തനിച്ചാണെന്ന നെഞ്ചുരുക്കങ്ങളിലേക്ക് നീയുണ്ടെന്നൊരോർമ്മയുടെ തണുപ്പ്… ചൂടണയാത്ത വിരലറ്റം.. ചിരി.. ഇന്നോളം നമ്മൾ നനഞ്ഞ മഴ.. അലിഞ്ഞതിൻ ബാക്കി നിന്റെ, എന്റെയും മണം.. നീ നട്ടുവെച്ച വാക്കിൻ മുറുക്കിപ്പിടുത്തം.. കൂടെയെന്നു നിരന്തരം സാക്ഷ്യപ്പെടുത്തുന്നു എണ്ണിയാലൊടുങ്ങാത്ത ശേഷിപ്പുകൾ.. എഴുതിയിട്ടും തീരാതെ ഇനിയും.. ഇനിയുമെന്ന് പെരുകുന്നു നീയും ഞാനും..
Author: Sheeba Prasad
നീയെനിക്ക് എന്ത് നൽകിയെന്ന് ചോദിച്ചാൽ ഉത്തരമില്ല. കനപ്പെട്ടതൊന്നും നൽകിയിട്ടില്ല. ഒരുമിച്ച് പങ്കിട്ട നേരങ്ങളുടെ മധുരമില്ല. ഓർമ്മകളിൽ തുള്ളിയോളമെങ്കിലും ഞാനുണ്ടെന്ന് നീ പറഞ്ഞിട്ടില്ല. എങ്കിലും, അതങ്ങനെയാണ്. ബോധ്യപ്പെടുത്താൻ കാരണമേതുമില്ലാതെ നീയെനിക്കേറ്റവും വിലപ്പെട്ടതാകുന്നു..!
ഏറ്റവും പേടിയോടെ, എന്നിട്ടുമേറ്റവും ആഗ്രഹത്തോടെയാണ് ഞാൻ അയാളെ, കാണാനായി പുറപ്പെട്ടത്. അകലങ്ങളുടെ പതർച്ചയില്ലാതെ, വിവരിക്കാനാവാത്ത വികാരങ്ങളെ കണ്ണിൽ നിറച്ച്, ചിരിയോടെ, അതിലേറെ കൊതിയോടെ, എന്നെക്കാത്ത് നിന്നയാളിലേക്കാണ് ഞാൻ ചെന്നു ചേർന്നത്.. ആദ്യമായി, ജീവിതത്തിലാദ്യമായി കണ്ടതിന്റെ പകപ്പിൽ ഞാൻ വിയർക്കവേ, അയാളെന്റെ കൈകൾ കോർത്തു പിടിച്ചു.. കാലങ്ങളായി എന്നെ ചൂഴ്ന്ന് നിന്ന മൗനത്തിന്റെ അണമുറിച്ച് ആർത്തിയോടെ ഞങ്ങൾ മിണ്ടി.. പിന്നെയും പിന്നെയും മിണ്ടി. എന്നെ ചേർത്ത് നിർത്തി, ഭയങ്ങളുടെ വേരറുത്ത്, അയാളെന്റെ നെറുകയിൽ ചുംബിച്ചു.. ആ നേരം ഞാൻ പ്രണയത്തിന്റെ നേര് കണ്ടു.. നേര് തൊട്ടു.. എന്നെചുറ്റി ഋതുക്കളൊന്നൊന്നായ് നൃത്തം വെച്ചു. എന്നോ ഒഴുക്ക് നിലച്ച ജീവിതം പിന്നെയും നിറയുന്നതും ഒഴുകാൻ തുടങ്ങുന്നതും കണ്ണീരിലൂടെ ഞാനറിഞ്ഞു. അഭയത്തിന്റെ ചൂട് പകരുന്നൊരുവനെ, ഇനിയുമിനിയും ജീവിക്കാനുള്ള കാരണമായവനെ, ഞാനെങ്ങനെ വേണ്ടെന്നു വെക്കും?
