“ചേച്ചി ഇപ്പോൾ ജോലിക്ക് പോകുന്നില്ലേ?”
“ഞാൻ ഇപ്പോൾ പോകാറില്ല. മോന്റെ കൂടെ നിൽക്കുന്ന ചേച്ചി നാട്ടിൽ പോയി. അത് കൊണ്ട് ജോലിക്ക് പോകാനാവുന്നില്ല.”
വായിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും മനസിൽ ചേച്ചിയുടെ മകൻ ചെറിയ മോൻ ആണെന്ന് തോന്നുന്നുണ്ടാകുമല്ലേ?
തന്റെ ഇരുപത് വയസുള്ള മോനെ വീട്ടിൽ ഒറ്റയ്ക്ക് ഇരുത്തി ജോലിക്ക് പോകാൻ ഈ അമ്മയ്ക്കാവില്ല. കാരണം അവന് ഓട്ടിസം എന്ന അവസ്ഥയാണ്. ചേച്ചി ഒരു നേഴ്സാണ്.ആ ജോലിയാണ് ഉപേക്ഷിച്ചത്. മനസ് കൊണ്ട് ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. പക്ഷേ അവനെ കുറിച്ച് ആലോചിച്ചപ്പോൾ അതാണ് ശരിയെന്നു തോന്നിയത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കടുത്ത തീരുമാനം എടുത്തത്. അവന്റെ കാര്യങ്ങൾ എല്ലാം അവൻ സ്വയം പര്യാപ്തമായി ചെയ്യും.എന്നിരുന്നാലും ഒരുപാട് സമയം അവനെ റൂമിൽ അടച്ചു പൂട്ടാൻ പേടിയുമുണ്ട്.
ഇങ്ങനെ ഒരുപാട് അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. വലിയ വിദ്യാഭ്യാസം കൊണ്ട് നേടിയെടുത്ത ജോലി രാജി വെച്ചു ഇറങ്ങേണ്ടി വരുന്നു. എന്തിന് വേണ്ടി എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
തന്റെ കുഞ്ഞിന് ഒരു പരിമിതി ഉണ്ടെന്ന് അറിയുമ്പോൾ തെറാപ്പി ചെയ്യാൻ വേണ്ടി പല സെന്ററുകളിലും കൊണ്ട് പോകുന്നത് അമ്മമാരാണ്. അത് കഴിഞ്ഞു തിരിച്ച് വീട്ടിൽ എത്തിയാലും അവരുടെ കൂടെ സമയം ചെലവഴിക്കുന്നു.
നിനക്ക് എന്താ ജോലിയെന്ന് അമ്മമാരോട് പലരും ചോദിക്കുന്നുണ്ടാകും. രാവിലെ മുതൽ പാതിരാത്രി വരെ മക്കൾക്ക് ട്രെയിനിങ് കൊടുക്കുന്നു. ഒരു കണക്കിന് ഞങ്ങൾ ചെയ്യുന്നത് വലിയൊരു ജോലിയാണ്. വീട്ടമ്മ മാത്രമല്ല ഞങ്ങൾ മറിച്ച് ഒരു സ്പീച്ച് തെറാപ്പിസ്റ്, ബിഹേവിയർ,
ഫിസിയോ,ഒക്യുപ്പേഷൻ തെറാപ്പിസ്റ് ഇങ്ങനെ എന്തെല്ലാം മേഖലകളിലാണ് ഞങ്ങൾ വർക്ക് ചെയ്യുന്നത്. ഓരോന്നും ആദ്യം പഠിച്ചു മനസിലാക്കാൻ നല്ല സമയം വേണം.എന്നിട്ട് മക്കളിൽ അവയെല്ലാം ക്ഷമയോടെ ട്രെയിനിങ് കൊടുക്കുന്നു. അത് കൂടാതെ വീട്ടിലെ കാര്യങ്ങളും നോക്കുന്നു.
നടക്കാനാവാത്ത മക്കളെ എടുത്ത് പൊക്കി അവരുടെ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ ഓരോ അമ്മമാരും എടുക്കുന്ന കഠിന ശ്രമം നമ്മൾ ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ?
