ചില യാത്രകൾ അങ്ങനെയാണ്, നമ്മുടെ കാഴ്ചപ്പാടുകളും മനോഭാവങ്ങളും മാറ്റിമറിക്കാറുണ്ട്. അതു പോലെയൊരു യാത്രയായിട്ടാണ് ചിക്കാഗോയിൽ നിന്ന് കാലിഫോർണിയിലേക്കുള്ള യാത്രയിൽ തോന്നിയത്.
US യാത്ര പ്ലാൻ ചെയ്തതോടെ, നമ്മുടേതായ രീതി അനുസരിച്ച് അവിടേക്ക് പോയിട്ടുള്ളവരോടെല്ലാം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. U. S യിലെ പല ഭാഗങ്ങളിൽ പോകുന്നതു കൊണ്ട് ഓരോരുത്തർക്ക് ഓരോ അഭിപ്രായം. പ്രത്യേകിച്ച് കാലാവസ്ഥയെ കുറിച്ചാണെങ്കിൽ ചിലർക്ക് അവിടെയെല്ലാം തണുപ്പ്, മറ്റു ചിലർക്ക് hot weather. അങ്ങനെ എല്ലാവരുടെയും അഭിപ്രായം അനുസരിച്ചുള്ള തുണിത്തരങ്ങൾ കൊണ്ട് യാത്രക്കായുള്ള പെട്ടി നിറഞ്ഞു കവിഞ്ഞു. ചിക്കാഗോ എയർപോട്ടിൽ ലഗ്ഗേജുകൾ വെയ്ക്കാനായിട്ട് അടുക്കി വെച്ചിരിക്കുന്ന ട്രോളി വലിച്ചിട്ടും വലിച്ചിട്ടും വരുന്നില്ല. പിന്നീടാണ് മനസ്സിലായത് അതിന് നമ്മൾ പൈസ കൊടുക്കണമെന്നത്. ‘ട്രോളി നമ്മൾക്ക് share ചെയ്യാമെന്ന് ‘ പറഞ്ഞു കൊണ്ട്, അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന മറ്റൊരു ഇന്ത്യക്കാരൻ. നമ്മൾക്ക് നമ്മളോടുള്ളവരിൽ വിശ്വാസം വളരെയധികമായതിനാൽ ‘വേണ്ട’ എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട്. വെറുതെ ഇത്രയും ലഗേജ് കൊണ്ടുവന്നതിന്റെ ദേഷ്യമായിരുന്നു മനസ്സിൽ. ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ,
എല്ലാത്തിനും ശരിയായ ഉത്തരവുമായി ഗൂഗിൾ ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ച് മനസ്സിൽ നിന്ന് ഏതോ വാനരൻ എന്നെ നോക്കി പല്ലിളിച്ചു ചിരിക്കുന്നോ?
ഡിസംബറിലെ യാത്രയായതുകൊണ്ട് ചെല്ലുന്നയിടത്തെല്ലാം നമുക്ക്, ‘അയ്യോ! തണുത്തിട്ട് വയ്യാ, എന്ന അവസ്ഥ. എന്നാലും രണ്ടു ജോടി വസ്ത്രമുണ്ടെങ്കിൽ അമേരിക്ക മുഴുവൻ കറങ്ങി വരാമെന്നുള്ളത് മറ്റൊരു സത്യം. എല്ലായിടത്തും വാഷിംഗ് മെഷിനോടൊപ്പം തുണി ഉണക്കുന്നതിനുള്ള മെഷിനുമുണ്ട്. അതുമല്ലെങ്കിൽ പൈസ ഇട്ട് വാഷിംഗ് മെഷിനും ഡ്രയറും ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. അങ്ങനെ ഞാനും സംസാരം കുറച്ചു പകരം ഗൂഗിളേ ശരണം എന്നായിരിക്കുന്നു.
പടിഞ്ഞാറൻ തീരത്ത് പസഫിക് സമുദ്രത്തോടു ചേർന്നു സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് കാലിഫോർണിയ. അമേരിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പദ് വ്യവസ്ഥയാണ് കാലിഫോർണിയയുടേത്. ഹോളിവുഡ്, സിലികൺ വാലി (IT), കാലിഫോർണിയ സെൻട്രൽ വാലി (കൃഷി) എന്നിങ്ങനെയുള്ള സാമ്പത്തിക മേഖലകൾക്കും പ്രസിദ്ധമാണ് ഈ സംസ്ഥാനം.
