Spoiler Alert: Maharaj- Netflix
സിനിമയുടെ പേര് അല്ലെങ്കിൽ പോസ്റ്റർ ഒക്കെ കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു അനുമാനം ഉണ്ടല്ലോ? സിനിമയുടെ കഥ ഇതായിരിക്കുമെന്ന്. അങ്ങനെ നോക്കുമ്പോൾ ‘Maharaj’ കൈലാസവും സെലിബ്രിറ്റി ഉടായിപ്പ് സ്വാമിയും ആവും വിഷയമെന്നാണ് ഞാൻ കരുതിയത്. കണ്ടുതുടങ്ങിയപ്പോൾ ആണ് മനസിലായത് ‘അന്ധ’ വിശ്വാസം ഈ നാട്ടിൽ പുതിയതൊന്നും അല്ലെന്ന്. 1800 കളിൽ ഇന്ത്യയിൽ നടന്നൊരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 2024 ൽ റിലീസ് ആയ ഈ ഹിന്ദി പീരീഡ് ഡ്രാമയുടെ കഥയ്ക്ക് ഈ കാലത്തും പ്രസക്തി ഉണ്ടെന്നതാണ് രസകരം. ‘മതം’ ഇളകുമ്പോൾ ആര് മയക്കുവെടി വയ്ക്കും എന്ന ചോദ്യം ഇന്നും പ്രസക്തമാണല്ലോ? സിനിമ റിലീസ് തടയണമെന്നൊക്കെ കോലാഹലം നടന്നിരുന്നു എന്ന് വായിച്ചു. സ്വാഭാവികം! വ്രണപ്പെടാൻ അല്ലാതെ നവീകരിക്കാൻ ഒരു മതവും തയാറല്ലല്ലോ?
സിനിമയിലെ നായകൻ ജുനൈദ് ഖാൻ (പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാന്റെയും റീന ദത്തയുടെയും മകൻ) ചരിത്ര കഥാപാത്രമായ കർസൻ ദാസ് മുൽജി ആയി തകർത്ത് അഭിനയിച്ചിട്ടുണ്ട്. പ്രതിനായകനായ ജെജെ അഥവാ മഹാരാജിന്റെ റോളിൽ ജയ്‌ദീപ് ആഹ്ലാവത്ത് ആണ് എത്തുന്നത്. സാധാരണ ചെയ്യാറുള്ള റോളുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു വേഷം ആണിത്. ഗുജറാത്തിലെ വൈഷ്ണവ സമുദായത്തിന്റെ ദൈവീക പ്രതിപുരുഷനായ ജാദുനാഥിന്റെ ഗാംഭീര്യവും മുഖത്തെ ശാന്തതയും ഒരേ പോലെ കൈകാര്യം ചെയ്യുക എളുപ്പമല്ല. ആഹ്ളാവത്തിന്റെ അഭിനയം ആഹ്ളാദജനകം തന്നെ ആയിരുന്നു.
സിനിമ കൈകാര്യം ചെയ്യുന്ന വിഷയം മതത്തിന്റെ പേരിലുള്ള ലൈംഗിക ചൂഷണമാണ്. ചരൺ സേവ എന്ന പേരിൽ പെണ്കുട്ടികളിലെ ഭക്തിയെ ചൂഷണം ചെയ്യുക മാത്രമല്ല ആ സേവ കിളിവാതിലുകളിലൂടെ പണം കൊടുത്ത് കാണാനും അവസരം ഉണ്ടായിരുന്നു ഈ ഇന്ത്യയിൽ ഒരുകാലത്ത് എന്നറിയുമ്പോൾ ഉണ്ടാകുന്ന ഒരു അലോസരം ഉണ്ടല്ലോ! ഏയ് എല്ലാവർക്കും ഒന്നും ഉണ്ടാകില്ല. ചിലർക്ക് അതും ദൈവസേവനം ആവും. അന്ന് വൈഷ്‌ണവർ നവവധുവിനെ ആദ്യം മഹാരാജിനാണ് കാഴ്ച വച്ചിരുന്നത്. മതം മനുഷ്യരെ എന്തൊക്കെ ചെയ്യിക്കും എന്ന് നോക്കൂ! സിനിമയിൽ കർസൻ പറയും പോലെ, “ഒരു മുറി അകത്ത് നിന്ന് പൂട്ടി താക്കോലും കയ്യിൽ വച്ചിരിക്കുന്നു എങ്കിൽ ആ തടവറ അതവരുടെ ചോയ്സ് ആണ്, അതവരുടെ ഗതികേട് അല്ല!”
ഇത് പോലെ ഒരുപാട് നല്ല സംഭാഷണങ്ങൾ നിറഞ്ഞതാണ് ചിത്രം. ചില ഉദാഹരണങ്ങൾ:
“തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ മതമല്ല, ബുദ്ധിയാണ് ഉപയോഗിക്കേണ്ടത്.”
“ചോദ്യം ചോദിയ്ക്കാൻ പറ്റാത്തത് എങ്ങനെ ‘മതം’ ആകും? ഉത്തരം പറയാൻ കഴിവില്ലാത്തത് എങ്ങനെ ‘മതം’ ആകും?”
കർസൻ ദാസ് ചെറുപ്പം മുതൽ ചോദ്യം ചോദിച്ചോണ്ടിരുന്നു, വളർന്നപ്പോൾ സാമൂഹ്യ പരിഷ്കർത്താവും, സത്യ പ്രകാശ് എന്ന പത്രത്തിന്റെ പത്രാധിപരും ആയി. 1862 ലെ Maharaj Libel കേസിൽ വിജയം നേടുകയും ചെയ്തു. ചോദ്യം ചോദിക്കാതെ വളർന്ന കിശോരി കിണറ്റിലും അവസാനിച്ചു.
‘മത’മിളകുന്നത് ഇന്നും നമ്മൾ കാണുന്നുണ്ടല്ലോ? സ്ത്രീകളെ നിയന്ത്രിക്കുക എന്നതാണ് എല്ലാ മതത്തിന്റെയും അടിസ്ഥാന ആവശ്യം. അപ്പോൾ ആരാണ് ഇവർക്ക് മയക്കുവെടി വയ്ക്കാൻ പോകുന്നത്? സിനിമയിൽ അതിൽ കോടതിയും നിയമവും ഫെമിനച്ചന്മാരും വേണ്ടി വന്നു. നിങ്ങൾ ചരൺ സേവ കാണാൻ ടിക്കറ്റ് എടുക്കുന്നവരുടെ കൂട്ടത്തിലാണോ?
മനുഷ്യർക്ക് വേണ്ടിയാവണം മതം. മനുഷ്യർക്ക് വേണ്ടി അതിനെ നവീകരിച്ചെടുക്കുക എന്നത് വിശ്വാസികളുടെ ചുമതലയും. നവീകരണത്തെ എത്രത്തോളം പ്രതിരോധിക്കുന്നുവോ അത്രത്തോളം ആളുകൾ ആ കെട്ടുപാടിൽ നിന്ന് വിട്ടുപോകും എന്നതാണ് ഫലം.
Maharaj കണ്ടവർ അഭിപ്രായം പറയൂ. കാണാത്തവർ നേരെ നെറ്റ്ഫ്ലിക്സിലേക്ക് വിട്ടോളൂ.
©പവിത്ര ഉണ്ണി

