അച്ഛൻ അവസാന ശ്വാസം എടുത്തതിന് ശേഷമാണ് ഞാൻ എന്നന്നേക്കുമായി കുടി നിർത്താൻ തീരുമാനിച്ചത്.
അച്ഛനെപ്പോഴും പറയുമായിരുന്നു, ജീവിതം മാറിമറിയാൻ ഒരൊറ്റ നിമിഷം മതിയെന്ന്.
സുഹൃത്തിൻറെ ഇരുപതാം പിറന്നാളാഘോഷത്തിന് കുടിക്കാൻ തീരുമാനിച്ചതോട് കൂടിയാണ് അച്ഛൻറെ ജീവിതം എന്നന്നേക്കുമായി മാറിയതെന്ന്.
മരിച്ച് കിടക്കുമ്പോഴും അച്ഛനെ കള്ളിന്റെ മണമായിരുന്നു.
ആദ്യ അറ്റാക്ക് വന്ന് ഡോക്ടറുടെ അടുത്ത് പോയി വരുമ്പോൾ പറഞ്ഞിരുന്നു.
“അന്നൊക്കെ ഇവൻ രാവും പകലുമെന്നില്ലാതെ എൻ്റെ അടുത്തേക്ക് വരും സംശയങ്ങൾ ചോദിച്ച്, പരീക്ഷ തലേന്ന് വരെ ഞാൻ എനിക്ക് പഠിക്കാനുള്ളത് മാറ്റിവെച്ച് അവനെ പഠിപ്പിക്കും. ജീവിതത്തിൻ്റെ ഓരോ മായകൾ.
ജീവിതമെന്നത് സാഹചര്യങ്ങൾക്ക് നമ്മൾ കൊടുക്കുന്ന ഉത്തരം മാത്രമാണ്. കുറച്ച് നാൾ മുൻപ് അവൻ്റെ ക്ളിനിക്കിലെ ഫാൻ നന്നാക്കാൻ പോയപ്പോൾ ഭിത്തിയിൽ കോളേജ് ഫോട്ടോസ്. അതിൽ ഞാൻ ചിരിക്കുന്ന പോലെ പിന്നെ ചിരിച്ചിട്ടില്ല. അവൻ്റെ ഡോക്ടർ മോൻ്റെ മുറിയും കണ്ടു. അവനെ കണ്ട് പഠിച്ച് മോനും ഡോക്ടറായി.”
മരിക്കണേന് തൊട്ട് മുൻപ് പറഞ്ഞു.
“ഈയിടെ നിൻ്റെ കുടി കുറച്ച് കൂടിയിട്ടുണ്ടെന്ന് എനിക്കറിയാം.
ഉമയോട് ചോദിച്ചു.
അച്ഛൻ്റെ മുന്നിൽ നാണം കെടുത്തേണ്ടാ കരുതി ഇവള് മാരൊന്നും സത്യം പറയില്ല.
മരിച്ച് കിടക്കുമ്പോൾ നീ അമ്മയുടെ കണ്ണ് കണ്ടിരുന്നോ?
ഉള്ളിലേക്ക് പോയി, വറ്റി വരണ്ട്.
എനിക്ക് വേണ്ടി കണ്ണീര് ഒഴുക്കി ഒഴുക്കി തീർന്നതാ അവള്.
അവളുടെ കണ്ണീരിന് പോലും ഞാൻ കുടിച്ച കള്ളിൻ്റെ മണമായിരുന്നു.
എന്നിട്ടും ചാവണേന് മുന്നെ ചേർത്ത് പിടിച്ച് നെറ്റിയിലൊരുമ്മ തന്നു.
ഒരുപക്ഷെ ഞാൻ മരിക്കുമ്പോൾ എൻ്റെ ആത്മാവിന് മോക്ഷം കിട്ടാനാകും.
ടാ മോനേ അതോണ്ട് പറയാ പെണ്ണിൻ്റെ കണ്ണീര് വീഴ്ത്തിയുള്ള കുടി വേണ്ട.
നിനക്കറിയോ, മകൻ എന്നെ പോലെ ആവരുതേ എന്ന് എന്നും എപ്പോഴും പ്രാർത്ഥിക്കുന്ന അച്ഛൻമാരും ഉണ്ട്. അങ്ങിനെ പ്രാർത്ഥിച്ചോണ്ട് മാത്രമായിരിക്കാം ഇന്ന് ചാരുകസേരയെങ്കിലും കിട്ടിയത്.
കേട്ടോടാ കുടിയൻ്റെ മോനേ”
Vineeth Valsala Vijayan


5 Comments
👌👏
❤
👍👍
❤️💯👌👍🙏
👍
❤️👌🌹