“ഈ മരം ഇവിടെ നില്കുന്നിടത്തോളം ഈ വീട്ടിൽ താമസിക്കുന്നവർക്ക് സമാധാനം ഉണ്ടാകില്ല “ എന്നാ അയാളും പറഞ്ഞത്. ഏതോ കണിയാന്റെ അടുത്ത് പോയി വന്ന ചേട്ടൻ പറഞ്ഞു.
” അതിനിപ്പോ ഇത് വെട്ടി കളയാൻ ചെറിയച്ഛൻ സമ്മതിക്കില്ലല്ലോ. അതിന്റെ താഴെയല്ലേ കിടപ്പ്… കിടപ്പാടമാണത്രെ ”
” അതെ, അതാ ഏറ്റവും വലിയ ബുദ്ധിമുട്ട്. ചെറിയച്ഛനും ചെറിയച്ഛന്റെ ഒരു മരവും. വീടിന്റെയകത്തു കയറാതെ വാശി തീർക്കുന്നതാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ”
” ഇവിടെ ഭാഗം വെപ്പോ നടക്കുന്നില്ല.. ഇതൊന്നു കാരണം ഇത്രയും സ്ഥലമുണ്ടായിട്ടും, വീട് ഒന്നു മാറ്റി പണിയാനോ പുതിയതൊന്നും പണിയാനോ പറ്റുന്നില്ല. എന്തൊരു കഷ്ടമാണ്. ”
“വേറെ എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ… വീടിന്റെ മുൻപിൽ ഇത്രയും സ്ഥലത്തിന്റെ ഒത്ത നടുവിൽ ഒരു മരം പിന്നെ കുറെ തൊഴുത്തും”.
“ചെറിയച്ഛൻ ജീവിച്ചിരിക്കുമ്പോൾ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. മരം മുറിക്കാനോ ഭാഗം വെക്കാനോ വീട് പണിയാനോ ഒന്നും”.
“അപ്പൊ ? ”
“മരണം വരെ ഈ പുരാവസ്തുവിൽ ജീവിക്കാൻ ആണോ നമ്മുടെ വിധി”.
” മരണം… നിനക്കിപ്പോ എത്ര വയസായി? “
” ചേട്ടനറിഞ്ഞു കൂടെ?“
” അറിയാം “ ഈ വരുന്നതിന്റെ അടുത്ത മാസം അമ്പത്തിയൊന്ന്.. എനിക്ക് അമ്പത്തിനാല്… നിന്റെ ചേച്ചിക് അമ്പത്തിയൊമ്പത്… എല്ലാവരുടെയും ജാതകം വരെ എനിക്കറിയാം…”
“ജാതകം അറിഞ്ഞിട്ടിപ്പോ എന്തിനാ”
അല്ല… നമുക്ക് വല്ല നല്ല കാലവും വരാനുണ്ടോ… ഏതെങ്കിലും പ്രായത്തിൽ.. ”
” ഉവ്വ്.., വരുന്നുണ്ട് നോക്കിയിരുന്നോ… കാലൻ മാത്രമേ ഉള്ളു ഇനി വരാൻ.. ”
“ആ… അത് ശരിയാ… പക്ഷേ, ആദ്യം വരുന്നത് നമ്മുടെയൊക്കെ കാലൻ ആയിരിക്കും. അല്ലാതെ ചെറിയച്ഛന്റെ ആവില്ല.. ”
” ഒന്നു നിർത്തുന്നുണ്ടോ രണ്ടുപേരും… കുറച്ചു സമയമായി ഞാനിതു കേൾക്കുന്നു. രണ്ടുപേരും കൂടെ പറഞ്ഞു പറഞ്ഞു അതിനെ കൊല്ലുമോ.. ”
“ഓ…വന്നല്ലോ… ചെറിയച്ഛന്റെ ചെല്ലക്കുട്ടി. എടി, നിന്റെ ഉദ്ദേശവും ഞങ്ങൾക്കറിയാം. നിന്നെ നേരത്തെ കെട്ടിച്ചു വിട്ടതാ… തരാനുള്ളതൊക്കെ അന്നേ തന്നിട്ടുണ്ട്. ഇനി ഇവിടെയുള്ളതൊന്നും കണ്ടോണ്ട് നീ അങ്ങേരെ സോപ്പിടണ്ട.”