കടുപ്പപ്പെട്ടൊരു പ്രേമത്തിൽ നിലതെറ്റി വീണിട്ടുണ്ടോ? അടിമുടി പ്രേമമണിഞ്ഞ ഒരുവനോടൊപ്പം മഴവില്ലുകളിൽ ഊഞ്ഞാലാടിയിട്ടുണ്ടോ? ഭൂമി തൊടാതെ, ഭാരമില്ലാത്ത തൂവലായ് ആകാശത്ത് പാറിയിട്ടുണ്ടോ? വെയിലിന് കുളിരെന്നും മഴയ്ക്ക് ചൂടെന്നും രാത്രിയെ പകലെന്നും വിഭ്രമിച്ചിട്ടുണ്ടോ? ആറിത്തണുത്ത, നിങ്ങളില്ലാത്ത ഹൃദയം കാൺകേ പ്രേമത്തിന്റെ ചൂളക്കളത്തിലിരുന്ന് പൊള്ളിയിട്ടുണ്ടോ? അമൃതായി നുണഞ്ഞത് പുളിച്ചു പിരിഞ്ഞിട്ടും തികട്ടാനാകാതെ തൊണ്ടയിൽ കെട്ടി നിർത്തിയിട്ടുണ്ടോ? എറിഞ്ഞു കിട്ടുന്ന എല്ലിൻ കഷ്ണത്തിന് കാക്കുന്ന നായയെപ്പോലെ ഇറ്റുസ്നേഹത്തിനായ്, ഒരു വിളിക്കായ്, കരൾ കടഞ്ഞ് കാത്തിരുന്നിട്ടുണ്ടോ? ഭ്രാന്തിനും മരണത്തിനുമിടയ്ക്കൊരു കിഴുക്കാംതൂക്കിൽ അറ്റുവീഴാൻ വെമ്പുന്ന പ്രാണനെപ്പോറ്റിയിട്ടുണ്ടോ? ഊതിയാൽ തുറക്കുന്ന മുറിവുകളുമായ് ചത്തു ജീവിച്ചിട്ടുണ്ടോ.? 💜
നിന്നെ വായിക്കുകയാണ് ഞാൻ.. താഴിട്ടതായ് എത്ര താളുകൾ.. അച്ചുകുത്തുകൾ.. അർദ്ധവിരാമങ്ങൾ,.. മാനസവ്യവഹാരങ്ങളുടെ വട്ടെഴുത്തുകൾ.. വേറിട്ടതായ്, അല്പമാത്രം തെളിഞ്ഞ വരികൾ.. കണ്ണടകൾ മാറ്റി മാറ്റി വെച്ചിട്ടും കൺകെട്ടിനാൽ വെളിപ്പെടാതെ ഉള്ളം.. ഞാൻ തോറ്റു. നിഗൂഢ ലിപികളെ കൂട്ടി വായിക്കേണ്ട ഭാഷ എനിക്ക് അജ്ഞാതമാണ്.. അടയാളങ്ങളെ ഡീകോഡ് ചെയ്യേണ്ട കല എനിക്ക് അപ്രാപ്യമാണ്.. ഉള്ളംകൈ രേഖ പോലെ അറിയാമെന്നൂറ്റം കൊണ്ട അഹങ്കാരത്തെ ഉപേക്ഷിച്ച്, ഇരുട്ടഴിച്ചിട്ടിറങ്ങട്ടെ വെളിച്ചത്തിലേക്ക്.. -💜
