കണ്ണ് മുന്നിലെ മേശയിലേക്ക് ഉരുണ്ടു വീഴുമെന്ന അവസ്ഥയായി.
പെണ്ണുങ്ങളിൽ നിഷാന്റി ഒഴികെ ബാക്കിയെല്ലാരും വാ പൊത്തി ഇരിക്കുകയാണ്.
അമ്മ വന്ന് കൈയ്യിൽ വേദനിപ്പിക്കുന്ന വിധത്തിൽ നുള്ളി പിടിച്ചു വലിച്ചപ്പോഴാണ് നിന്ന നിൽപ്പിൽ നിന്ന് അനങ്ങാൻ പറ്റിയത്.
അകത്തേക്ക് തള്ളിക്കയറ്റി വാതിൽ അടച്ചു കുറ്റിയിട്ടു അമ്മ.
” എന്തൊക്കെയാ നീ പറയുന്നേ? പെൺകുട്ട്യോൾ പറയാൻ പാടുള്ള വാക്കാണോ നീ പറഞ്ഞേ…? അതും കുടുംബത്തിലെ ആണുങ്ങളുടെ മുന്നിൽ.. ഇനി ഞാനെങ്ങനെയാ ഈശ്വരാ അവരുടെ മുഖത്ത് നോക്കുകാ…”
പറയുക മാത്രമല്ല രണ്ട് തല്ലു കൂടെ തന്നു, അമ്മ.
” ഇതൊക്കെ നിന്റെ തോന്നലാ.. ഇത് തെളിയിക്കാൻ നീ മുന്നേ ഇതിന് പോയിട്ടില്ലല്ലോ…
കല്യാണം കഴിഞ്ഞാ താനേ മാറാവുന്നതേയുള്ളൂ ഇതൊക്കെ..
നീ നോക്കിക്കോ..
നീ നിഷാന്റിയെ കണ്ടോ, പണ്ട് ഇതുപോലെ പറഞ്ഞ് തൂങ്ങിച്ചാവാൻ പോയ ആളാ ഇപ്പോ കല്യാണം കഴിഞ്ഞ് മക്കൾ രണ്ടായി..
എന്ത് സന്തോഷാന്ന് നോക്കിയേ നീ.. ”
പുറത്തിറങ്ങുമ്പോൾ നിഷാന്റിയെ നോക്കാൻ പോലും എനിക്ക് ഭയം തോന്നി. അവരെ നോക്കുമ്പോൾ എനിക്കെന്റെ ഭാവി എന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നി.
അയാളോടും പറഞ്ഞതാണ്, കല്യാണം ഉറപ്പിച്ച പയ്യനോട് ” ശ്ശേ ഇങ്ങനൊക്കെ തോന്നും.. എല്ലാം ഒരു രാത്രി കൊണ്ട് ഞാൻ മാറ്റിത്തരാമെന്നേ.. “എന്നൊരു വല്ലാത്തൊരു ചിരിയോടെ അയാൾ ‘സമാധാനി’പ്പിക്കുകയാണ് ഉണ്ടായത്.
എന്തുപറഞ്ഞാലും ആരും മനസ്സിലാക്കുമായിരുന്നില്ല. അയാൾ വിളിക്കുമ്പോഴൊക്കെ അവഗണിക്കാൻ ശ്രമിക്കുമ്പോൾ അമ്മയുടെ തുറിച്ച കണ്ണുകൾ കോൾ അറ്റൻഡ് ചെയ്യാൻ നിർബന്ധിതയാക്കി. പലപ്പോഴും അയാളുടെ സെക്സ് ടോക്സ് അരോചകവും അറപ്പും ഉണ്ടാക്കിയെങ്കിലും ഓക്കാനം വന്നെങ്കിലും ആരും അതൊന്നും പരിഗണിച്ചതേയില്ല..
അയാൾ എന്നെ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണത്രേ..
എനിക്കീ ലോകത്ത് എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ എന്നറിയണമായിരുന്നു, എനിക്കാരാലെങ്കിലും അംഗീകരിക്കപ്പെടണമായിരുന്നു.
ഒടുവിൽ അറ്റകൈക്കാണ് ആ ഡേറ്റിംഗ് ആപ്പ് പരീക്ഷിച്ചു നോക്കാൻ തീരുമാനിക്കുന്നത്.
ഫോട്ടോയും യഥാർത്ഥ പേരും വക്കാതെ സെക്ഷ്വൽ ഐഡന്റിറ്റി വെളിവാക്കി അതിന് മുൻഗണന കൊടുത്തു കൊണ്ട് ഒരു പ്രൊഫൈലും ക്രിയേറ്റ് ചെയ്ത് ഒന്ന് തുനിഞ്ഞിറങ്ങി നോക്കി. വന്നവരിൽ പലരും എന്റെ ‘ അസുഖം’ മാറ്റിത്തരുവാൻ വന്നവരായിരുന്നു.
അല്ലെങ്കിൽ തന്നെ സ്വന്തം അച്ഛനും അമ്മയ്ക്കും മനസ്സിലാക്കാത്തവരെ ഒരു സമൂഹം മനസ്സിലാക്കും എന്ന് കരുതിയ ഞാൻ തന്നെയാണ് വിഡ്ഢി.
പ്രൊഫൈൽ ഡിലീറ്റ് ചെയ്ത് പോരാൻ തീരുമാനിച്ച വേളയിലാണ് അവൻ കയറി വരുന്നത്. ഏകദേശം എന്റെ പ്രൊഫൈലുമായി മാച്ച് ചെയ്യുന്നൊരു പ്രൊഫൈൽ..
