കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഒരു വായനാ ഗ്രൂപ്പിൽ ആണ് അനിത ശ്രീജിത്തിന്റെ ‘പെൺസുന്നത്ത്’ എന്ന ഈ പുസ്തകത്തിന്റെ ഒരു ആസ്വാദനം വായിക്കുന്നത്. പേരും, അതിന്റെ ഉള്ളടക്കവും കണ്ടപ്പോൾ interesting ആയി തോന്നി. അന്നേ വരെ അങ്ങനെ ഒരു എഴുത്തുകാരിയെക്കുറിച്ചോ, ഇങ്ങനെ ഒരു പുസ്തകത്തെക്കുറിച്ചോ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. സോഷ്യൽ മീഡിയയിൽ പോലും ഈ പുസ്തകത്തേപ്പറ്റി വേറെ ആരും എഴുതിയും പറഞ്ഞും കണ്ടിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ഇന്നീ കുറിപ്പ് എഴുതുന്നത്. എല്ലാവരാലും വായിക്കപ്പെടേണ്ടേതും ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു പുസ്തകമാണ് ‘പെൺസുന്നത്ത്’’.
എന്നെ സംബന്ധിച്ച്, കഥാ വായന എന്നാൽ നമ്മൾ കാണാത്ത നമുക്കറിയാത്ത ഒരു ലോകത്തേക്കുള്ള ഒരു യാത്ര കൂടെയാണ്. എവിടെയൊക്കെയോ നാമറിയാതെ കിടക്കുന്ന ഇരുണ്ട ജീവിതങ്ങളിലേക്ക്, നമുക്ക് മുന്നിൽ തുറക്കുന്ന വാതിൽ ആവണം ഒരു നല്ല കഥ. അങ്ങനെ ഒരു വായനാനുഭവമാണ് അനിത ശ്രീജിത്തിന്റെ മനോഹരമായ ആഖ്യാനത്തിലൂടെ പെൺസുന്നത്ത് എനിക്ക് നൽകിയത്.
FGM (Female Genital Mutilation) എന്ന പൈശാചികവും ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ ദുരാചാരത്തിന്റെ നിർബന്ധിത അടിമകളായി തീരുന്ന പെണ്കുട്ടികൾ. ഗോത്രത്തിലെ പുരുഷന്മാരുടെ സുഖത്തിന് വേണ്ടി മാത്രം, അവരുടെ ഉത്തരവ് നടപ്പാക്കാൻ സ്വന്തം പെണ്മക്കളെ കുരുതി കൊടുക്കാൻ നിര്ബന്ധിതരാവുന്ന അമ്മമാർ.
ഈ ദുരാചാരം ഒക്കെ ഇന്നും ഉണ്ടോ എന്ന് ചോദിച്ച് തള്ളിക്കളയാൻ വരട്ടെ! ഈ അടുത്ത ദിവസങ്ങളിൽ ആണ് മിസ് വേൾഡ് മത്സരത്തിനിടയിൽ, മിസ് സൊമാലിയ സൈനബ് ജമ, വെറും ആറു വയസ്സിൽ ആ പെണ്കുട്ടിക്ക് കടന്നു പോകേണ്ടി വന്ന ദുരിതം മുഴുവൻ പൊട്ടിക്കരഞ്ഞുകൊണ്ട് തുറന്നു പറഞ്ഞത്. കണ്ണ് നിറയാതെ, മനസ്സ് വിങ്ങാതെ ഒരാൾക്കും ആ പെണ്കുട്ടിയെ കേൾക്കാൻ സാധിക്കില്ല. ഇങ്ങനെ നൂറുകണക്കിന്, ആയിരക്കണക്കിന്, പതിനായിരക്കണക്കിന് പെണ്കുഞ്ഞുങ്ങളാണ് ജീവിതം തുടങ്ങും മുൻപേ മരണവേദന അനുഭവിച്ച് ജീവിക്കുന്നത്. ഇതങ്ങ് ആഫ്രിക്കയിലെ ഗോത്രങ്ങളിൽ മാത്രമുള്ള ആചാരമല്ലേ എന്ന് കൈമലർത്താൻ വരട്ടെ! നമ്മുടെ ഇന്ത്യയിലും, എന്തിനേറെ നമ്മുടെ കോഴിക്കോടുള്ള ഒരു വിഭാഗം മുസ്‌ലിംകളിലും വരെ ഒളിഞ്ഞും തെളിഞ്ഞും ഈ ദുരാചാരം ഇന്നും നിലനിൽക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്!
