ഉണ്ടായിരുന്നൊരു നല്ല ബാല്യം
അല്ലലില്ലാത്തൊരു ബാല്യകാലം
പൂവും, പൂമ്പാറ്റയും, പൂവാലനണ്ണാനും
കൂട്ടുകാരായുള്ള നല്ലകാലം
പുളിമരചോട്ടിലും, മാവിൻെറ തണലിലും
കളിവീടുണ്ടാക്കി കളിച്ച കാലം
അന്തിയാവുംവരെ കൂട്ടുകാരോടൊത്ത്
കണ്ണാരം പൊത്തി കളിച്ച കാലം
മഴയങ്ങ് പെയ്യുമ്പോൾ മുറ്റത്തെ വെള്ളത്തിൽ
കടലാസ് തോണി തുഴഞ്ഞ ബാല്യം
ഒരു മാങ്ങ കിട്ടിയാൽ കൂട്ടുകാരൊരുമിച്ച്
പങ്കിട്ടെടുത്തൊരു ബാല്യകാലം
അക്കാലമെങ്ങോ മറഞ്ഞുപോയി
വന്നല്ലോ പുതിയൊരു ബാല്യകാലം
അകത്തൊരു മൂലയിൽ കുനിഞ്ഞങ്ങിരുന്നിട്ട്
മൊബൈലിൽ കുത്തി കളിക്കും കാലം
കൂട്ടുകാർ, മുഖമില്ലാ കൂട്ടരായി
പരസ്പരം മൽസരം മാത്രമായി
കളിചിരി സ്നേഹം അകന്നുപോയി
കളിമാറി ഇന്നെല്ലാം കാര്യമായി
വീണ്ടെടുത്തീടണം പഴയൊരാ ബാല്യത്തെ
ആ നിഷ്കളങ്കമാം പുഞ്ചിരികൾ,
അനുകമ്പ, സ്നേഹം, ബഹുമാനമെല്ലാം
അല്ലെങ്കിൽ ഇല്ലില്ല നല്ലകാലം.
ഗ്രാമീണ ഭംഗികൾ പോയ് മറഞ്ഞു
ഗ്രാമങ്ങൾ പട്ടണമായി മാറി
ബാല്യ, കൗമാരങ്ങൾ, യൗവനങ്ങൾ,
കപട ലോകത്തിൻ്റെ പിടിയിലായി
മാതാ, പിതാ, ഗുരു, എല്ലാർക്കുമേ
മക്കളെ ശാസിക്കാൻ പേടിയായി
അവർ ചെയ്യും ചെയ്തികൾ
കണ്ടിട്ടും കാണാത്ത
ഭാവം നടിക്കേണ്ട ഗതിയിലായി!
നന്മകൾ വീണ്ടെടുത്തീടണം കൂട്ടരേ…
അല്ലെങ്കിൽ തോറ്റിടും നമ്മളെല്ലാം
പണവും പ്രതാപവുമല്ല മുഖ്യം
സമാധാന ജീവിതമേറെ മുഖ്യം
ഷീജിത്ത് – പിണറായി


1 Comment
മനോഹരമായ ചിത്രത്തോടെ എൻെറ കവിത പ്രസിദ്ധീകരിച്ചതിന് കൂട്ടക്ഷരം ടീമിന് ഹൃദയത്തോട് ചെർത്ത് നിർത്തി
നന്ദി……നന്ദി…..