എല്ലാ നഗരങ്ങളിലും നമ്മളെ അത്ഭുതപ്പെടുത്തനായിട്ട് അതിശയത്തിന്റെ ഒരു മുത്തുച്ചിപ്പി കാണും. സാൻ – ഫ്രാൻസികോ യിലെ ‘ golden gate’ എന്നറിയപ്പെടുന്ന പാലമാണ് ഇവിടെ ആ റോൾ ഏറ്റെടുത്തിരിക്കുന്നത്.
പസഫിക് സമുദ്രത്തിൽ നിന്ന് സാൻഫ്രാൻസിസ്കോ ഉൾക്കടലിലേക്കുള്ള കടലിടുക്കിന് മുകളിലാണ് ഈ പാലം. ഏകദേശം 1. 7 മൈൽ കുറുകെ സ്ഥിതി ചെയ്യുന്നു. നീല വെള്ളത്തിന് മുകളിലുള്ള ഓറഞ്ച് നിറത്തിലുള്ള പാലം, അതിന്റെ ഭംഗിയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ?
Boost is the secret of my energy, boost കുടിക്കാതെ തന്നെ മികച്ച കാഴ്ചയും ഉന്മേഷദായകമായ കാറ്റും നല്ലയൊരു കാൽനട യാത്രക്കുള്ള energy നമുക്ക് തരുന്നു. എന്നാലും സൈക്കിളുകാരേയും ജോഗ്ഗിംഗ് ചെയ്യുന്നവരേയും സൂക്ഷിക്കണം. മൂടൽ മഞ്ഞുള്ള സമയങ്ങളിൽ ഒരു അവിസ്മരണീയമായ കാഴ്ചയാണ്. ‘ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്’ ഒരു എൻജിനിയറിംഗ് നേട്ടവും അമേരിക്കയുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകമാണ്.
അവിടെ താമസിക്കുന്ന കൂട്ടുകാരന്റെ പറമ്പിൽ നിന്നു പറിച്ചു തന്ന ചില പഴങ്ങൾ, പേരക്കയുടേയും പൈനാപ്പിളിന്റെയും രുചിയോട് കൂടി കലർന്ന ആ പഴങ്ങളുടെ രുചി പുതുമയുള്ളതായിരുന്നു. അതുപോലെ ചെടികളോടും മരങ്ങളേയുo ഇഷ്ടപ്പെടുന്ന എനിക്ക് അവക്കാഡോ, ഓറഞ്ച്, പ്ലം… അതിന്റെയൊക്കെ മരങ്ങളും നല്ലയൊരു കാഴ്ച സമ്മാനിച്ചു.
വളം എന്നതിനും കളകളെ കുറക്കുന്നതിനും പ്രകൃതിദത്തമായ interlocks എന്ന രീതിയിലുമായിട്ട്, പറമ്പിലും റോഡിലുള്ള വശങ്ങളിൽ കാണുന്ന മരങ്ങളുടെ താഴെയെല്ലാം മരത്തൊലി ചെറിയ കഷ്ണങ്ങളാക്കി വിരിച്ചിട്ടിരിക്കുന്നു.
പല പല കാഴ്ചകളിൽ മുങ്ങിപ്പൊങ്ങിയ ഈ യാത്ര, പുതുമകളുടെ ആകെത്തുക ആയിട്ടാണ് എനിക്ക് തോന്നിയത്. കാലിഫോർണിയയിലെ കൗതുകങ്ങൾ തീരുന്നില്ല….
നമ്മുടെ ഓഫീസുകൾക്കും അതിലെ ജോലിക്കാർക്കും ഗ്ലാമറിന്റെ പരിവേഷം വന്നത്, techno park, info park… അങ്ങനെയുള്ള സ്ഥാപനങ്ങളുടെ വരവോടെയാണ്. കഴുത്തിലെ id card യും കൈയ്യിലെ കംപ്യൂട്ടറും കൊണ്ട് നമ്മുടെ യുവജനതയെ വേഷത്തിലും ഭാവത്തിലും ചിന്തയിലുമൊക്കെയായി മാറ്റിമറിച്ചു. നമ്മുടെ എൻജിനിയർ കുട്ടികളെല്ലാം സോഫ്റ്റ്‌വെയർ എൻജിനിയർ ആയി മാറി. അങ്ങനെ മാറ്റങ്ങളുടെ ലോകത്തേക്കു നമ്മൾ ഓരോരുത്തരും എത്തിച്ചേർന്നു. ഇത്തരം കമ്പനികളുടെ കൂട്ടത്തിൽ ഒന്നാണ് ഗൂഗിൾ, അതിനെ കുറിച്ച് അറിഞ്ഞു കൂടാത്തവർ ഇല്ലേയില്ല എന്നു പറയാം. കാലിഫോർണിയയിലെ “Mountain view’ യിലുള്ള ഗൂഗിൾ ആസ്ഥാനം സഞ്ചാരികൾക്ക് സൗജന്യമായി സന്ദർശിക്കാൻ സാധിക്കും. എനിക്കും ഈ യാത്രയിൽ അതിനവസരം കിട്ടി. ആ പ്രദേശം മുഴുവൻ പച്ചപ്പ് നിറഞ്ഞതും മനോഹരവുമായ അന്തരീക്ഷമാണ്.
