ജനലിൽ കൂടി ഒളിഞ്ഞു നോക്കിയപ്പോൾ ഗേറ്റിലിരിക്കുന്ന കടും നീല ചിറകുകളും ഇളം മഞ്ഞ / അല്ലെങ്കിൽ ഓറഞ്ചു നിറത്തിലുള്ള അടിഭാഗവും ചുവന്ന കൊക്കുമായിട്ടുള്ള ആ പക്ഷി —– ഹോ ! എന്തൊരു ഭംഗി! സാധാരണയായി ഇത്തരം പക്ഷികളെ ഇവിടെ കണ്ടിട്ടേയില്ല.
പൊതുവെ ചെടികളോട് ഇഷ്ടമുള്ള എൻ്റെ വീട്ടിൽ എവിടെ നോക്കിയാലും ചെടികളാണ്. ഇതു പോലെ പച്ചപ്പ് ഉള്ളതു കൊണ്ടല്ലേ , ഇത്തരം പക്ഷികൾ വരുന്നത് എന്ന അഹങ്കാരത്തോടെ,
” നീലപ്പൊന്മാനേ എൻ്റെ നീലപ്പൊന്മാനേ
വെള്ളി വെയിലു നെയ്ത പുടവ വേണോ ”
എൻ്റെയൊരു സന്തോഷത്തിന് സംഗതികളും ശ്രുതിയും ധാരാളമായി ചേർക്കാനും മടിച്ചില്ല.
‘അയ്യോ!’ ട്യൂബ് ലൈറ്റ് പോലെ കുറച്ചു താമസിച്ചാണെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി ഓടി ഫിഷ് ടാങ്കിൻ്റെ അടുത്ത് എത്തിയപ്പോഴേക്കും രണ്ടു ദിവസം മുൻപ് വാങ്ങിച്ച 6 ഗോൾഡൻ ഫിഷുകളിൽ രണ്ടു പേർ മാത്രം. ബാക്കി നാലുപേരും കിളിയുടെ വയറിനകത്തായി കഴിഞ്ഞിരിക്കുന്നു.
നല്ല കാഴ്ച ശക്തിയുള്ള ഈ പക്ഷികൾക്ക് ജലോപരിതലത്തിൽ പ്രകാശത്തിൻറെ പ്രതിഫലനം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടിനെ മറികടക്കാനുള്ള കഴിവ് ഉണ്ടത്രേ! ജലത്തിൽ പ്രകാശത്തിന് സംഭവിക്കുന്ന വ്യത്യാസം കണക്കിലെടുത്ത് ഇരയുടെ സ്ഥാനം കൃത്യമായി തീരുമാനിക്കാൻ ഈ പക്ഷികൾക്ക് കഴിയും.
സാധാരണയായി ജലാശയങ്ങളുടെ ഓരത്തുള്ള മരക്കൊമ്പുകളിലും മറ്റുമായി കാത്തിരിക്കുന്ന ഈ പക്ഷി വെള്ളത്തിലെ ഇരകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇരയെ ശ്രദ്ധിച്ചിരുന്ന ശേഷം അവസരം ഒത്തുവന്നാൽ ഇവ അതിവേഗം വെള്ളത്തിലേക്ക് ഊളിയിട്ട് അതിനെ കൊക്കിലാക്കുന്നു. സാധാരണയായി 25 സെന്റിമീറ്റർ വരെ ആഴത്തിൽ ഉള്ള ഇരകളെ ഇവ ഊളിയിട്ട് പിടിക്കാറുണ്ട്. കണ്ണിനുള്ളിൽ കാണപ്പെടുന്ന ഒരു പ്രത്യേക സ്തരം ഊളിയിടുമ്പോഴും തുറന്നിരിക്കുന്ന കണ്ണുകളെ സംരക്ഷിക്കുന്നു. ഇരയെ കൊക്കിലാക്കിയ ശേഷം ചിറകുകൾ ഉപയോഗിച്ച് ശക്തിയായി തുഴഞ്ഞ് വെള്ളത്തിൽ നിന്ന് പുറത്ത് കടന്ന് തിരികെ കൊമ്പിലേക്ക് വന്നിരിക്കുന്നു.
അല്പം വലിയ മീനാണെങ്കിൽ മീനിനെ വാലിൽ കടിച്ച്, ഇരിക്കുന്ന കൊമ്പിലേക്ക് അടിച്ച് കൊന്നശേഷം തല ഭാഗം ആദ്യം എന്ന രീതിയിൽ വിഴുങ്ങുന്നു. ഇങ്ങനെ ചെയ്യുന്നത് മുള്ളുകളുള്ള മീനുകളെ എളുപ്പം വിഴുങ്ങാൻ സഹായിക്കുന്നു. വിഴുങ്ങിയ ശേഷം ദഹിക്കാത്ത എല്ല് പോലുള്ള ഭാഗങ്ങൾ ഇവ തികട്ടി തുപ്പി കളയുന്നതും കാണാം.
പേര് സൂചിപ്പികുന്നത് പോലെ വെറും മീൻതീനികളല്ല ഈ പക്ഷികൾ. യഥാർത്ഥത്തിൽ ഇവയുടെ പ്രധാനഭക്ഷണം പ്രാണികളും ചിലന്തികളും തവളകളും ചിലപ്പോൾ പല്ലികളുമാണ്. ഒപ്പം ചെറിയ മീനുകളെയും ഞണ്ടുകളെയും ഭക്ഷിക്കുന്നു.
ഇംഗ്ലീഷിൽ European Kingfisher, Eurasian Kingfisher, River Kingfisher എന്നിങ്ങനെ വിളിക്കാറുണ്ട്.