” ഇവിടെയുള്ളതിലൊക്കെ കണ്ണു വച്ച് ആളൊന്നു പോയിക്കിട്ടാൻ കാത്തിരിക്കുന്നത് നിങ്ങളല്ലേ…”
പിന്നെ ഇവിടെയുള്ളത്, ഈ വീടും സ്ഥലവും അല്ലേ? അത് രണ്ടുപേർക്കും കൂടി തികയുമോ ആവോ?
” അത് ഞങ്ങൾ തികച്ചോളാം… ചേച്ചി ബുദ്ധിമുട്ടണ്ട… ”
” ഞാനല്ല… അതിനു നിങ്ങൾ കുറച്ചു ബുദ്ധിമുട്ടും, ചെറിയച്ഛന്റെ കയ്യിൽ നിന്നും ഇത് എഴുതി കിട്ടാൻ “
” നീയും അതിനു നോക്കുന്നുണ്ടെന്നറിയാം ഞങ്ങൾക്ക്. ”
” അതിനു ഞാൻ നോക്കിയിട്ടും കാര്യമൊന്നുമില്ല… ചെറിയച്ഛൻ എന്തോ തീരുമാനിച്ചിട്ടുണ്ട്”
” എന്ത് തീരുമാനിക്കാൻ… ചെറിയച്ഛന്റെ കാലശേഷം ഇതൊക്കെ നമുക്ക് തന്നെയല്ലേ?”
” അങ്ങനെയാരാ പറഞ്ഞത്?“
” നമ്മുടെ അമ്മ. അല്ല, അമ്മ പറഞ്ഞില്ലെങ്കിലും അത് അങ്ങനെ തന്നെയല്ലേ… അച്ഛന്റെ സ്വത്തുക്കൾ…”
” അച്ഛന്റെയോ.. ”
” എന്നുവെച്ചാൽ… കുടുംബത്തിലെ… ചെറിയച്ഛന് മക്കളൊന്നുമില്ലാത്ത സ്ഥിതിക്ക്.. ”
” ചെറിയച്ഛൻ അത് വേറെ ആർക്കെങ്കിലും എഴുതി കൊടുത്താലോ?”
” ആർക്ക്… അതിനാരുമില്ലല്ലോ അയാൾക്ക് ”
” അതേ.. അത് തന്നെ.. ആരുമില്ല ചെറിയച്ഛന്… നമ്മൾ പോലുമുണ്ടാവില്ല എന്ന് നന്നായിട്ടറിയാം… അതാ ഇങ്ങനെ ”
” അതിനിപ്പോ ഇതെല്ലാം ചെറിയച്ഛൻ എന്തു ചെയ്യും, മരിക്കുമ്പോൾ കൂടെ കൊണ്ടു പോകുമോ?”
” ഇതെല്ലാം കൂടി വേണമെങ്കിൽ വിറ്റു തീർക്കാം… അല്ലെങ്കിൽ ദാനം ചെയ്യാം. ”
” അങ്ങനെ ചെയ്യോ… ”
” നമ്മളോടുള്ള പക കാരണം ചിലപ്പോൾ ചെയ്യും. ”
“നമ്മളോട് എന്ത് പക… നമ്മളൊന്നും ചെയ്തില്ലല്ലോ…”
” നമ്മളല്ല… നമ്മുടെ അമ്മ… ഓരോന്ന് ചെയ്തു വെച്ചിട്ട്, ഇപ്പൊ അനുഭവിക്കുന്നത് നമ്മളല്ലേ.. ”
” വെറുതെ അമ്മയെ കുറ്റം പറയേണ്ട. അച്ഛനില്ലാത്ത നമ്മൾ മൂന്നുപേരെ അമ്മ ഒറ്റയ്ക്കാ വളർത്തിയെടുത്തത്. അമ്മ നമുക്ക് നല്ലതിന് വേണ്ടി ചെയ്തതാവും… ”
” എന്നിട്ടിപ്പോ എന്തായി?”