ആഫ്രിക്കയിലെ ഏതോ ഒരു നാട്ടിൽ ഒരു കലാപത്തിനിടയിൽ എത്തിച്ചേരുന്ന താരയുടെ പിന്നീടുളള ഭീകരത നിറഞ്ഞ ജീവിതമാണ് ഈ നോവലിലൂടെ നമ്മളെ മുന്നോട്ട് നടത്തുന്നത്. അവിടെയുള്ള ഒരു ഗോത്രഗ്രാമത്തിൽ എത്തിപ്പെടുന്ന താര അതിജീവിക്കേണ്ടി വരുന്ന ക്രൂരത നിറഞ്ഞ ജീവിതവും, താരയോട് അടുക്കുന്ന ആകേയോ എന്ന ബാലികയും ആണ് ഈ കഥയുടെ നട്ടെല്ല്. ഉദ്വേഗഭരിതമായ, ഞെട്ടിത്തരിപ്പിക്കുന്ന ആഖ്യാനമാണ് ഈ നോവലിൽ ഉടനീളം ഉള്ളത്.
എഴുത്തുകാരി പറയും പോലെ, ‘ഒരു പുഴ ഒഴുകാതാകും പോലെ, ഒരു ചെടി വളരാതാകും പോലെ, ഒരു പക്ഷി പറക്കാതാകും പോലെ’ മാത്രം നിലച്ചു പോകുന്ന മനുഷ്യന്റെ മരണത്തോളം വലിയ സത്യം വേറെന്തുണ്ട്! അതിനിടയിൽ എന്തിനാണ് ദുഷ്ടരായ മനുഷ്യർ മതാന്ധതയും, അനാചാരങ്ങളും ക്രൂരമായി അടിച്ചേല്പിച്ച് സ്ത്രീ ജീവിതങ്ങൾക്ക് ഇത്രത്തോളം വേദന സൃഷ്ടിക്കുന്നത്!
നിമ.


4 Comments
ഹോ വല്ലാത്ത ആചാരങ്ങൾ
Pingback: സ്ത്രീ പരിച്ഛേദനം - By Silvy Michael - കൂട്ടക്ഷരങ്ങൾ
പുതിയൊരു അറിവ്. വിശദമായി എഴുതി.
നിമ,
പുസ്തകം വായിക്കാൻ സാധിച്ചിട്ടില്ല. ഈ സമ്പ്രദായത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. സുന്നത്ത് എന്ന സമ്പ്രദായമേ ആഫ്രിക്കൻ ഗോത്രങ്ങൾക്കിടയിൽ നിന്നും വന്നതാണ്. സർവ്വ ശക്തനാണ് ദൈവം എന്ന് വിശ്വസിക്കുന്ന മുസ്ലീങ്ങൾ അള്ളാഹു സൃഷ്ടിച്ചതിനെ തിരുത്തുന്ന പ്രവൃത്തി ചെയ്യുന്നു എന്നത് വിരോധാഭാസമാണ് ( മുടി, നഖം എല്ലാം വെട്ടിയാൽ വീണ്ടും വരും ഇത് അത്പോലെയല്ലല്ലോ.
വിശ്വാസത്തിൻെറ പേരിൽ ഇത്തരം കാട്ടിക്കൂട്ടലുകൾ ഒരുപാട് ചെയ്യുന്നുണ്ട്. എല്ലാ മതങ്ങളിലും ഏറിയും കുറഞ്ഞുമുണ്ട്. (സുന്നത്ത്, കുത്തിയോട്ടം, കുരിശിൽ തറയ്ക്കൽ, ശൂലം തറയ്ക്കൽ ഇങ്ങനെ ഒരുപാടുണ്ട്) മുതിർന്നവർ എന്തോ കാട്ടിക്കൂട്ടട്ടെ പക്ഷെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ കുട്ടികളോട് നിർവന്ധപൂർവ്വം ഇത്തരം നീചകൃത്യം ചെയ്യുന്നത് തടയേണ്ടതാണ്. കുട്ടികളെ മാത്രമല്ല ആരെയായാലും നിർബന്ധപൂർവ്വം ഒന്നും അടിച്ചേൽപ്പിക്കരുത് എന്നാണ് അഭിപ്രായം. പക്ഷെ നമ്മുടെ ഭരണാധികാരികളും നിയമവും ഇപ്പോഴും വിശ്വാസത്തിൻെറ മുന്നിൽ കണ്ണടച്ചിരിക്കുകയാണ് എന്നതാണ് സത്യം.
(എന്നെ ഓർമ്മയുണ്ടോ- സാജൻെറ സുഹൃത്താണ്.)