നമ്മുടെ നാട്ടില്‍ ഒരു വ്യക്തി എന്തെങ്കിലും ബിസിനസ് തുടങ്ങിയാല്‍ ആളുകള്‍ ആദ്യം പറയുന്നത് ആഹാ ബിസിനസൊക്കെ തുടങ്ങി സെറ്റായി അല്ലേ? ബിസിനസ് തുടങ്ങി എന്നുള്ളത് സത്യമാണ്, പക്ഷെ സെറ്റാകുന്നത് അത്ര എളുപ്പമാണോ? അല്ലേയല്ല. ബിസിനസ് തുടങ്ങിയത് സ്ത്രീയാണെങ്കില്‍ പതിന്മടങ്ങാണ്. ആര്‍ക്കും ഒരു ബിസിനസ് തുടങ്ങാന്‍ എളുപ്പമാണ്, പക്ഷെ കൊണ്ടുനടക്കാന്‍ അത്ര എളുപ്പമല്ല. പത്രപ്രവര്‍ത്തകയില്‍ നിന്നും RIGHT BOARD EDUPLATFORM ന്റെ CEOയിലേക്കുള്ള യാത്ര അത്തരത്തിലൊന്നാണ്. ഒരു ബിസിനസ് കൊണ്ടുനടക്കണമെങ്കില്‍ ആദ്യാവസാനം വേണ്ടത് പാഷനാണ്. നമ്മുടെ ജോലികള്‍ അവസാനിക്കാറേയില്ല. ആ യാഥാര്‍ഥ്യം അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. ദാസനും വിജയനും പറയുന്നത് പോലെ ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാനെന്നുള്ളത് ബിസിനസിന്റെ കാര്യത്തില്‍ നടപ്പാകില്ല. ഒരു അമ്മ കുഞ്ഞിനെ വളര്‍ത്തുന്നത് പോലെ തന്നെയാണ് ബിസിനസും. ആദ്യത്തെ ഒരു മൂന്നുവര്‍ഷക്കാലം കയറ്റഇറക്കങ്ങളുടേതാണ്. തളര്‍ന്നുപോകുന്ന സാഹചര്യങ്ങള്‍ ഒരുപാടുണ്ടാകും. പക്ഷെ സ്വയം തോളില്‍ത്തട്ടി തളരരുത് രാമന്‍ക്കുട്ടി എന്ന് പറഞ്ഞ് തന്നെ മുന്നോട്ട് പോകണം. ബിസിനസിലേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒരു തിരിച്ച്കയറ്റം ഉണ്ടാകില്ല.
ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന് നിങ്ങള്‍ ഈ സംരംഭം തുടങ്ങുന്നത് എന്തുകൊണ്ടാണ്? എല്ലാവരും തുടങ്ങി അതുകൊണ്ട് ഞാനും തുടങ്ങി എന്നാണോ അതോ യഥാര്‍ഥ സ്‌നേഹമാണോയെന്ന് ആദ്യം തന്നെ പരിശോധിക്കണം. യഥാര്‍ഥ സ്‌നേഹമാണ് നിങ്ങളെ നയിക്കുന്നതെങ്കില്‍ തുടര്‍ന്ന് വായിക്കാം. കാരണം അത്രയേറെ സ്‌നേഹമുണ്ടെങ്കില്‍ മാത്രമേ നമുക്ക് നിലനിന്ന് പോകാന്‍ സാധിക്കൂ.
RIGHT BOARD ന്റെ സാരഥ്യം പൂര്‍ണ്ണമായി ഏറ്റെടുത്തശേഷം എന്റെ വര്‍ക്കിങ്ങ് ഹൗവേഴ്‌സ് ഞാന്‍ കൂട്ടിനോക്കാറേയില്ല. 24 മണിക്കൂര്‍ തികയാത്ത അവസ്ഥയാണ് പലപ്പോഴും. ഒരു കമ്പനി സിഇഒ എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലുള്ളവര്‍ കരുതുന്നത് കറങ്ങുന്ന കസേരയിലിരുന്ന് ഓര്‍ഡറിടുന്ന പരിപാടിയാണെന്ന്. ഒരിക്കലും അങ്ങനെയല്ല, കസേരയില്‍ ഇരിക്കാനുള്ള സമയം പോലും കിട്ടാറില്ല. തുടക്കകാലത്ത് ഒരു സിഇഒ മാര്‍ക്കറ്റിങ്ങ്, സെയില്‍സ്, HR തുടങ്ങി തൂപ്പ് ജോലിവരെ ചെയ്യേണ്ടി വരും. അതിന് തയാറാകാണം. എനിക്ക് ഇതൊന്നും അറിയില്ല എന്നൊരു വാക്ക് ബിസിനസില്‍ പാടില്ല. അറിയില്ലെങ്കില്‍ പഠിക്കണം, കാരണം പഠിക്കാന്‍ തയാറായാല്‍ മാത്രമേ ബിസിനസ് വളരുകയുള്ളൂ.