” അത്… നമ്മുടെ അച്ഛൻ തന്ന പണിയാ ”
” മക്കളോട് സ്നേഹമില്ലാത്ത ഒരച്ഛൻ ”
” അതിന് നിന്നെ സ്നേഹിക്കാനുള്ള സമയം അച്ഛന് കിട്ടിയില്ലല്ലോ… ഒരു വയസ് തികയുന്നതിന് മുൻപ് പോയില്ലേ ”
അത് നിന്റെ ജാതകദോഷം കൊണ്ടാ. ”
” മതി ചേട്ടാ, ഇത് കുറെയായി കേൾക്കുന്നു. എനിക്ക് മാത്രമാണ് ദോഷം എങ്കിൽ മരിച്ചത് എന്റെ മാത്രം അച്ഛനായിരി ക്കണം… അങ്ങനെയല്ലല്ലോ… അപ്പൊ പിന്നെ, നിങ്ങൾക്ക് അങ്ങനെയൊരു വിധി ഉണ്ടായത് നിങ്ങളുടെ ജാതക ദോഷം കൊണ്ടാ.. ”
“മതി മതി… ഇനി അതും പറഞ്ഞു തുടങ്ങേണ്ട രണ്ടുപേരും… മൂന്ന് മക്കളുണ്ടായിട്ടും അച്ഛനു വലുത് സ്വന്തം അനിയനായിരുന്നു. അതല്ലേ മരിക്കുമെന്നുറപ്പായപ്പോൾ എല്ലാം കൂടെ ചെറിയച്ഛന്റെ പേരിൽ എഴുതി വെച്ചത് ”
” വല്ലാത്തൊരു പണിയായിപ്പോയി… ലോകത്താരെങ്കിലും ഇങ്ങനെ ചെയ്യോ.. ”
” അപ്പൊ.. നമ്മുടെ അമ്മ ചെയ്തതോ… അത് ചെയ്യാൻ പാടുള്ളതാണോ?“
” 20 വയസോളം വ്യത്യാസമുള്ള സ്വന്തം അനുജനെ, അമ്മയില്ലാത്ത കുറവ് അറിയിക്കാതെ നോക്കണമെന്നാ അച്ഛൻ അമ്മയോട് പറഞ്ഞിരുന്നത്. എന്നിട്ടോ? മകനെ പോലെ യല്ലെങ്കിലും ഒരു മനുഷ്യനെ പോലെയെങ്കിലും നോക്കിയിരുന്നെങ്കിൽ… ”
” നീ വെറുതെ അനാവശ്യം പറയേണ്ട… അതും മരിച്ചു പോയ സ്വന്തം അമ്മയെ കുറിച്ച്… ”
” വെറുതെയൊന്നുമല്ല… ഉള്ള കാര്യങ്ങൾ തന്നെയാ എല്ലാം.. ”
” വിവാഹം കഴിഞ്ഞു എഴോ എട്ടോ വർഷത്തിനുള്ളിൽ ഭർത്താവ് മരണപ്പെട്ടൊരു സ്ത്രീ… ഭർത്താവിന്റെ അനുജൻ ഉൾപ്പെടെ നമ്മൾ 4 കുട്ടികളെയും കിടപ്പിലായ നമ്മുടെ മുത്തച്ഛനെയും ഒറ്റക്കല്ലേ നോക്കിയത്. അതൊക്കെ എത്ര തവണ അമ്മ പറഞ്ഞു തന്നിട്ടുണ്ട്… അതൊന്നും മറക്കരുത്. ”
” അമ്മ പറഞ്ഞ കാര്യങ്ങൾ അല്ലേ നിനക്കറിയൂ… പറയാത്തത് പലതും എനിക്കറിയാം ”
” എന്ത്… നീ പറയാൻ പോകുന്നതെന്താണെന്നെനിക്കറിയാം.. ചെറിയച്ഛനെ കൊണ്ട് കുറച്ചു ജോലി ചെയ്യിപ്പിച്ചു എന്നല്ലേ.. ”