രാവിലെ തന്നെ അണിഞ്ഞു ഒരുങ്ങി പോകുന്നത് കണ്ടാൽ തോന്നും വല്ല ജോലിക്കും പോകുന്നതാണെന്ന്, എത്ര കാലമായി ഇതിനെ കൊണ്ട് പോകുന്നു. എന്നിട്ട് എന്തായി നടന്നോ അല്ലെങ്കിൽ ഇരുന്നോ, സംസാരിച്ചോ ഇങ്ങനെ കുത്തു വാക്കുകൾ കേൾക്കുന്ന അമ്മമാരുടെ വിഷമം ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
ഓരോ തെറാപ്പികൾക്കും പൈസ കുറെ ആവശ്യമാണ്. ഉദാഹരണമായി സ്പീച്ച് തെറാപ്പി ഒരു 45 മിനിറ്റ് ആണെകിൽ മുന്നൂറിൽ അധികം രൂപയുടെ അടുത്ത് എങ്കിലും ആവും. അപ്പോൾ ഒരു കുട്ടിക്ക് ഒന്നിൽ കൂടുതൽ തെറാപ്പി കൊടുക്കുന്നുണ്ടെകിൽ എത്രത്തോളം പൈസ വേണ്ടി വരും എന്ന് ഊഹിച്ചു നോക്കൂ.
ഒരു ജോലിക്ക് പോകാൻ ആഗ്രഹം ഉണ്ടായിട്ടും പോകാനാവാതെ ജീവിക്കുന്ന അമ്മമാരെ കുറിച്ച് നമ്മൾ അറിയണം. ദിവസവും ഇരുപതിനാല് മണിക്കൂറും മക്കളെ നോക്കി സന്തോഷം കണ്ടെത്തുന്നവർ.
പല്ല് തേയ്ക്കുന്നതിൽ തുടങ്ങി ഓരോ സെക്കന്റുകളും ഇനിയെന്ത് പഠിപ്പിക്കും എന്ന് മാത്രമേ ഞങ്ങളെ പോലുള്ള ഓരോ അമ്മമാർക്കും ചിന്തിക്കാനുള്ളത്.
ആദ്യം അവരെ സ്വന്തം ബ്രഷ് തിരിച്ചറിയാൻ പഠിപ്പിക്കണം. അത് തന്നെ മാസങ്ങൾ വേണ്ടി വരും. പിന്നെ പേസ്റ്റ് ബ്രഷിൽ പുരട്ടുന്നത് ഇങ്ങനെ എല്ലാം സ്വയം ഒരു സഹായവുമില്ലാതെ അവർ ചെയുന്നത് വരെ ഞങ്ങൾ ട്രെയിനിങ് കൊടുക്കുന്നു. വർഷങ്ങൾ വേണ്ടി വന്നാലും ഒന്നിൽ നിന്നും ഞങ്ങൾ പിന്തിരിയാറില്ല.
എന്നാൽ ജോലിക്ക് പോകുന്ന അമ്മമാരുമുണ്ട്. തിരിച്ച് വീട്ടിലെത്തിയാൽ അവർക്ക് എല്ലാ തെറാപ്പികളും കൊടുക്കാനും സമയം കണ്ടെത്തുന്നു. ജോലിയുടെ സ്‌ട്രെസ്സും മക്കളുടെ കാര്യങ്ങളും അങ്ങനെ എല്ലാം ചെയ്ത് തീർക്കാനുണ്ടെങ്കിലും മക്കളുടെ കാര്യം ഓർക്കുമ്പോൾ അവരെല്ലാം മറക്കുന്നു. ജോലിയോടൊപ്പം തെറാപ്പികൾക്ക് വേണ്ടിയും മക്കളെ എടുത്ത് പോകാനും പരിശ്രമിക്കുന്നു.
ഞങ്ങൾ തെറാപ്പിസ്റ് കൂടിയാണെന്ന് പറയുമ്പോൾ അത് എങ്ങനെ ആണെന്ന് പലർക്കും അറിയില്ല. ചെറിയ രീതിയിൽ അത് വിശദീകരിക്കാം.