ഒരു മികച്ച ടീം ഉണ്ടാക്കിയെടുക്കുന്നിടം വരെ സിഇഒ A – Z കാര്യങ്ങളില്‍ ഇടപ്പെടണം. അതല്ലാതെ ചില മോട്ടിവേഷന്‍ സ്പീക്കേഴ്‌സ് പറയുന്നത് പോലെ ടീം ഉണ്ടാക്കി നിങ്ങള്‍ ചാരുകസേരയില്‍ ഇരുന്നാല്‍ നില്‍ക്കുന്ന മണ്ണ് കാലിന്റെ അടിയില്‍ നിന്നും ഒലിച്ചുപോകുന്നത് അറിയില്ല. തകര്‍ന്നുകഴിയുമ്പോള്‍ മാത്രമായിരിക്കും ആഘാതം തിരിച്ചറിയുന്നത്. ഒരു മികച്ച ടീമിനെ ഉണ്ടാക്കിയെടുക്കുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.
ഒരു ബിസിനസിന്റെ തലപ്പത്തുള്ളത് സ്ത്രീയാണെങ്കില്‍ ഒന്നിലധികം ജോലികള്‍ ചെയ്യേണ്ടി വരും. ഇന്നും നമ്മുടെ സമൂഹം സ്ത്രീയെ നല്ല വീട്ടമ്മ എന്ന ലേബലില്‍ കാണാനാണ് ഇഷ്ടപ്പെടുന്നത്. കുടുംബത്തിന്റെ കാര്യം, കുട്ടികളുടെ കാര്യം, വീട്ടുജോലി, പാചകം തുടങ്ങിയ ജോലികള്‍ കൂടി ബിസിനസ് വുമണിന് തുടക്കകാലത്ത് ചെയ്യേണ്ടി വരും. കാശുണ്ടായ ശേഷം ജോലിയ്ക്ക് ആളെ വെയ്ക്കാം. പക്ഷെ ഈ കാശുണ്ടാകുന്ന കാലത്തിലേക്ക് എത്താനും സമയമെടുക്കും. പലപ്പോഴും നഷ്ടങ്ങളുണ്ടാകാം, മാസാവസാനമാകുമ്പോള്‍ കൃത്യമായി ശമ്പളം, വാടക തുടങ്ങിയ ചെലവുകള്‍ നിര്‍വഹിക്കാന്‍ കാശ് കണ്ടെത്തണം. ഇത് ശ്രമകരമായ ദൗത്യമാണ്. ഒരു ഘട്ടമെത്തുമ്പോള്‍ പണം നമ്മളിലേക്ക് എത്തും. പക്ഷെ എത്തുന്ന ആ ഘട്ടത്തിലേക്ക് എത്താന്‍ എല്ലുമുറിയെ പണിയെടുത്താല്‍ മാത്രമേ പറ്റൂ. ബിസിനസ് തുടങ്ങിയാല്‍ എല്ലാമായില്ല, അത് മുന്നോട്ട് കൊണ്ടുപോകാനുള്ള ദൃഢനിശ്ചയം കൂടിവേണം.



5 Comments
ബിസിനസ് വലിയ നിലയിലേക്ക് വളരട്ടെ.. ആശംസകൾ 👍🏽
❤️👏🏻👏🏻
ആശംസകൾ, hard work നു ഫലമുണ്ടാകും എന്ന് കരുതാം.
👍👏
Thank you
വിജയയാത്ര തുടരുക ആശംസകൾ.
❤️🌹👌