എന്നെപ്പോലെ തന്നെ അസെക്ഷ്വൽ – റൊമാന്റിക് വ്യക്തിത്വം തന്നെയായിരുന്നു അവനും.എന്നെപ്പോലെ ഒരാളെ തന്നെ ആയിരുന്നു അവനും തിരഞ്ഞതും.പൊതുവിൽ തുറന്നു പറയാൻ കഴിയാത്ത പലതും ഞങ്ങൾ രണ്ടുപേരുടെയും സമാനതകൾ ആയതും ഞങ്ങളെ തമ്മിൽ അടുപ്പിച്ചു.
അപ്പോൾ നിങ്ങൾ കരുതും ഒരു അപരിചിതനെയാണോ ഇവൾ വിശ്വസിക്കാൻ പോവുന്നതെന്ന്..
നിങ്ങൾ ഒന്നോർത്തു നോക്കൂ എന്റെയൊരു ഗതികേട്. സ്വന്തം അമ്മ പോലും ഞാൻ പറഞ്ഞ വാക്കുകൾ മുഖവിലക്കെടുത്തിട്ടില്ല, പക്ഷേ സ്വന്തം ജീവിതം എന്ന പോലെ ഒരുവൻ എന്നെ മനസിലാക്കുന്നു, വിശ്വസിക്കുന്നു അവനെ ഞാൻ വിശ്വസിക്കേണ്ടേ?
പക്ഷേ എന്റെ ആവശ്യം ഒരു ദീർഘകാല പ്രണയമോ സൗഹൃദമോ ആയിരുന്നില്ലല്ലോ തികച്ചും ഒരു രക്ഷപ്പെടൽ ആയിരുന്നു.
ആദ്യം കേട്ടപ്പോൾ അവനൊന്ന് ഭയന്ന് പോയി. പിന്നെ അവനും മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളുവല്ലോ, അല്ലെങ്കിൽ അവനെപ്പോലൊരാൾക്കേ മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ..
ഒരുപാട് നിർബന്ധിച്ചാണ് അവനെയീ സാഹസത്തിനു സമ്മതിപ്പിച്ചത്. അവൻ വരും. ആത്മാർത്ഥ സുഹൃത്തിനെ കാവൽ നിർത്തിയാണ് ഇവിടെ വന്ന് നിൽക്കുന്നത്.
അവൻ തന്നെയാണ് ആ വെളിച്ചത്തിന്റെ പിന്നിലെന്ന് മനസ്സിലാക്കിയതും എന്റെ ഉള്ളിൽ ഉണ്ടായ സമാധാനം ഉണ്ടല്ലോ, അത് പറഞ്ഞു തന്നാൽ നിങ്ങൾക്ക് ഒരുപക്ഷേ വിശ്വസിക്കാൻ പോലും സാധിക്കുകയുണ്ടാവില്ല..
അവൻ അടുത്തെത്തിയതും ചുറ്റുമുള്ള പ്രകാശം മൊത്തം അണഞ്ഞു. അവന്റെ വണ്ടിയുടെ ലൈറ്റ് മാത്രം, ആ വെളിച്ചത്തിന് മുന്നിൽ നിൽക്കുന്ന ഞാനും.
ഞങ്ങളുടെ പിന്നിൽ കാൽപെരുമാറ്റങ്ങൾ…
ലൈറ്റ് തെളിഞ്ഞു. ഞങ്ങൾക്ക് ചുറ്റും ആളുകൾ…
മുന്നിൽ അമ്മ.അതിന് പിന്നിൽ അവൾ, ആത്മാർത്ഥ സുഹൃത്ത്.
” എങ്ങനെ തോന്നീ മോളൂ ഞങ്ങളോടിത് ചെയ്യാൻ..
നിന്നെ എങ്ങനെ നോക്കിയതാ… ”
അമ്മ കണ്ണീരൊലിപ്പിക്കുന്നു.
അച്ഛൻ വന്ന് തോളിൽ പിടിക്കുന്നു.
” സാരമില്ല അച്ഛന് മനസ്സിലാവും, ഇപ്പോ ആരും അറിഞ്ഞിട്ടില്ല.. മോളൂന്റെ നല്ലതിനാ അച്ഛ എല്ലാം ചെയ്തത്… വാ തിരികെ വാ.. ”
പറയുക മാത്രമല്ല ശക്തിയോടെ കയ്യിൽ മുറുകെ പിടിച്ചു വലിക്കുകയും ചെയ്തു.
അവൻ ഭയന്ന് വിറച്ചു നിൽക്കുകയാണ്.
” ജീവൻ വേണേൽ പൊയ്ക്കോ കൊച്ചനേ ”
പാവം അവനെങ്ങനെയൊക്കെയോ വണ്ടി തിരിച്ചു.
പാവം.
എനിക്ക് ചിരി വന്നു.
” എന്ത് നല്ല അച്ഛനും അമ്മയുമാ എന്റേത് ഞാൻ മനസിലാക്കിയില്ല..
നിങ്ങൾ പക്ഷേ എന്നെ എന്ത് നല്ലോണം മനസ്സിലാക്കി അല്ലേ… ”
ഞാൻ പൊട്ടിച്ചിരിച്ചു.


3 Comments
വേറിട്ട വിഷയം, വേറിട്ട എഴുത്ത്
ഇത്തരം കാര്യങ്ങളിലൊക്കെ നമ്മുടെ സമൂഹം ഇനിയും ഒരുപാട് മാറാനുണ്ട് എന്നൊരോർമ്മപ്പെടുത്തൽ കൂടിയാണ് ഈ കഥ
❤️
വേറിട്ട എഴുത്ത്. ഇങ്ങനെയുള്ളവരേയും അറിയണം, പരഗണിക്കണം.
👌👏