പെണ്ണിന്റെ ശവം
അടിഞ്ഞുകൂടുന്ന
നദിയുടെ തീരത്ത്
പെണ്ണ് പെറ്റ് പെറ്റ്
പെരുകിയ കുലം
മുഴുവൻ കാത്തിരുന്നു,
ഓരോ ശവത്തിന്റെയും
കാലിലും കയ്യിലും
കഴുത്തിലും നാക്കിലും
തെളിഞ്ഞ
ചങ്ങലപ്പാടുകൾ
കണ്ടില്ലെന്ന് നടിച്ചവർ
ചാവിന്റെ കാരണം
തിരക്കി രസിച്ചു,
പെണ്ണിന്റെ കണ്ണീര്
പെയ്തുണ്ടായ പുഴയിലിറങ്ങി
ശവങ്ങളെ വകഞ്ഞുമാറ്റി
നീന്തിത്തുടിച്ചു,
ചത്തിട്ടും തലയിലേറ്റി –
കൊടുത്ത ഭാരത്തിൽ
അജ്ഞത നടിച്ച്
ചാവാത്ത പെണ്ണിനെ
തിരഞ്ഞു പിടിക്കാൻ
പുഴ നീന്തിക്കടന്നു.