” ഓ… അതിപ്പോ, അമ്മയ്ക്കാരും സഹായത്തിനില്ലാത്തതു കൊണ്ട ല്ലേ.. മാത്രമല്ല… സ്വന്തം വീടിനു വേണ്ടി കുറച്ചു പണിയെടുക്കുന്നതും കിടപ്പിലായ അച്ഛനെ നോക്കുന്നതും അത്ര കൊട്ടിഘോഷിക്കാൻ ഒന്നുമില്ല ”
“അതേ… ഇപ്പോഴല്ലേ അത് ബാലവേലയായത്… അതോടെ പിള്ളേരൊക്കെ മടിയന്മാരുമായി. ”
” എന്നിട്ടെന്താ… ഈ അമ്മ നിങ്ങളെ കൊണ്ട് ഈ ജോലിയൊന്നും ചെയ്യിക്കാതെ ഇരുന്നത് ”
” അത് പിന്നെ, നിനക്കറിയില്ലേ… നമ്മൾ വലുതായപ്പോഴേക്കും മുത്തച്ഛൻ മരിച്ചില്ലേ? “
” അതല്ലാതെ വേറെയും ജോലികൾ ഉണ്ടായിരുന്നല്ലോ ഇവിടെ, ചെറിയച്ഛന് ചെയ്യാൻ.. അതൊക്കെ എന്താ നിങ്ങൾക്ക് തരാതിരുന്നത്”
” അതൊക്കെ… ചെറിയച്ഛൻ ഒറ്റയ്ക്ക് അങ്ങ് ചെയ്തു തീർക്കുമായിരുന്നല്ലോ, പിന്നെ ഞങ്ങൾ പഠിക്കാൻ പോകുവല്ലായിരുന്നോ, പിന്നെവിടെ പണിയെടുക്കാൻ നേരം ”
” അപ്പൊ, ചെറിയച്ഛന്റെ പഠിപ്പോ… അത് ആറാം ക്ലാസിൽ നിന്നു പോയല്ലോ…”
” അത് തോറ്റിട്ട്, സ്കൂളിൽ നിന്ന് പുറത്താക്കിയതല്ലേ ”
” അത്, ശരിയാ… പരീക്ഷയ്ക്കു പഠിക്കാൻ പറ്റാതെ പോയാൽ തോൽക്കും. പിന്നെ ക്ലാസിലും പോകാതിരുന്നാൽ സ്കൂളിൽ നിന്നും പുറത്താക്കും. ”
” ആ അതല്ലേ ചേച്ചി ഞാനും പറഞ്ഞത് “.
“പക്ഷേ… പഠിക്കാൻ മടിയായിരുന്നിട്ടും ക്ലാസ്സിൽ കയറാതിരുന്നിട്ടും നിങ്ങൾ രണ്ടുപേരും, പത്താം ക്ലാസ് പാസായല്ലോ അതെങ്ങനെ.. ”
” ഓ.. അത് അമ്മയുടെ മിടുക്കാ… തല്ലി ഓടിപ്പിച്ചിട്ടാണെങ്കിലും പത്തു കടത്തി തന്നു, ജോലി ചെയ്യാനാക്കി”
” അങ്ങനെ ഒരമ്മ ഉണ്ടായിരുന്നെങ്കിൽ ചെറിയച്ഛന്റെ ജീവിതവും മാറിയേനെ അല്ലേ”
” ആ ഞങ്ങൾ കണ്ടിട്ട് പോലുമില്ലാത്തയാളാ നമ്മുടെ മുത്തശ്ശി… ഇനി അതും കൂടെ ഞങ്ങളുടെ തലയ്ക്കു വെച്ചോ ”
” നിങ്ങൾക്കത് തമാശ… പക്ഷേ. ”
” ലോകത്ത് എത്ര പേരുണ്ടാകും ഇങ്ങനെ അതിന്.. ? ”
” ലോകത്തിന്റെ കാര്യമല്ല… നമ്മുടെ വീട്ടിലെ കാര്യമാ പറഞ്ഞത് “..