ലോക്ക് ചെയ്യാതെ വെച്ചിരിക്കുന്ന അവിടെയുള്ള പല നിറത്തിലുള്ള സൈക്കിളുകൾ അവിടത്തെ ജോലിക്കാർക്ക് മാത്രമല്ല സഞ്ചാരികൾക്കും ഉപയോഗിക്കാവുന്നതാണ്. വളരെ കാലത്തിനു ശേഷം അങ്ങനെയൊരു കറക്കം, user friendly യായിട്ട് സൈക്കിൾ മാത്രമല്ല ആ പരിസരവും tourist friendly യായി തോന്നി.
സുവനീർ ഷോപ്പായിരുന്നു മറ്റൊരാകർഷണം. ആൻഡ്രോയിഡിന്റെ ഓരോ പതിപ്പിനേയും ലോലിപോപ്പ്, കപ്പ് കേക്ക് —- എന്നിങ്ങിനെ പേര് നൽകിയിട്ടുള്ള പ്രതിമകളുടെ കൂടെ ഫോട്ടോ എടുക്കാൻ കുട്ടികൾക്കായിരിക്കും താൽപ്പര്യമെങ്കിലും നമ്മുടെ സ്വന്തം ഗൂഗിളിന്റെയല്ലേ, എന്നോർത്തു കൊണ്ട് കൂടെ നിന്ന് ഫോട്ടോ എടുക്കാൻ ഞാനും മടിച്ചില്ല.
കേട്ടറിവ് ആണ്, അവിടത്തെ ഒരു കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് ആദ്യത്തെ നിലയിലേക്ക് Slide യാണുള്ളത്. തിരിച്ചു കയറി വരാനായി എക്സ് ലേറ്ററും. ഇവിടെത്തെ ഓഫീസനകം സന്ദർശിച്ചില്ലെങ്കിലും എന്റെ കാനഡ സന്ദർശനത്തിൽ അവിടുത്തെ ഗൂഗിൾ ഓഫീസ് സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. നമ്മുടെ ഓഫീസുകളിൽ കാണുന്നതുപോലെ സർവ്വസാമ്യം കണ്ടില്ല എന്നുള്ളതാണ് പ്രത്യേകതയായിട്ട് അന്ന് തോന്നിയത്. ചില ഇരിപ്പടങ്ങളും കംപ്യൂട്ടറിന്റെ സെറ്റ് up വളരെ പൊക്കത്തിലാണ് കണ്ടത്, ചോദിച്ചപ്പോൾ പറഞ്ഞത്, അവർക്ക് നിന്നു കൊണ്ട് ജോലി ചെയ്യാനായിരിക്കും താൽപ്പര്യം അതനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ജോലി ചെയ്യുന്നവരിൽ ചിലർ അവരുടെ pet നെയും കൊണ്ടു വരുമത്ര. ജീവനക്കാർക്ക് വിനോദ ആവശ്യങ്ങൾക്കും ഭക്ഷണത്തിനുമായി പ്രത്യേക സജ്ജീകരണങ്ങളും മുറികളും ഒരുക്കിയിരിക്കുന്നു. ഇതെല്ലാം അവരെ വ്യത്യസ്ഥമായി ചിന്തിപ്പിക്കാനും ജോലി ചെയ്യാനും സാധിക്കുമായിരിക്കും അല്ലേ! ഈ സൗകര്യങ്ങൾ കൂടെയുള്ള ഗസ്റ്റ്-നും ലഭിക്കുന്നതു കൊണ്ട്, ഞാൻ അതെല്ലാം ശരിക്ക് ആസ്വദിച്ചുവെന്ന് പറയാം. കമ്പനിയുടെ ഫിലോസഫി കേട്ടപ്പോൾ, “you can make money without doing evil, you can be serious without a suit and work should be challenging and the challenge should be fun”. വേറിട്ട അനുഭവങ്ങളുടെ ലോകമായിരുന്നു.
