പറയേണ്ട എന്ന് കരുതിയതാണ് പക്ഷേ പറയാതിരിക്കാനാവുന്നില്ല.
ഈ അക്യുപക്ചർ ചികിത്സ ഒരു സമുദായവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
അക്യുപക്ചർ ഒരു പരമ്പരാഗത ചൈനീസ് ചികിത്സാരീതിയാണെന്നറിയാം. ഇത് ഭാരതത്തിൽ നിന്നും ബുദ്ധസന്യാസിമാർ വഴി ചൈനയിലെത്തിയതാണെന്നും പറയപ്പെടുന്നു. പരമ്പരാഗത തമിഴ് സിദ്ധവൈദ്യത്തിൽ സമാനമായ ചികിത്സാ രീതിയുണ്ട്. അതിനെപ്പറ്റി പ്രാചീന ഗ്രന്ഥമായ പതഞ്ജലി യോഗസൂത്രയിൽ പരാമർശമുണ്ട്. ശരീരത്തിലെ പിംഗള, സുഷുമ്ന നാഡികളിലേക്കുള്ള പ്രാണോർജ്ജ ക്രമീകരണത്തിലൂടെ രോഗ നിർണ്ണയം നടത്തി ചികിത്സിക്കുന്ന രീതിയാണിത്. അത് അക്യുപക്ചറിലെ മെറിഡിയൻ പോയിന്റുകൾക്ക് സമാനമായ യോഗാസന സ്ഥാനങ്ങളാണ്. ഇത്തരം ചികിത്സാരീതികൾക്ക് നിയന്ത്രണങ്ങളുണ്ട്. അത് എല്ലാരോഗങ്ങൾക്കുള്ള ഒറ്റമൂലി ചികിത്സയല്ല.
ഇനി ഗർഭിണികളിലേക്ക് വരുകയാണെങ്കിൽ ഗർഭകാലത്തെ ചില അസ്വസ്ഥതകൾ ഓക്കാനം, ഛർദ്ദി, നടുവേദന മറ്റു സന്ധികൾക്ക് ഉണ്ടാകുന്ന വേദന തുടങ്ങിയവയൊക്കെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ബദൽ ചികിത്സാ മാർഗ്ഗങ്ങൾക്ക് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രസവസമയത്ത് ഓക്സിടോസിൻ ഹോർമോണിന്റെ അളവ് കൂട്ടാനും അല്ലെങ്കിൽ ഗർഭാശയമുഖ വികാസം സംഭവിക്കാനും അക്യുപ്രഷർ സഹായിക്കുന്നുണ്ടെന്ന് പഠനങ്ങൾ വെളിവാക്കിയിട്ടുണ്ട്. പക്ഷേ പ്രസവത്തിൽ ഉണ്ടാകുന്ന സങ്കീർണ്ണതകൾ, സിസേറിയൻ വേണ്ട കേസുകൾ എന്നിവ അക്യുപക്ചർ ചികിത്സയിലൂടെ പരിഹരിക്കപ്പെടുമെന്ന് ഫലപ്രദമായ പഠനങ്ങൾ തെളിയിച്ചിട്ടില്ല.
സ്ത്രീകളിൽ പ്രായം കൂടുന്തോറും ഗർഭധാരണവും പ്രസവവും സങ്കീർണ്ണമാകും. പ്രായം 20നും 30നും ഇടയിലുള്ള ഗർഭധാരണമാകില്ല പ്രായം 30നും 40നും ഇടയിലാകുമ്പോൾ. ആദ്യത്തെ പ്രസവം കോംപ്ലിക്കേഷനില്ലാതെ പോയാലും രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രസവത്തിൽ കോംപ്ലിക്കേഷൻസ് ഉണ്ടാകാം. തുടരെത്തുടരെയുള്ള പ്രസവങ്ങൾ ആകുമ്പോൾ പ്രത്യേകിച്ചും. മുപ്പത്തഞ്ചാമത്തെ വയസ്സിൽ അഞ്ചാമത്തെ പ്രസവം സോപ്പുകട്ടവഴുതി വീഴുന്നതു പോലെയാവില്ല എന്നു മനസ്സിലാക്കാൻ അല്പം കോമൺസെൻസ് ഉണ്ടായാൽ മതി.
ചൈന, ജപ്പാൻ, കൊറിയ പോലുള്ള ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പരമ്പരാഗത ചികിത്സയായ അക്യുപക്ചർ മധ്യേഷ്യൻ രാജ്യങ്ങൾ അധികം പ്രോത്സാഹിപ്പിക്കാറില്ലെന്ന് കാണാം. ഇവിടങ്ങളിലൊക്കെ ആധുനിക ചികിത്സാ രീതിയിൽ വൻ മുന്നേറ്റങ്ങൾ സൃഷ്ടിച്ചിട്ടുമുണ്ട്. അപ്പോഴാണ് പ്രസവത്തിലെ ഔറത്ത് മറക്കൽ, മതനേതാക്കന്മാരുടെ ഭാര്യമാരുടെ ‘വീട്ടിലെ ‘സുഖപ്രസവത്തിന്റെ’ ഒക്കെ ന്യായങ്ങൾ നിരത്തി ഒരു തലമുറയെ പിന്നോട്ട് നയിക്കുന്നത്. ഓൺലൈൻ വഴി ശാസ്ത്രീയമല്ലാതെ അക്യുപങ്ചർ ചികിത്സ പഠിക്കുകയും തോന്നിയതുപോലെ രണ്ടുജീവനുകളെ പന്താടുകയും ചെയ്യുന്ന കിരാതരീതി സാക്ഷര കേരളത്തിൽ പ്രചാരം നേടുന്നത്.