” നമ്മുടെ വീട്ടിൽ എന്തുണ്ടായീന്നാ നീ പറഞ്ഞു വരുന്നത്? കുറെ കുട്ടികൾ ഉണ്ടെങ്കിൽ എല്ലാവരെയും ചിലപ്പോൾ പഠിപ്പിക്കാൻ പറ്റിയെന്നു വരില്ല… മാത്രമല്ല മൂത്തയാൾക്കാരാ ഇളയവരെ നോക്കേണ്ടതും ചിലപ്പോൾ അതിനൊക്കെ വേണ്ടി എന്തെങ്കിലും ഒക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടതും.. ”
” അതേ… ചേച്ചി അതൊരു നാട്ടു നടപ്പല്ലേ. ”
” ആ… എങ്കിൽ അതാ നമ്മുടെ അച്ഛനും ചെയ്തത്… സ്വന്തം അനിയന് വേണ്ടി… അങ്ങനെ കരുതിയാൽ മതി.. ”
“അപ്പൊ… അച്ഛന് മക്കളോട് കടമയൊന്നുമില്ലേ… മക്കളെ നോക്കേണ്ടത് അച്ഛനുമമ്മയും അല്ലേ.. ”
” അതേ… അല്ലാതെ… ചെറിയച്ഛന്റെ സ്ഥാനം ഉണ്ടെങ്കിലും ഒരു 12 വയസുകാരന്റെ പഠിപ്പു നിർത്തി വീട്ടിൽ ഇരുത്തിയിട്ടല്ല.. ”
” അത്… ചേട്ടന്റെ മക്കളെ നോക്കാൻ വേണ്ടിയല്ല… സ്വന്തം അച്ഛനെ നോക്കാൻ വേണ്ടിയാ… അതും ചെറിയച്ഛന്റെ സ്വന്തം ഇഷ്ടപ്രകാരം… ”
” എന്ന് ചെറിയച്ഛൻ നിങ്ങളോട് പറഞ്ഞോ. ”
” അമ്മ പറഞ്ഞു.. ”
” അമ്മ…, ശരി… നിങ്ങൾ വളർന്നു കഴിഞ്ഞ്… മുത്തച്ഛൻ മരിച്ചു കഴിഞ്ഞ്… ചെറിയച്ഛനെ മറ്റെന്തെങ്കിലും ജോലി ശരിയാക്കുന്നതിനെ പറ്റിയോ വിവാഹം കഴിപ്പിക്കുന്നതിനെ പറ്റിയോ അമ്മ ആലോചിച്ചിരുന്നോ ”
” നിനക്കറിയില്ലേ, ചെറിയച്ഛന് രണ്ടാലോചന മുടങ്ങിയത്, എന്നിട്ട് പിന്നെ കല്യാണം വേണ്ടാന്ന് പറഞ്ഞത് ചെറിയച്ഛനല്ലേ. ”
” അതേ… അത് സൗകര്യമായി… ആരാ രണ്ടാലോചന മുടക്കിയത്”
” മുടക്കിയോ… അയാളുടെ അസുഖത്തി ന്റെ കാര്യം അറിഞ്ഞിട്ട്… വേണ്ടാന്ന് വെച്ചതല്ലേ.. ”
” ചെറിയച്ഛന് ഈ പറഞ്ഞ അസുഖം ഇത്രയും നാളിനകത്തു വന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ”
” ചെറുപ്പത്തിൽ രണ്ടു തവണ വന്നെന്നാണല്ലോ അമ്മ പെൺവീട്ടുകാരോട് പറഞ്ഞത്. അന്ന് നമ്മളൊക്കെ ചെറുതല്ലെ ”
” അതേ… ഒക്കെ അമ്മ പറഞ്ഞത് അല്ലേ? തിരുവായ്ക്ക് എതിർവായില്ലാ എന്ന് കെട്ടിട്ടേയുള്ളു… ”
” അതേ… അമ്മ മരിക്കുന്നത് വരെ… ഈ ചെറിയച്ഛൻ അങ്ങനെയായിരുന്നു.”