ഞങ്ങൾ താമസിക്കുന്ന സാൻ ഫ്രാൻസിസ്കോയിലെ ശൈത്യകാലം തണുപ്പും മഴയും കൂടിച്ചേർന്നതാണ്. മഴ ആസ്വദിച്ചു കൊണ്ടുള്ള ഏതോ കാർ യാത്രയിൽ, പെട്ടെന്ന് ലൈറ്റിട്ടുള്ള പൊലീസുകാരുടെ കാർ. ചീറി പാഞ്ഞു കൊണ്ടിരുന്ന ഓരോ വാഹനത്തിന്റയും ഡ്രൈവർന്മാർ കാറിന്റെ വേഗത കുറച്ചോ, അതു തന്നെയാണ് പോലീസുകാർക്ക് വേണ്ടതെന്ന് കാറിന്റെ ഡ്രൈവർ. മഴ പെയ്യുന്നതിനാൽ വണ്ടി സ്ലിപ്പ് ആകാനും ആക്സിഡൻറു ഉണ്ടാകാനും ചാൻസുണ്ട്. അതെല്ലാം മുൻകൂട്ടി കണക്കാക്കിയാണ് പോലീസുകാർ. അവരുടെ കാമറയിലൂടെ നോക്കി സ്പീഡിൽ ഓടിക്കുന്ന കാറിന്റെ മുൻപിൽ പോലീസുകാരുടെ വണ്ടി എത്തുന്നതോടെ വേഗത താനെ കുറയുന്നു. കാഴ്ചകളേക്കാളും ഇത്തരം ചെറിയ – വലിയ കാര്യങ്ങളും താൽപ്പര്യമുണർത്തുന്നവയാണ്.
വൈകുന്നേരത്തെ ഭക്ഷണം കഴിക്കാനാണ് സുഹൃത്ത് അങ്ങോട്ട് കൊണ്ടുപോയതെങ്കിലും ആ പ്രദേശത്തിന്റെ ചരിത്രം, Ghirardelli square, ഇവിടെ ഒരു ചോക്ലേറ്റ് കമ്പനി ഉണ്ടായിരുന്നു. 60 കളുടെ തുടക്കത്തിൽ ഈ Co യുടെ ആസ്ഥാനം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും പകരം തെരുവു ഫർണീച്ചറുകൾ അത്ര സാധാരണയല്ലാത്ത കാലത്ത് ഫർണീച്ചറുകളും ഷോപ്പുകളും ഗാലറികളും നവീകരിച്ച വ്യവസായ കെട്ടിടങ്ങളിലെ റെസ്റ്റോറൻറുകൾ …. അങ്ങനെ ഉപേക്ഷിച്ച ഫാക്ടറി സമുച്ചയങ്ങൾക്ക് പുതിയ ജീവൻ നൽകി. 1964 – യിൽ Square ഉദ്ഘാടനം ചെയ്തു. ചുമ്മാ ചുറ്റി നടക്കാനും ഭക്ഷണം കഴിക്കാനും പറ്റിയ ഒരു സ്ഥലമാണ്, ഇന്നിവിടെ.
Alcatraz Island, സാൻഫ്രാസ്കോയിലെ ഉൾക്കടലിലെ ദ്വീപിലെ ചരിത്രപരവും കുപ്രസിദ്ധവുമായ ജയിൽ. ഏതാണ്ട് 30 വർഷത്തോളം പ്രവർത്തിച്ചു. 1963-യിൽ അവസാനിപ്പിക്കുകയും 1973 – ൽ വിനോദ സഞ്ചാര കേന്ദ്രമായി വീണ്ടും തുറക്കുകയും ചെയ്തു. അതും കാണണമെന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും കൂട്ടത്തിലുള്ളവർക്ക് താൽപര്യം ഇല്ലാത്തതിനാൽ ആ ആഗ്രഹത്തെ മടക്കി ബാഗിൽ വെയ്ക്കേണ്ടി വന്നു. നമ്മുടെയവിടെ ഈ കാലഘട്ടത്തിൽ പോലും ഇത്തരം ഐഡിയകൾ നടപ്പിലാകുമോ എന്നത് സംശയമാണ്. അതൊക്കെയായിരിക്കാം അവർ നമ്മളിൽ നിന്ന് വ്യത്യസ്തരാവുന്നതും.
യാത്രയിലെ ചേരുവകളായ കാഴ്ചകളും അനുഭവങ്ങളും രുചികളും എല്ലാം കൂടി കലർന്ന ആ ദിവസത്തിന് നന്ദി പറഞ്ഞു കൊണ്ട്……

