കടുപ്പപ്പെട്ടൊരു പ്രേമത്തിൽ
നിലതെറ്റി വീണിട്ടുണ്ടോ?
അടിമുടി
പ്രേമമണിഞ്ഞ
ഒരുവനോടൊപ്പം
മഴവില്ലുകളിൽ
ഊഞ്ഞാലാടിയിട്ടുണ്ടോ?
ഭൂമി തൊടാതെ,
ഭാരമില്ലാത്ത തൂവലായ്
ആകാശത്ത്
പാറിയിട്ടുണ്ടോ?
വെയിലിന് കുളിരെന്നും
മഴയ്ക്ക് ചൂടെന്നും
രാത്രിയെ പകലെന്നും
വിഭ്രമിച്ചിട്ടുണ്ടോ?
ആറിത്തണുത്ത,
നിങ്ങളില്ലാത്ത
ഹൃദയം കാൺകേ
പ്രേമത്തിന്റെ
ചൂളക്കളത്തിലിരുന്ന്
പൊള്ളിയിട്ടുണ്ടോ?
അമൃതായി നുണഞ്ഞത്
പുളിച്ചു പിരിഞ്ഞിട്ടും
തികട്ടാനാകാതെ
തൊണ്ടയിൽ
കെട്ടി നിർത്തിയിട്ടുണ്ടോ?
എറിഞ്ഞു കിട്ടുന്ന
എല്ലിൻ കഷ്ണത്തിന്
കാക്കുന്ന നായയെപ്പോലെ
ഇറ്റുസ്നേഹത്തിനായ്,
ഒരു വിളിക്കായ്,
കരൾ കടഞ്ഞ്
കാത്തിരുന്നിട്ടുണ്ടോ?
ഭ്രാന്തിനും
മരണത്തിനുമിടയ്ക്കൊരു
കിഴുക്കാംതൂക്കിൽ
അറ്റുവീഴാൻ വെമ്പുന്ന
പ്രാണനെപ്പോറ്റിയിട്ടുണ്ടോ?
ഊതിയാൽ തുറക്കുന്ന
മുറിവുകളുമായ്
ചത്തു ജീവിച്ചിട്ടുണ്ടോ.?
💜
