കുക്കറിന്റെ വിസിൽ അടിച്ചത് കേട്ടാണ് അയാൾ എഴുന്നേറ്റത്.
‘ഓ അമ്മ അടുക്കളയിൽ ഉണ്ട്. ഇന്നെങ്കിലും സ്വാദുള്ള ചമ്മന്തിയും എരിവും പുളിയും ശർക്കരയുടെ മധുരവും ഉള്ള സാമ്പാറും കൂട്ടി ഇഡലി കഴിക്കാം.’
എ സി യുടെ റിമോട്ടിൽ തണുപ്പ് അഡ്ജസ്റ്റ് ചെയ്ത് പുതപ്പ് തല വഴി മൂടി നീരജ് ഉറക്കത്തിന്റെ അവസാനലാപ്പിനുള്ള വട്ടം കൂട്ടി.
ഒന്ന് കണ്ണടച്ച് വന്നതേയുള്ളു, എ സി യും ഫാനും ഒരുമിച്ച് ഓഫ് ആയത് പോലെ. ശരീരം ഉഷ്ണിക്കുന്നതിന് മുൻപേ മനസ്സിനാണ് ചൂട് പിടിക്കുന്നതെന്ന് തോന്നുന്നു. പുതപ്പ് മാറ്റി തല ചരിച്ചു നോക്കുമ്പോൾ വാതിൽക്കൽ അച്ഛൻ നിൽക്കുന്നുണ്ട്.
“അച്ഛാ, കുറച്ചു കൂടി സമയം ഉണ്ട്, ഞാൻ അലാറം വെച്ചിട്ടുണ്ട്, പ്ളീസ്.
“ഇനി അടുത്തത് തല വഴി ഒഴിക്കാൻ വെള്ളം ആണ്. വേഗം എണീക്ക്. അടുത്ത ആഴ്ച കല്യാണം കഴിക്കേണ്ട ചെക്കനാ.”
നിവൃത്തിയില്ലാതെ പുതപ്പിൽ നിന്ന് എഴുന്നേറ്റു. അച്ഛനായത് കൊണ്ട് ചിലപ്പോൾ പറഞ്ഞത് ചെയ്യും. അമ്മ ആയിരുന്നെങ്കിൽ ഒന്നിളിച്ചു കാണിച്ചൊക്കെ നോക്കാമായിരുന്നു. എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് പോകുമ്പോൾ അച്ഛന്റെ വക നിർദേശം:
“കുളിച്ചിട്ട് വാ, എന്നിട്ട് പണിയുണ്ട് “
ഈശ്വരാ.. കല്യാണം കഴിക്കാൻ സമ്മതിച്ചത് പുലിവാലായല്ലോ എന്ന ആത്മഗതം അച്ഛൻ കേൾക്കുന്നതിന് മുൻപ് ബാത്ത് റൂമിൽ കയറി വാതിലടച്ചു.
കണ്ണാടിയിൽ നോക്കി വെറുതെ നിൽക്കുമ്പോൾ അവളുടെ മുഖം ഓർമ്മ വന്നു. തന്റെ നോട്ടം അവളിലേക്കെത്തുമ്പോളുള്ള അവളുടെ നാണം, പാതി കൂമ്പിയ മിഴികളോടെയുള്ള അവളുടെ നോട്ടം.. ഒരാഴ്ച കൂടി കഴിഞ്ഞാൽ.. മനസ്സിലെ മഞ്ഞുപെയ്യലിന് വിരാമമിട്ട് കൊണ്ട് അച്ഛന്റെ ശബ്ദം പുറത്ത് നിന്ന് കേട്ടു. വേഗം റെഡി ആയി ചെന്നേക്കാം.
അടുത്ത ആഴ്ച നീരജിന്റെ വിവാഹമാണ്. നീരജിന്റെ പെങ്ങൾ ജാനകി കഴിഞ്ഞ ആഴ്ച തന്നെ ഭർത്താവിന്റെ വീട്ടിൽ നിന്ന് മക്കളോടൊപ്പം വീട്ടിൽ എത്തിയിട്ടുണ്ട്. ജാനകിയുടെ ഭർത്താവ് രഞ്ജൻ ഇടയ്ക്കിടെ ഓഫീസിൽ നിന്ന് വന്ന് പോകുന്നുണ്ട്. രാത്രി അയാളുടെ വീട്ടിലേക്ക് പോകുകയും ചെയ്യും. തലേന്ന് അയാൾ അമ്മയ്ക്കും അച്ഛനുമൊപ്പം വന്ന് നിൽക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന് മുൻപേ ഭാര്യവീട്ടിൽ നിൽക്കാനൊന്നും അയാൾക്ക് സമ്മതമല്ല.