“ബന്ധുവീടുകളിൽ ഒക്കെ അന്വേഷിച്ചോ?” “എല്ലായിടത്തും തിരക്കി. ഒരിടത്തും ചെന്നിട്ടില്ല.” “ഡീറ്റെയിൽസ് പറയൂ.” റൈറ്റർ മധ്യവയസ്കനോട് ആവശ്യപ്പെട്ടു. “എങ്ങനെയാ പറയേണ്ടത്.” “എടോ തന്റെ ഭാര്യയല്ലേ? തനിക്കല്ലേ അവരെക്കുറിച്ച് അറിയൂ.” “ഉം..” ആത്മവിശ്വാസം തീരെയില്ലാത്തൊരു മൂളൽ മധ്യ വയസ്കൻ പകരം നൽകി. “പേര്?” “താര.” “വയസ്സ്?” “നാല്പത്തിമൂന്ന്. അല്ല നാല്പത്തിനാല്.” “താൻ ഏതെങ്കിലും ഒന്ന് ഉറപ്പിക്കെടോ.” “നാല്പത്തിനാല്..” മധ്യവയസ്കന്റെ മുഖത്ത് അസഹ്യതയുടെ നിഴലാട്ടം. “നിറം?” “വെളുപ്പല്ല.” “കറുപ്പാണോ?” “അല്ല. പുതുനിറം.” “ഉയരം?” “എന്നേക്കാൾ കുറവാണ്.” “ഓഹോ അപ്പൊ തന്നെ അളന്നു നോക്കി ഭാര്യയുടെ ഉയരം ഞാൻ ഊഹിച്ചെടുക്കണോ? ആട്ടെ തനിക്ക് എത്രയാ ഉയരം?” “170 സെന്റി മീറ്റർ ” “ഒരു 160 കാണും അല്ലെ? അങ്ങനെ എഴുതട്ടെ?” “ഓ..” “തലമുടി എങ്ങനെ?” “എന്ന് ചോദിച്ചാൽ?” “നീണ്ടതാണോ? ചുരുണ്ടതാണോ? തോളൊപ്പമാണോ? അങ്ങനെ എന്തെങ്കിലും പ്രത്യേകത ഉണ്ടോ?” “ശ്രദ്ധിച്ചിട്ടില്ല.” “ആ ബെസ്റ്റ്.. സ്വന്തം ഭാര്യയുടെ തലമുടി എങ്ങനാന്ന് കൂടി അറിയില്ലേ തനിക്ക്?” “എപ്പോഴാ കാണാതായത്?” “ഇന്ന് വൈകുന്നേരം.”…
പ്രണയിക്കുകയെന്നാൽ, കാട്ടുതീയ്ക്ക് ഇടം കൊടുത്ത മുളവീടാവുകയെന്നാണ്.. ഏതുനിമിഷവും കത്തിയെരിയാൻ തയ്യാറായിരിക്കണം..
കിനാവിൽ വന്ന് നീ എന്റെയേത് ഞരമ്പിലാണ് ചുംബിച്ചത്..? ജ്വരബാധ പോലൊരു ചൂടെന്നെ അടിമുടി പൊതിയുന്നല്ലോ..! 💜
സ്നേഹത്തിൻ ഖജാന സൂക്ഷിപ്പുകാരാ, നീയല്ലാതാരെൻ പച്ച മുറിവുകളുടെ നെറ്റിയിലുമ്മ വെക്കുവാൻ.. പെരും സങ്കടങ്ങളുടെ പൊഴി മുറിക്കുവാൻ… പുനർജനിയുടെ തമ്പുരാനെ, നീയല്ലാതാരെന്നിൽ അഭയത്തിൻ അഴിമുഖമാകുവാൻ.. പ്രണയത്തിൻ മധുരസമുദ്രമാകുവാൻ…!
വിഷാദച്ചവർപ്പ് നുണഞ്ഞ കാലങ്ങളിൽ സ്നേഹമെന്നു നീ മുറുകെപ്പിടിക്കവേ, കോരി നിറയ്ക്കുന്നൂ കുമ്പിളാൽ നിന്നെ ഞാൻ, വിരഹ വേനലിൽ മുക്കി കുടിക്കുവാൻ…