ഹൈപ്പർ ആക്ടിവിറ്റി കൂടുതലുള്ള കുട്ടികളെ അടങ്ങി ഇരുത്തി തെറാപ്പി കൊടുക്കാൻ വളരെ നല്ല ക്ഷമ വേണം. ഒരു മിനിറ്റ് പോലും ഇരിക്കാൻ കൂട്ടാക്കാത്തവരുണ്ട്. ഏതു നേരവും പിറകെ ഓടി ഓരോന്നും പറഞ്ഞു കൊടുത്ത് ശാന്തരാക്കി എടുക്കാൻ സമയം എടുത്ത് ഒന്ന് ഇരുന്നാൽ അടുത്തത് അവർ ഒരു കാര്യത്തിലേക്ക് ശ്രദ്ധ കൊണ്ട് വരുത്തിക്കണം. ഇതിന് ബിഹേവിയർ തെറാപ്പി എന്ന് പറയും. പ്രൊഫഷണൽസ് ഞങ്ങൾക്കാണ് ഇതിന് ക്ലാസ്സ് എടുത്ത് തരുന്നത്. ഓരോ കുട്ടിയേയും കൈകാര്യം ചെയ്യേണ്ടത് നന്നായി പഠിക്കണം.ഓരോ പെരുമാറ്റങ്ങൾക്കും പല ഐഡിയകൾ പയറ്റി നോക്കണം.മനസും ശരീരവും അവരെ ഒരു മാറ്റത്തിലേക്ക് കൊണ്ട് വരുന്നത് വരെ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കണം.
ഞങ്ങൾക്ക് ഒരു ഡിഗ്രി ഇല്ലെങ്കിലും പ്രൊഫഷണലായ തെറാപ്പിസ്റ് ചെയ്യുന്നതിനേക്കാൾ അമ്മമാർ കൂടുതൽ പഠിപ്പിക്കുന്നു. മക്കൾക്ക് വേണ്ടി ഈ കോഴ്സ് പഠിക്കുന്നവരുണ്ട്. പുറത്ത് പോയി ജോലി ചെയ്യാൻ കഴിയാത്തവർ തന്റെ മക്കൾക്ക് മാത്രമല്ല പറ്റുന്ന പോലെ അറിവുകൾ മറ്റുള്ള അമ്മമാർക്ക് പകർന്നു കൊടുക്കുന്നു.
തന്റെ മക്കൾ വലുതായി വലിയ ജോലി നേടിയെടുക്കാനല്ല ഞങ്ങൾ സ്വപ്നം കാണുന്നത്.പകരം അവർ ഈ ലോകത്ത് സ്വയം പര്യാപ്തമായി ജീവിക്കണം എന്നൊരു ആഗ്രഹം മാത്രം. ഞങ്ങൾ അഭിമാനത്തോടെ പറയുന്നു അതെ ഞങ്ങളും ടീച്ചറും തെറാപ്പിസ്റ്റുമാണെന്ന്.
സ്നേഹപൂർവ്വം,
ഷഹലിയ ഇലാൻ ജുനൈദ്.✍️


5 Comments
സത്യാണ്. അങ്ങനെയുള്ള മക്കളുടെ അമ്മമാർ ശരിക്കും വളരെ expert ആയിരിക്കും. അവരെ സമ്മതിക്കണം. ഓരോ നിമിഷവും മക്കൾക്ക് വേണ്ടി ജീവിച്ചുകൊണ്ടിരിക്കുന്നവരാണ്.
👌തീർച്ചയായും ഇങ്ങനെ ഉള്ള ഉമ്മ മാരുടെ കാൽപാദത്തിൻ കീഴിൽ തന്നെ ആണ്
നാളെ യുടെ സ്വർഗം💗🤲🥰
അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 😘🫂ആമീൻ യാ റബ്ബൽ ആലമീൻ 🤲❤️
നന്നായി എഴുതി.
ഒരമ്മ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയല്ലേ? മക്കളുടെ കാര്യത്തിൽ അമ്മക്കുണ്ടാകുന്ന ശ്രദ്ധയും ശുഷ്കാന്തിയും വേറൊരിടത്തുനിന്നും കിട്ടില്ലല്ലോ?.. ജോലിയേക്കാൾ വലുത് മകന്റെ കാര്യം തന്നെയാണ്.
സ്പെഷ്യൽ ചൈൽഡ് എത്ര മാത്രം സ്പെഷ്യലാണെന്ന് അമ്മമാർക്കേ അറിയൂ. അമ്മമാർ എത്രയധികം കഷ്ടപ്പെട്ടാണ് ഈ മക്കളെ ട്രെയിൻ ചെയ്യിപ്പിക്കുന്നത്. ഇതൊന്നും മനസ്സിലാക്കാതെ കുത്തുവാക്കു പറയുന്നവരെ ശ്രദ്ധിക്കാതിരിക്കുക.
ഈ കുഞ്ഞുങ്ങൾ ദൈവത്തിൻ്റെ മക്കളാണ്❤️❤️❤️