ജാനകി വന്നതും വീട്ടിലെ രീതികൾക്കൊക്കെ ഒരു മാറ്റം വന്നു. നീരജ് കല്യാണത്തിനായി വിദേശത്ത് നിന്ന് വന്നിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളു. കല്യാണം ഒക്കെ നേരത്തെ വന്ന് ഉറപ്പിച്ച് വെച്ചതായിരുന്നു. ജാനകി വന്നതോടെ നീരജിന്റെ അവധിക്കാലസുഖങ്ങൾക്കൊക്കെ ഇത്തിരി മങ്ങൽ വന്ന പോലെ. അടുക്കളപ്പണികളിൽ അമ്മക്ക് സഹായിയായി വന്നതാണ് ജാനകി എന്ന് വിചാരിച്ച നീരജിന്റെ വിചാരമൊക്കെ തെറ്റി. രാവിലത്തെ അടുക്കളപ്പണിയിൽ നീര്ജും ഉൾപ്പെട്ടു. അമ്മയ്ക്കും പെങ്ങൾക്കും ഒപ്പം ദോശ ചട്ണി സാമ്പാർ ഉണ്ടാക്കൽ മാത്രമല്ല, ചോറും കൂട്ടാനും ഉപ്പേരിയും വെക്കാനും പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കാനും തുണി കഴുകി വിരിക്കാനും എന്തിന് വൈകീട്ട് അതൊക്കെ എടുത്ത് മടക്കി അലമാരിയിൽ വെക്കാൻ വരെ അവനും വേണം. വല്ലാത്ത ദേഷ്യം വന്നു അവന്. അച്ഛൻ അമ്മയെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്, താനും അടുക്കളയിൽ അമ്മ വിളിക്കുമ്പോൾ ചെന്ന് സഹായിച്ചു കൊടുക്കാറുണ്ട്. അത്രയൊക്കെയല്ലേ ഒരു ആൺകുട്ടി ചെയ്യേണ്ടു!
അവന്റെ ചിന്ത മാറി മറിഞ്ഞത് ജാനകിയുടെ ഭർതൃഗൃഹത്തിലേക്ക് ഒരു ദിവസം ഉച്ചയൂണിന് വിളിച്ചപ്പോളാണ്. രഞ്ജന് ഒഴിവുള്ള ദിവസമായിരുന്നു അത്. അന്നെ ദിവസം ജാനകിയുടെ ഒപ്പം രഞ്ജന്റെ വീട്ടിൽ പോകാമെന്നായിരുന്നു അവന്റെ കണക്ക് കൂട്ടൽ. എന്നാൽ തലേന്ന് വൈകീട്ട് തന്നെ രഞ്ജൻ വന്ന് അവളെ കൂട്ടിക്കൊണ്ട് പോയി. അവളില്ലാതെ അവിടത്തെ അമ്മക്ക് ഒന്നിനും പറ്റില്ല എന്ന് പറഞ്ഞായിരുന്നു അത്. പിറ്റേന്ന് ചെന്നപ്പോൾ മുതൽ രാത്രി പോരുമ്പോൾ വരെ അവൻ ഒരു കാര്യം ശ്രദ്ധിച്ചു. രഞ്ജൻ അടുത്തിരിക്കുന്ന റിമോട്ട് കൈയിൽ എടുക്കാൻ തുടങ്ങി പുറത്താരെങ്കിലും വന്നാൽ അത് നോക്കാൻ വരെ ‘ജാനൂ.. ‘ എന്ന വിളിയാണ്. അയാൾ സ്വയം ചെയ്യുന്നത് മുൻപിൽ ഇരിക്കുന്ന ഫുഡ് കഴിക്കുന്നതും ടോയ്ലെറ്റിൽ പോകുന്നതും മാത്രമാണെന്ന് തോന്നിപ്പോകും. അയാളുടെ അച്ഛനാണെങ്കിലും അമ്മയെയും മരുമകളെയും മാറി മാറി വിളിച്ചു കൊണ്ടിരിക്കും. വെറുതെയല്ല ജാനകിയെ തനിക്ക് വിരുന്നൊരുക്കുന്നതിന്റെ തലേന്ന് രഞ്ജൻ വിളിച്ചു കൊണ്ടുപോയതെന്ന് നീരജിന് വ്യക്തമായി. അതിനൊപ്പം ജാനകി തന്റെ വിവാഹത്തിന് മുൻപ് തന്നെ വീട്ടിലെ ഓരോ കുഞ്ഞു പണികളും എടുത്ത് പരിശീലിപ്പിക്കുന്നത് എന്തിനാണെന്നും.