” അമ്മ ഇല്ലാതായപ്പോൾ അയാൾ നമ്മളെ ദ്രോഹിക്കാൻ തുടങ്ങി ”
” സ്വന്തമായൊരു കുടുംബം ഇല്ലാത്തതിന്റെ ആയിരിക്കും അയാൾക്ക് അതൊക്കെയുള്ള നമ്മളോടിത്ര പക.. ”
” അവസാന കാലത്ത് നമ്മുടെ മക്കളെ കാണു അയാൾക്ക്… അല്ലാതെ… ഈ ആടും പശുവും അല്ല.. ”
” നമ്മുടെ മക്കളോ, അവർ ചെറിയച്ഛനെ വിളിക്കുന്നത് എന്താണെന്ന് നിങ്ങൾ കേട്ടിട്ടില്ലേ… നാട്ടുകാരിട്ട് കൊടുത്ത ഒരു ഇരട്ടപ്പേര്. എന്നിട്ട് നിങ്ങൾ ആരെങ്കിലും അത് തിരുത്തിയിട്ടുണ്ടോ അവർക്കത് അവരുടെ മുത്തശ്ശൻ ആണെന്ന് പറഞ്ഞു കൊടുക്കാറുണ്ടോ…? അതിനെങ്ങനെയാ അയാളുടെ പേരും പറഞ്ഞു പേടിപ്പിച്ചല്ലേ നിങ്ങൾ കുഞ്ഞുനാളിൽ അവർക്ക് ഭക്ഷണം കൊടുത്തിരുന്നത്. ”
“അതീ നാട്ടിൽ എല്ലാവരും ചെയ്യുന്നതല്ലേ, മാത്രമല്ല കുട്ടികളെ സ്നേഹിച്ചാലെ അവർക്കും അതുണ്ടാകു. ഇതിപ്പോ ഒരു നോട്ടം കാണുമ്പോഴേക്കും പിള്ളേര് പേടിച്ചോടുകയല്ലേ പിന്നെങ്ങനാ…”
” മാത്രമല്ല അവർക്കിയാൾ എന്താ കൊടുത്തിട്ടുള്ളത്.. അമ്മ മരിച്ചേ പിന്നെ… ഒരു ചില്ലികാശ് ഇങ്ങോട്ട് കിട്ടിയിട്ടില്ല… അക്കൗണ്ടും ഫാമിലെ കണക്കും ഒക്കെ അയാൾക്കു മാത്രമേ അറിയൂ… എല്ലാം അമ്മയല്ലേ നോക്കിയിരുന്നത് ആദ്യം.”
” ചേട്ടന്റെ അശ്രദ്ധയാ… അന്ന് ആ പെട്ടിയോട് കൂടി എല്ലാം അയാളുടെ കയ്യിലേക്ക് കൊടുത്തത്…”
” അന്നത്തെ ഒരു തിരക്കിൽ… പിന്നെ നമുക്കാർക്കും അറിയില്ലല്ലോ ഇതെല്ലാം അയാളുടെ പേരിലാണെന്ന് ”
” അതേ, അയാൾക്കും അറിയില്ലായിരുന്നു. അമ്മ പറഞ്ഞിരുന്നത്ആ കുളത്തിനോട് ചേർന്ന മരം നിൽക്കുന്ന സ്ഥലമാണ് അയാൾക്ക് എന്നല്ലേ ”
” എല്ലാം രജിസ്റ്റർ ചെയ്യാനിരുന്നപ്പോഴാ അമ്മ പോയത്.. ”
” അമ്മ ചെയ്തിരുന്നതൊക്കെ ദൈവം കാണുന്നുണ്ടായിരുന്നു.. അതാ വേഗം വിളിച്ചത് ”
” ചെറിയച്ഛൻ… ഈ വീട്ടിലേക്കു കയറാറില്ലല്ലോ… ആ മരത്തിന്റെ ചുവട്ടിലല്ലേ ഇരിപ്പും കിടപ്പും.. അല്ലെങ്കിൽ ഫാമിന്റെ ഉള്ളില്.. ”
” അതാ ഞാനും ആലോചിക്കുന്നേ… പിന്നെ ഇയാളെന്തിനാ ഇതൊക്കെ കെട്ടിപിടിച്ചിരിക്കുന്നത് ”
” സ്ത്രീകൾ ഉള്ളിടത്ത് ചെറിയച്ഛനെ താമസിപ്പിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞിട്ടാ അമ്മ ചെറിയച്ഛനെ പുറത്താക്കിയത്. നിങ്ങളൊക്കെ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോയി നോക്കു. അപ്പോൾ ചെറിയച്ഛൻ അകത്തു കയറിക്കോളും. ”
