മാതൃത്വം എന്ന വാക്ക് എന്നാണ് ഞാൻ പരിചയപ്പെട്ടതെന്നു എനിക്കറിയില്ല. പക്ഷെ അന്ന് മുതൽ ആ വാക്കിനോട് വല്ലാത്ത ഒരു അടുപ്പമാണ്.
ഞാൻ കുഞ്ഞായിരുന്നപ്പോൾ എനിക്കൊരു സ്വഭാവമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ അമ്മയോട് ചോദിക്കും. “അമ്മേ, അമ്മയ്ക്കെന്നോട് ദേഷ്യമാണോ?” “അമ്മയ്ക്കെന്നെ ഇഷ്ടമാണോ?” “അമ്മയ്ക്ക് ഞാനൊരു ശല്യമാണോ?”
ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒരുപാട് ഞാൻ ചോദിച്ചിട്ടുണ്ട് അമ്മയോട്. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. എന്റെ മനസ്സിൽ സംശയം തോന്നുന്നു, ഞാൻ ചോദിക്കുന്നു. അത്രയേ ഉള്ളൂ. ഹൊ, ഇപ്പോൾ ഓർക്കുമ്പോൾ അമ്മ എങ്ങനെ എന്നെ സഹിച്ചു എന്ന് തോന്നി പോകും. ഒരു ദിവസം പതിവ് പോലെ ഞാൻ അമ്മയോട് ചോദിച്ചു.
“അമ്മയ്ക്കെന്നോട് ദേഷ്യമുണ്ടോ?”
അന്ന് അമ്മ എന്നെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു.
“എനിക്കിത് കിട്ടണം. ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മിച്ചിയോട് ഒരുപാട് പറഞ്ഞിട്ടുണ്ട്, ‘ചേച്ചി ഏറ്റവും മൂത്തതായത് കൊണ്ട് എല്ലാവർക്കും ചേച്ചിയെ ഇഷ്ടമാണ്. ജോളി ഒരേ ഒരു ആൺകുട്ടി ആയത് കൊണ്ട് എല്ലാവർക്കും ജോളിയെയും ഇഷ്ടമാണ്. വത്സ ഏറ്റവും ഇളയതല്ലേ. അത് കൊണ്ട് വൽസയെ എല്ലാവർക്കും ഇഷ്ടമാ. എന്നെ മാത്രം ആർക്കും ഇഷ്ടമല്ല.'”
അപ്പോൾ ഞാൻ ഒന്ന് ഞെട്ടി. കാരണം അമ്മയെ അമ്മച്ചിക്കും ഇച്ചാച്ചനും എന്തിഷ്ടമാണെന്ന് ഞാൻ കണ്ടിട്ടുണ്ട്.
അമ്മ എന്നെ നോക്കിയിട്ട് തുടർന്നു : “നീ ജനിച്ച് കഴിഞ്ഞു മായ ഉണ്ടായപ്പോഴാണ് ആദ്യത്തെ കുഞ്ഞിനോട് തോന്നുന്ന അതേ സ്നേഹം രണ്ടാമത്തെ കുഞ്ഞിനോടും അമ്മയ്ക്ക് തോന്നുമെന്ന് എനിക്ക് മനസ്സിലായത്.”
അപ്പോൾ ഞാൻ ചോദിച്ചു “അമ്മ ഇങ്ങനെ പറയുമ്പോൾ അമ്മിച്ചി എന്ത് പറയുമായിരുന്നു?”
അമ്മ പറഞ്ഞു : “അമ്മിച്ചി ചിരിക്കും.”
വർഷങ്ങൾ കഴിഞ്ഞു. എനിക്കും മായയ്ക്കും മക്കളായി. അമ്മ ഞങ്ങളെ വിട്ടു പോവുകയും ചെയ്തു. എന്റെ മോൾ കുഞ്ഞി ഒരു ദിവസം എന്നോടൊരു ചോദ്യം : “അമ്മയ്ക്കെന്നോട് ഇഷ്ടമാണോ?”
ഞാൻ ഞെട്ടി. അവളുടെ മുഖത്തേക്ക് നോക്കി. അവൾ വളരെ ഗൗരവഭാവത്തോടെയാണ് എന്നോട് ചോദിക്കുന്നത്. അന്നവൾ ഏത് ക്ലാസ്സിലായിരുന്നു എന്നെനിക്കോർമ്മയില്ല. ഇന്നും അവളെന്നോട് ഈ വക ചോദ്യങ്ങൾ ചോദിക്കാറുണ്ട്. എന്താ ഞാൻ പറയുക.
ഇതൊരു പാരമ്പര്യ രോഗമല്ലേ?


4 Comments
അമ്മയോടു മാത്രമല്ല നാം സ്നേഹിക്കുന്നവരോടും ഇങ്ങനെ
ചോദിക്കാറില്ലേ?
😀
എന്താ ല്ലെ.
ജീൻസ് ജീൻസ് 😂
മനോഹരം
Thanks Nishiba