എന്നെപ്പോലെ
നിന്നെ പ്രണയിക്കാൻ
ആരുണ്ട്?
നിന്റെ മുറിവുകൾ
ചുംബിച്ചുണക്കുവാൻ
നിന്റെ വിഷാദവനങ്ങളിൽ
സർവ്വസുഗന്ധിയായ്
വിടരുവാൻ
അഴലകന്ന്
നിനക്കൊഴുകിയണയാൻ
അഴിമുഖമാകുവാൻ…
നിലാവസ്തമിക്കുമ്പോൾ
മിന്നാമിനുങ്ങായ്
മറുകുകൾ തിരയുവാൻ
ഉന്മാദമുറയഴിക്കുമ്പോൾ
ഉടൽപിണഞ്ഞ്
അരണി കടയുവാൻ
മുറുകും ആലിംഗനങ്ങളിൽ
പൊഴിയും ആലിപ്പഴങ്ങൾ
നുണയുവാൻ
ലജ്ജയഴിഞ്ഞു വീഴുമ്പോൾ
ഉടൽ ചുഴിയൊളിപ്പിച്ച
മാണിക്യം തിരയുവാൻ..
ഒടുവിലുപ്പ് വറ്റി
വീണ്ടെടുക്കുമ്പോൾ
ദാഹനീരാകുവാൻ
പ്രണയമന്ത്രമെഴുതി
ബന്ധിക്കുവാൻ
ഞാനല്ലാതാരിനിയുള്ളൂ…
ഇനി പറയൂ, എന്നെപ്പോലെ
നിന്നെ പ്രണയിക്കാൻ
ആരുണ്ട്?


2 Comments
മനോഹരമായ വരികൾ❤️👌🌹
👍