” അതു കൂടെ ഇനി ഉള്ളു… ഇവിടുന്ന് ഇറങ്ങി പോകാൻ.. ”
” ഇതല്ലേ ഞങ്ങളുടെ വീട്… ഞങ്ങളെവിടെ പോകാൻ… അങ്ങനെ ഇറക്കി വിടാൻ ഒന്നും പറ്റില്ല ”
” സ്വന്തം പേരിലുള്ള വസ്തുവിൽ നിന്ന് നിങ്ങളെ ഇറക്കാൻ ചെറിയച്ഛന് അധികം സമയമൊന്നും വേണ്ട… അത് ചെയ്യാത്തത് നമ്മുടെ അച്ഛനെ ഓർത്തിട്ടാവും… അത് മുതലെടുക്കാൻ നില്കാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ നോക്ക്. ”
” ജാതകദോഷം തന്നെ…ഇതൊക്കെ അനുഭവിക്കേണ്ടി വരും എന്നായിരിക്കും ”
” നിങ്ങളെക്കാൾ അഞ്ചോ എട്ടോ വയസിനു മാത്രം മൂപ്പുള്ള മനുഷ്യനാ… വെയിലും മഴയും നോക്കാതെ എപ്പോഴും അധ്വാനിക്കുന്നത്… ഇടയ്ക്ക് അങ്ങോട്ടൊന്നു നോക്ക്… ആ മരത്തിന്റെ ചുവട്ടിലേക്ക് ഒന്ന് നോക്കിയാൽ മതി. ജാതകദോഷം ആർക്കാണ് എന്നു കാണാം “.
#എന്റെരചന


8 Comments
നന്നായി എഴുതി ഗ്രീഷ്മ 👍
നോവുകൾ. ചൂഷണത്തിന്റെ ബാക്കിപത്രങ്ങൾ. അറിയാക്കഥയുടെ പൊരുൾ. നന്നായി എഴുതി..
Nishiba. M.. 🙏
നല്ല രചന 👏
ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു.
ഒരു പോത്തിനെയും കൊണ്ട് പ്രാകൃത വേഷത്തിൽ.
ചേട്ടന്റെ കുടുംബത്തിന് വേണ്ടി തീറെഴുതിവച്ച ജന്മം ആയിരുന്നു.
അയാളെ അന്നൊക്കെ കാണുന്നത് പേടിയാണ്. ഇപ്പോ വകതിരിവ് ഉണ്ടായപ്പോഴാണ് അയാളുടെ ഒരു കുഞ്ഞു ലോകവും സ്വപ്നവുമൊക്കെ ഉണ്ടായിരുന്നിരിക്കുമല്ലോ എന്ന് ഓർക്കുന്നത്.. അയാൾ വഴിയിൽ കിടന്നാണ് മരിച്ചത്.. അനാഥനെ പോലെ..
അയാളുടെ പങ്ക് പറ്റിയവരൊക്കെ ഇപ്പോ വലിയവരായി…
നല്ലെഴുത്ത് ഗ്രീഷ്മാ.. ഓരോരോ ജീവിതങ്ങൾ 🥺
ഇങ്ങനെയും ചിലരുണ്ട്. ആർക്കും വേണ്ടാതെ ആരാലും സ്നേഹിക്കപ്പെടാതെ ….. അവരെ ആർക്കും മനസ്സിലാകാത്തതെന്തേ?
നന്നായി എഴുതി ഗ്രീഷ്മാ❤️🌹👌
Anjuranjima… കുട്ടിക്കാലത്തെ കണ്ടു പേടിച്ചിരുന്നവരൊക്കെ ആരായിരുന്നു അവരുടെ ജീവിതം എന്തായിരുന്നു എന്നൊക്കെ മനസിലാക്കി വരുമ്പോൾ പലതും വളരെ shocking stories ആയിരിക്കും….
ആരും ശ്രമിക്കാറില്ല… അവർ ചെയ്തു തരുന്ന കാര്യങ്ങൾ…. അവരുടെ ജീവിതം Taken for granted..ആണ്… മറ്റുള്ളവർക്