ഗ്രീക്ക് ഇതിഹാസത്തിൽ കാറ്റിനെയും തിരകളെയും നിയന്ത്രിക്കാൻ കഴിവുള്ള അത്ഭുതപക്ഷികൾ ആയാണ് ഇവയെ കരുതിയിരിക്കുന്നത്. ഇവരുടെ പല ഉപവിഭാഗങ്ങൾക്കും വലിപ്പത്തിലും നിറത്തിലും ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്.
നവംബർ മുതൽ ജൂൺ വരെയാണ് ചെറിയ മീൻകൊത്തിയുടെ പ്രജനനകാലം. അത് വരെ ഒറ്റയ്ക്ക് തൻറെ അധീനമേഖലയിൽ ജീവിക്കുന്ന ഈ പക്ഷി പ്രജനനകാലം ആകുന്നതോടെ ഇണയെ സ്വീകരിക്കുന്നു എങ്കിലും ഇരു പക്ഷികളും അടുത്തടുത്തതായി സ്വന്തം അധീനമേഖലകൾ തെരഞ്ഞെടുക്കുന്നു.
ആൺപക്ഷിയാണ് പ്രണയാഭ്യർത്ഥനയുമായി പെൺപക്ഷിയെ പിന്തുടരുകയും തുടർച്ചയായി ഉറക്കെ വിളിക്കുകയും ചെയ്യുന്നത്. ഇതിൻറെ ഭാഗമായി ആൺപക്ഷി പെൺപക്ഷിക്ക് ഭക്ഷണമായി മീനുകളെ കൊണ്ടുകൊടുക്കയും ചെയ്യും. ഓരോ പ്രജനനകാലത്തും ഒരു പുതിയ ഇണയെ സ്വീകരിക്കുന്നതാണ് പതിവ്.
സാധാരണയായി ജലാശയങ്ങൾക്കടുത്ത് മൺതിട്ടകളിലാണ്, ആൺകിളിയും പെൺകിളിയും ഒരുമിച്ച് മണ്ണിൽ കുഴിച്ചു കൂടുണ്ടാക്കുന്നത്. മാളത്തിന് 60 മുതൽ 90 സെമീ വരെ നീളം കാണും. മാളം അവസാനിക്കുന്നത് ഒരു അറയിലാണ്.
ഒരു പ്രജനനകാലത്ത് ഒന്നിലധികം തവണ കുഞ്ഞുങ്ങളെ വിരിയിക്കാറുണ്ട്. ഒരു തവണ സാധാരണയായി 6 മുതൽ 7 വരെ മുട്ടകൾ ഇടാറുണ്ട്. പകൽ നേരം ആൺകിളിയും പെൺകിളിയും അടയിരിക്കുമെങ്കിലും രാത്രി പെൺകിളിയാണ് ഇത് ചെയ്യുന്നത്. 19 മുതൽ 20 ദിവസം കൊണ്ട് മുട്ടകൾ വിരിയുന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ 24 ദിവസങ്ങൾ വരെ കൂട്ടിനുള്ളിൽ കഴിയും. പരമാവധി 27 ദിവസങ്ങൾ കൊണ്ട് പറക്കാൻ തുടങ്ങും. പറക്കലിൻറെ ആദ്യകാലഘട്ടം ഇവയെ സംബന്ധിച്ചിടത്തോളം വളരെ അപകടം നിറഞ്ഞതാണ്. കൂട് വിട്ട് നാല് ദിവസം കഴിയുമ്പോൾ തന്നെ വെള്ളത്തിൽ ഊളിയിട്ട് മീൻ പിടിക്കാൻ ശ്രമിക്കും. പല കുഞ്ഞുങ്ങളും ഈ ശ്രമത്തിൽ കൊല്ലപ്പെടാറുണ്ട്.
വളരെ കുറച്ചു പക്ഷികൾ മാത്രമേ ഒന്നിലധികം പ്രജനനകാലത്തേക്ക് ജീവിക്കാറുള്ളൂ. ഇവരുടെ ശരാശരി ആയുസ് 7 വർഷം ആണ്.
ലോകത്താകമാനം ഏകദേശം 90-റോളം പൊൻമാനുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 12 എണ്ണത്തിനെ മാത്രമാണ് ഇന്ത്യയിൽ കാണാൻ കഴിയുക.
സാധാരണയായി പക്ഷികൾക്ക്
നിലംവിട്ടാൽ വിമാനങ്ങളെപ്പോലെ മുന്നോട്ടു പോയിക്കൊണ്ടേ ഇരിക്കണം. എന്നാൽ ഇവർക്ക് ഹെലികോപ്ടർ പോലെ ഒരേ സ്ഥലത്തുതന്നെ പറന്നു കൊണ്ട് നിൽക്കവാനുള്ള കഴിവും ഉണ്ട്.
അവരുടെ മിന്നുന്ന വർണ്ണവും നോക്കും പോക്കും … : .
പൊൻമാനുകൾ ( Kingfisher) എന്നും പക്ഷിനിരീക്ഷകരുടേയും ഫോട്ടോഗ്രാഫേഴ്സിന്റെയും പൊന്നോമനകളാണ് എന്റെയും. പക്ഷെ കാര്യമറിഞ്ഞപ്പോൾ എനിക്ക് കാലുമാറേണ്ടി വന്നുവെന്നു മാത്രം!
എഴുതിയത് റിറ്റ
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ


4 Comments
👍👌❤️
Thanks ❤️
ഇത്രേം കാര്യങ്ങൾ എങ്ങനെ മനസിലാക്കി 😍😍👍👍
Thanks ❤️ ഗൂഗിളേ ശരണം ❤️