മതനേതാക്കൾ പറയുന്നത് അന്ധമായി വിശ്വസിക്കുന്ന ഒരു ജനത ഉള്ളിടത്തോളം കാലം എന്തു വിവരക്കേടും പറയാമെന്ന സ്ഥിതി വന്നിരിക്കുന്നു. മനുഷ്യ ഗർഭകാലം 37 മുതൽ 42 ആഴ്ച വരെ ദൈർഘ്യമുണ്ടാവാം എന്നത് എത്രയോ കാലത്തെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പുറത്തുവന്ന പഠനങ്ങളാണ്. ഗർഭകാലം അതിൽ കൂടുതൽ ദീർഘിക്കുന്നത് അമ്മക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാണ്. അതുകൊണ്ടാണ് സി-സെക്ഷൻ വേണ്ടി വരുന്നത്. അല്ലാതെ 4 വർഷംവരെ ഗർഭാവസ്ഥയിലുള്ള കുഞ്ഞ് സുഖമായിരിക്കും എന്ന് മതനേതാക്കൾ കല്പിച്ചത് കൊണ്ടാവില്ലല്ലോ.
അക്യുമാസ്റ്റർ എന്ന പദവി ഒരിക്കലും ഒരു ഡോക്ടറിനോ ഗൈനക്കോളജിസ്റ്റിനോ തുല്യമല്ല എന്ന സാമാന്യ ബോധമാണ് ആദ്യം വേണ്ടത്. നിയമം വഴി ഇത്തരത്തിൽ ചികിത്സാക്കാവുന്ന രോഗങ്ങൾ ലിമിറ്റ് ചെയ്യണം. പ്രസവത്തെ തീർച്ചയായും അതിന്റെ പരിധിയിൽ നിന്നൊഴിവാക്കണം.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുതന്നെ ആധുനികചികിത്സയെ തള്ളിപ്പറയുന്ന യുട്യൂബ് മതഡോക്ടർമാർ ഏറിവരുന്ന കാലമാണ്. മതം / ആത്മീയതയെ കച്ചവടവല്ക്കരിക്കുന്നത് മനസ്സിലാക്കാം അതിനുവേണ്ടി കുരുതി കൊടുക്കുന്നതാണ് മനസ്സിലാക്കാൻ കഴിയാത്തത്.
പണ്ടുകാലത്ത് അരിയിടിച്ചിട്ടും വിറകു കീറിയിട്ടും മാറിയിരുന്ന് ‘സുഖപ്രസവം’ നടത്തുന്ന വീരകഥകൾ പാടിപ്പുകഴ്ത്തുന്നവർ അതിലെത്ര കുട്ടികൾ അതിജീവിക്കുന്നു എന്ന കണക്ക് കൂടെപ്പറയണം. അന്നത്തെയും ഇന്നത്തെയും മാതൃ – ശിശു മരണനിരക്ക് കൂടെ ഒന്നു നോക്കണം.
ആശുപത്രിയിൽ പ്രസവിക്കുന്ന സ്ത്രീകളും മരിക്കുന്നില്ലേ എന്ന ചോദ്യത്തിന് സമയത്തിന് വിദഗ്ദ്ധ ചികിത്സ ലഭ്യമായതു കൊണ്ടു മാത്രം ജീവനോടെ ഇരിക്കുന്ന എന്നെപ്പോലെ ആയിരം അമ്മമാർ സാക്ഷ്യം പറയും.
©seenanavaz
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


6 Comments
Thank you❤️👍🏻
സാക്ഷരത കൊണ്ടു മാത്രം കാര്യമില്ലല്ലോ. കുറച്ചൊക്കെ സാമാന്യബോധം കൂടി വേണ്ടേ. അല്ലെങ്കിൽ ഇതൊക്കെ ഓട്ടക്കലത്തിൽ വീഴുന്ന വെളളം പോലെയങ്ങനെ പോകും. നല്ല എഴുത്ത്.
അതെ 👍🏻
സന്തോഷം വായനക്ക് ❤️
വിഷയം പഠിച്ചു മനസിലാക്കി എഴുതി.എല്ലാ വശങ്ങളും ഉൾക്കൊണ്ടു. ഇനിയും കൂടുതൽ എഴുതു….
Thank you സാബി ❤️👍🏻
നല്ല എഴുത്ത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കണക്കുകൾ സഹിതം വ്യക്തമായി എഴുതി.
👌👏