ചതുപ്പ്
*******
ഇടവപ്പാതി മഴയിൽ
തോട്ടിറമ്പിനപ്പുറം
ഒരു ചതുപ്പ്
രാത്രി മുഴുവൻ
പാടിക്കൊണ്ടിരുന്നു..
അത് വെറും
തവളപ്പാട്ടല്ല..
ചതുപ്പിന്റെ വിലാപം…
കടലായില്ല
കരയുമായില്ല..
മണ്ണല്ല
വെള്ളവുമല്ല
രണ്ടുമല്ലാത്ത
എന്നാൽ
രണ്ടും ചേർന്ന
ഒന്ന്..
തന്നിലേക്ക്
പതിക്കുന്നതിനെയെല്ലാം
വിഴുങ്ങുന്ന
ഒരു തമോദ്വാരം..
വെള്ളത്തെ
ആവാഹിച്ച മണ്ണ്..
മണ്ണിനെ
പുതഞ്ഞ വെള്ളം.
ആണുടലിൽ
പെണ്ണിനെയും
പെണ്ണുടലിൽ
ആണിനെയും
ഒളിപ്പിച്ച
മൂന്നാം ലിംഗം
ചതുപ്പ്..
പുറമ്പോക്കുകളിൽ
അവഗണിക്കപ്പെടുന്നത്..
സർവേകളിൽ
പുറത്താക്കപ്പെടുന്നത്..
ഇടവപ്പാതി രാത്രികളിൽ
ചതുപ്പ് നിർത്താതെ
കരഞ്ഞു കൊണ്ടിരുന്നു..
ലിംഗനീതിയുടെ
തുലാസിൽ
നിന്നും
പുറത്തേക്ക്
തെറിച്ചു
പോയ
ഒരു വിലാപം..
സജില വികാസ്