കുളിച്ച് കുട്ടപ്പനായി അടുക്കളയിൽ ചെന്നപ്പോൾ കണ്ടു അമ്മയും അച്ഛനും ജാനകിയും അടുക്കളയിൽ പണികളിലാണ്. അച്ഛൻ ചിരകി ഇടുന്ന തേങ്ങയിൽ നിന്ന് ചെറിയ മിക്സിയിലേക്ക് കുറച്ചെടുത്ത് മാറ്റി അതിലേക്ക് വെള്ളത്തിലിട്ട് വെച്ച പച്ചമുളക് ഞെട്ടി കളഞ്ഞ് അരിഞ്ഞിടുമ്പോൾ അവന്റെ മനസ്സിൽ ഭാവിയിലേക്കുള്ള വ്യക്തമായ പ്ലാനുകൾ ഉണ്ടായിരുന്നു. രഞ്ജനായി വിദേശത്ത് തന്റെ സുഹൃത്തിന്റെ കമ്പനിയിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ജോലിയെയും വിസയെയും പറ്റി പറയുമ്പോളേക്കും ജാനകിക്കും തന്റെ കമ്പനിയിൽ ഒരു ജോലി, മക്കൾക്ക് അവിടെ തന്നെ പഠിക്കാവുന്ന സ്‌കൂൾ ഒക്കെ ശരിയാക്കണം. കുറച്ചു ദിവസം രഞ്ജൻ ബാച്ചിലർ റൂമിൽ നിർത്തി ജീവിതം പഠിപ്പിക്കണം. അയാളുടെ അമ്മ വിചാരിച്ചിട്ട് പഠിപ്പിക്കാൻ പറ്റാത്തത് അയാൾ സ്വയം പഠിക്കുന്നത് കാണണം.
ഒരു മൂളിപ്പാട്ടോടെ നീരജ് സാമ്പാറിന് വറുത്തിടാൻ കറി വേപ്പില പൊട്ടിക്കാൻ തൊടിയിലേക്കിറങ്ങി. വേപ്പ്മരത്തിലിരുന്ന ഒരു കുയിൽ ചിറകടിച്ച് ആകാശത്തേക്ക് പറന്നുയർന്നു.
#മുഖംമൂടികൾ


9 Comments
നല്ല മാറ്റം, യുവാക്കളുടെ ഭാഗത്ത് നിന്നായാൽ കൂടുതൽ നന്ന്.
👌❤
കുറെയായി ഇവിടെ എഴുതാറില്ല . നിറയെ പുതുമുഖങ്ങളാണ് ഇവിടെ . എന്നിട്ടും വായിച്ചും കമന്റ് ഇട്ടും പ്രോത്സാഹിപ്പിച്ച എല്ലാര്ക്കും നന്ദി
വീട്ടുജോലി സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമല്ല. പക്ഷെ പല വീടുകളിലും അതല്ല സ്ഥിതി- പതുക്കെ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്- നന്നായി എഴുതി.
മനോഹരം
നന്നായിട്ടുണ്ട് 👌
നന്നായി എഴുതി👌
വേഗത്തിൽ സംഭവിക്കേണ്ട ആവശ്യമുള്ളതും, എന്നാൽ വളരെ പതുക്കെ മാത്രം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ മാറ്റം ഏതാണെന്ന് ചോദിച്ചാൽ അത് ഇത് തന്നെയാണ്.
നന്നായിട്ടുണ്ട് 👍🏻
കാലം ആവശ്യപ്പെടുന്ന മാറ്റം.. നന്നായി എഴുതി 👌
വേഗത്തിൽ സംഭവിക്കേണ്ട ആവശ്യമുള്ളതും, എന്നാൽ വളരെ പതുക്കെ മാത്രം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ മാറ്റം ഏതാണെന്ന് ചോദിച്ചാൽ അത് ഇത് തന്നെയാണ്.
നന്നായിട്ടുണ്ട് 👍🏻