രണ്ടു മാസം നാം
കളിച്ചു നടന്നിനി,
പോയിടാം കൂട്ടരേ
സ്കൂളിലേക്ക്
മഴ വന്നുറക്കെ
വിളിച്ചതു കേട്ടില്ലേ
മഴയുടെ ആരവം
കേൾപ്പതില്ലേ
വെള്ള കൊലുസ്സും
കിലുക്കി കിലുക്കീട്ട്
നൃത്തമാടിക്കൊണ്ടവൾ
വിളിപ്പൂ …
അറിവിൻ നിലവറ
തുറന്നിട്ടതിൽ നിന്നും
അക്ഷരമുത്തും
പെറുക്കി പെറുക്കീട്ട്
മാലകൾ കോർത്തു
കളിച്ചിടേണം
അക്കങ്ങൾ ഒന്നൊന്നായ്
അടുക്കി വെച്ചതിൽ നിന്നും
പുതിയ കണക്കുകൾ കുട്ടിടേണം
ചരിത്രത്തിൻ
താളുമറിക്കണം
പിന്നതിൽ
പുതിയ ചരിത്രം
രചിച്ചിടേണം
പരമാണു പൊരുളിനെ
അറിയണം, നമ്മുടെ
ഭൂമിയെ, വാനത്തെ
അറിഞ്ഞിടേണം
സൂര്യനെയറിയണം
ചന്ദ്രനെയറിയണം
നക്ഷത്ര ജാലത്തെ
അറിഞ്ഞിടേണം
പൂവിനെയറിയണം,
പൂന്തേനുമറിയണം,
കടലിനെ അറിയണം
കാലത്തെ അറിയണം
നേരുകൾ
നേരായറിഞ്ഞിടേണം
വരിക നാം കൂട്ടരേ
കളി മതിയാക്കിടാം
അറിവുതേടി തേടി
ചെന്നു നോക്കാം
വഴിതെറ്റിച്ചീടുവാൻ
പലരുമുണ്ടേ,
അപകടം വഴികളിൽ
പതിയിരിപ്പൂ….
നേരായ പാതയിൽ
അറിവു തിരിച്ചറിഞ്ഞ –
തിലൂടെ നമ്മൾക്ക്
മുന്നേറണം
കഥകൾ, കവിതകൾ,
ജീവിതം, ജീവനും
എല്ലാം അറിഞ്ഞറി –
ഞ്ഞറിവു നേടാം
അറിവുകൾ പകരുന്ന
പുസ്തകകെട്ടുകൾ
നമ്മൾക്കുലഹരിയായ്
മാറ്റിടേണം
അറിവിലൂടാനന്ദം
നേടിടാം കൂട്ടരേ
അതിനുമേലില്ലൊ-
രാനന്ദവും
ജീവിതകാലം മുഴുവൻ
നുകർന്നാലും
തീരില്ല കുട്ടരേ ഈ അമൃതം
ഇത്രമേൽ വിലയുള്ള
മറ്റൊരു ധനമില്ല
കട്ടെടുക്കാനാർക്കു –
മാവുകില്ല
കൊടുത്താലോ കുറയില്ല,
ഏറിടും നാൾക്കുനാൾ
അറിവു നേടാൻ വരൂ
കൂട്ടുകാരേ…
മതി , മതി കളി മതി
ഇനി നമ്മൾ പോകണം
പള്ളിക്കൂടത്തിൻ
അകത്തളത്തിൽ


4 Comments
Good
നന്ദി-🙏♥️
അർത്ഥവത്തായ കവിത 🌹കുഞ്ഞുങ്ങൾ പാടട്ടെ കളിക്കട്ടെ വളരട്ടെ അറിവു നേടട്ടെ❤️
അഭിനന്ദനങ്ങൾ Sheejith💐❤️
നന്ദി-🙏❤️ വായിച്ച് അഭിപ്രായം ലഭിക്കുമ്പോഴാണ് ഇനിയും എഴുതണം എന്ന് തോന്നുക. ഒരുപാട് നന്ദി