തന്നിഷ്ടപ്രകാരം
ഇറങ്ങിപ്പോയ മകൾ
കാമുകൻ സമ്മാനിച്ച
കുഞ്ഞിനെ
അമ്മ തൊട്ടിലിൽ
കിടത്തി
അമ്മയെ തേടി
ദിശയറിയാതെ നടന്നുകൊണ്ടിരുന്നു
ഏക മകൾ ഇറങ്ങി പോയ
വ്യഥയിൽ അമ്മ
സമനില നഷ്ടപ്പെട്ട്
ഏതോ ഒരു വരാന്തയിൽ
ആരോ കാട്ടിയ
കാരുണ്യം
ഉണ്ണുകയായിരുന്നു
ഒരിടത്ത് മകളെ
രക്ഷകരായ് ചമഞ്ഞ്
ചിലർ
സഹായിക്കാൻ വെമ്പൽ കൊണ്ടു
മറ്റൊരിടത്ത് അമ്മയുടെ
ഭാണ്ഡത്തിൽ നോട്ടമിട്ട്
ചിലർ നടക്കുന്നുണ്ടായിരുന്നു
അങ്ങ് അമ്മ തൊട്ടിലിൽ
കുഞ്ഞ് കരഞ്ഞുതളർന്ന്
ആരുടെയോ കാരുണ്യം കാത്ത്
ഉറങ്ങുകയായിരുന്നു
അങ്ങൊരു വീട്ടിൽ
സ്വത്തിൻെറ
അവകാശത്തിനു വേണ്ടി
ബന്ധുക്കൾ തർക്കിച്ചുകൊണ്ടേയിരുന്നു
മൈതാനിയിൽ കുഞ്ഞുങ്ങൾ
കളി ചിരികളോടെ
പട്ടം പറത്തി കളിച്ചു കൊണ്ടിരുന്നു
തെരുവ് അപ്പോഴും
പുതിയ അതിഥികളെ
കൈമാടി വിളിച്ചു കൊണ്ടേയിരുന്നു


2 Comments
Manoharam bro
നന്ദി, സ്നേഹം 🙏♥️